വ്യക്തിപരമായ കാര്യങ്ങള്‍ തൊഴിലുമായി കൂട്ടിക്കലര്‍ത്തരുതെന്ന് നമുക്കറിയാം. തൊഴിലിടത്തില്‍ നിങ്ങളെന്ന വ്യക്തിയേക്കാള്‍ നിങ്ങളെന്ന തൊഴിലാളിക്കാണ് പ്രാധാന്യം. അതുകൊണ്ടുതന്നെ ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രം സഹപ്രവര്‍ത്തകരുമായി പങ്കുവെക്കുന്നതാണ് ഉചിതം. അതെന്തായിരിക്കണമെന്നുള്ളത് നിങ്ങള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ നിങ്ങള്‍ ഒട്ടും പറയേണ്ടാത്ത ചില കാര്യങ്ങളുണ്ട് 

ശമ്പളം
ശമ്പളം എത്രയുണ്ടെന്ന് സഹപ്രവര്‍ത്തകരുമായി ഒരിക്കലും പങ്കുവെക്കരുത്. സഹപ്രവര്‍ത്തകരേക്കാള്‍ കൂടുതലാണെങ്കില്‍ അത് അനാരോഗ്യകരമായ മത്സരത്തിലേക്കും അതല്ലെങ്കില്‍ നിങ്ങളെ വിലകുറച്ച് കാണാനും ഇടയാക്കും. 

സഹപ്രവര്‍ത്തകരോടുള്ള വിദ്വേഷം

ഓഫീസില്‍ അണിയാന്‍ പറ്റിയ ഏറ്റവും നല്ല മുഖംമൂടിയാണ് നയകുശലത. എല്ലാവരോടും മര്യാദയോടെ പെരുമാറുക, ഈര്‍ഷ്യ തോന്നുന്ന കാര്യങ്ങള്‍ സംഭവിച്ചാലും അത് പ്രകടപ്പിക്കാതിരിക്കുന്നതായിരിക്കും സുഗമമായ പ്രവര്‍ത്തനത്തിന് നല്ലത്. നിങ്ങള്‍ക്ക് അയാളെ ഇഷ്ടമാണെന്നോ, അല്ലെന്നോ മറ്റുള്ളവരെ അറിയിക്കേണ്ട കാര്യമില്ല. നിങ്ങള്‍ ഓഫീസിലെത്തുന്നത് ജോലി ചെയ്യാനാണ്. അല്ലാതെ വഴക്കുണ്ടാക്കാനല്ല. മനസ്സിന്റെ ശാന്തതയേയും ഉല്പാദനക്ഷമതയേയും ബാധിക്കുന്ന രീതിയിലുള്ള നെഗറ്റീവ് ചിന്തകള്‍ക്കൊന്നും മനസ്സില്‍ സ്ഥാനം കൊടുക്കരുത്. 

നിങ്ങളുടെ ദു:ഖങ്ങള്‍ നിങ്ങളുടേത് മാത്രമാണ്. 
വ്യക്തിപരമായി നിങ്ങള്‍ വളരെയേറെ പ്രയാസം നേരിടുന്ന സമയമാകാം. നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന സമയം. ഒരു ആശ്വാസത്തിന് വേണ്ടി ഇതെല്ലാം ആരോടെങ്കിലും പങ്കുവെക്കാം എന്നുതോന്നിയാലും അത് ഓഫീസിന് പുറത്തുള്ള സുഹൃത്തുക്കളോടാകുന്നതാണ് നല്ലത്. സഹപ്രവര്‍ത്തകരില്‍ നല്ല സുഹൃത്തുക്കളില്ലെന്നല്ല, എന്നാല്‍ കുറവാണ് എന്നകാര്യം മറക്കരുത്. 

ദൗര്‍ബല്യങ്ങള്‍ 
മനുഷ്യസഹജമായ ദൗര്‍ബല്യങ്ങള്‍ നിങ്ങള്‍ക്കുമുണ്ടായേക്കാം. എന്നാല്‍ അത് പ്രകടിപ്പിക്കാനുള്ള ഇടമല്ല ഓഫീസ്. ഗോസിപ്പ് കോളങ്ങളിലെ കേന്ദ്രകഥാപാത്രമാക്കി നിങ്ങള്‍ തന്നെ നിങ്ങളെ മാറ്റാതിരിക്കുക.

Content highlights:never reveal this things to co-workers