ങ്ങും നിറയുന്ന നക്ഷത്രവിളക്കുകളും വര്‍ണക്കടലാസ്സുകളും, സമ്മാനപ്പൊതികളുമായി കുട്ടികളെ തേടിയെത്തുന്ന സാന്താക്ലോസ് അപ്പൂപ്പന്‍, പ്രിയപ്പെട്ടവര്‍ നല്കുന്ന ആശംസാകാര്‍ഡുകള്‍, എത്ര കേട്ടാലും മതിവരാത്ത കരോള്‍ ഗാനങ്ങള്‍......കുഞ്ഞു ജേക്കബ്ബിന് ഏറ്റവും ഇഷ്ടം ക്രിസ്മസ് കാലമാണ്. ഒരുപാട് പ്രതീക്ഷകളോടെ ഇക്കുറിയും അവന്‍ കാത്തിരിക്കുകയാണ്, ഡിസംബറാവുന്നതും ക്രിസ്മസെത്തുന്നതും കാണാന്‍. പക്ഷേ, ആ കാത്തിരിപ്പ് വെറുതെയാണെന്ന് അവനറിയില്ല. ലോകമെങ്ങും ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ക്രിസ്മസ് രാവില്‍ കുഞ്ഞുജേക്കബ് ഈ ഭൂമിയിലുണ്ടാവില്ല!

ജേക്കബ് തോംസണ്‍ എന്ന വയസ്സുകാരന്‍ ഇന്ന് പോര്‍ട്‌ലന്‍ഡിലെ ബാര്‍ബറാ ബുഷ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലാണ്. ജീവിതത്തിലെ അവസാന നാളുകളിലാണ് താനുള്ളതെന്ന് അവനിപ്പോഴും അറിയില്ല. ന്യൂറോബ്ലാസ്‌റ്റോമ എന്ന അര്‍ബുദരോഗമാണ് ജേക്കബ്ബിന്. അവന്റെ നാലാമത്തെ വയസ്സിലാണ് രോഗം തിരിച്ചറിഞ്ഞത്. അന്ന് മുതല്‍ തുടങ്ങിയ ചികിത്സ പക്ഷേ ഫലം കണ്ടില്ല. ഭേദപ്പെടുത്താനാവാത്ത രോഗം അവന്റെ കുഞ്ഞുശരീരത്തെ അത്രയധികം കാര്‍ന്നുതീന്നുകഴിഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ 11ന് മകനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുമ്പോഴേക്കും മാതാപിതാക്കളായ മിഷേല്‍ സിമാര്‍ഡിനും റോജര്‍ ഗ്വേയ്കിനും മനസ്സിലായിരുന്നു ജേക്കബിന് വീട്ടിലേക്ക് ഇനിയൊരു മടക്കം അസാധ്യമാണെന്ന്. ബാക്കിയുള്ള കുറച്ചുദിവസങ്ങള്‍ ജേക്കബ്ബിനെ സന്തോഷിപ്പിക്കാന്‍ മാത്രമുള്ളതാവണമെന്ന് അവര്‍ തീരുമാനിച്ചു. മരണസമയം വരെയും അവനെ സന്തോഷവാനാക്കാനുള്ള പരിശ്രമങ്ങളിലാണ് അവരിപ്പോള്‍.

ഒരുമാസം കൂടിയാണ് ഡോക്ടര്‍മാര്‍ ജേക്കബിന്റെ ജീവന് നല്കുന്ന ഉറപ്പ്. അക്കാലമത്രയും ആശുപത്രിക്കിടക്കയിലുള്ള ജേക്കബ്ബിനെ എങ്ങനെ സന്തോഷിപ്പിക്കണമെന്ന കാര്യത്തില്‍ അമ്മ മിഷേലിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അവനേറ്റവും പ്രിയപ്പെട്ട ക്രിസ്മസ് നേരത്തെ കൊണ്ടുവരിക എന്നതല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന് മിഷേല്‍ തീരുമാനിച്ചു. സുഹൃത്തുക്കളുടെയും കാംക്ഷികളുടെയും സഹായത്തോടെ ജേക്കബ്ബിനായി ക്രിസ്മസ് നേരത്തെ ആഘോഷിക്കാനൊരുങ്ങുകയാണ് മിഷേലും റോജറും. 

ലോകത്തെവിടെയുമുള്ള സുമനസ്സുകള്‍ക്ക് ജേക്കബ്ബിന്റെ ചുണ്ടില്‍ പുഞ്ചിരി വിരിയിക്കാനാവുമെന്ന് മിഷേല്‍ പറയുന്നു. തങ്ങളുടെ മകന് ഒരു ക്രിസ്മസ് ആശംസാ കാര്‍ഡ് അയയ്ക്കാന്‍ മാത്രമാണ് ഈ അമ്മ ആവശ്യപ്പെടുന്നത്. ജേക്കബ്ബിനായി നിര്‍മ്മിക്കുന്ന ആശംസാകാര്‍ഡുകളില്‍ നല്ല മനസ്സുകളുടെ പ്രാര്‍ഥനയും സ്‌നേഹവുമുണ്ടാവുമെന്ന് മിഷേലിന് ഉറപ്പുണ്ട്. ജേക്കബ്ബിന്റെ ആശുപത്രിമുറി ക്രിസ്മസ് ട്രീയും ലൈറ്റുകളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. കരോള്‍ ഗാനങ്ങളാല്‍ നിറയുകയാണ് ഇവിടം. ജേക്കബ്ബിന് വേണ്ടി പാട്ട്പാടി ആര്‍ക്കും അത് ആശുപത്രിയുടെ ഫെയ്‌സ്ബുക്ക് പേജിലേക്ക് ഷെയര്‍ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

ആശംസാകാര്‍ഡുകളും സമ്മാനപ്പൊതികളും കയ്യിലെത്തുമ്പോള്‍ ജേക്കബ്ബിന്റെ മുഖത്തുവിരിയുന്ന പുഞ്ചിരിയാണ് അവന്റെ അച്ഛന്റെയും അമ്മയുടെയും ഏക സന്തോഷം. ആ ചിരിക്ക് ഇനിയെത്ര ദിവസത്തെ ആയുസ്സുണ്ടെന്ന് അവര്‍ക്കറിയില്ല. പക്ഷേ, ഏറ്റവും പ്രിയപ്പെട്ട ഒരു ക്രിസ്മസ് അവനായി ഒരുക്കാന്‍ ലോകമൊന്നിച്ചുനില്‍ക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. 

Jacob Thompson
C/O Maine Medical Center
22 Bramhall St.
Portland, ME 04102
എന്ന മേല്‍വിലാസത്തില്‍ ജേക്കബ്ബുണ്ട്. അവനെ സന്തോഷിപ്പിക്കുന്ന ആ ആശംസാകാര്‍ഡുകളിലൊന്ന് നിങ്ങളുടേതാവട്ടെ.......!

Content Highlights: Cancer, Neuroblastoma, Christmas, Christmas Card, Christmas Friend, Christmas Gift

 

content highlights: Jacob Thompson, Cancer,Barbara Bush Hospital,Christmas Cards