ടാര്‍ജറ്റിലേക്കെത്താനുള്ള ഓട്ടം, അതിനൊപ്പം ടെന്‍ഷന്‍.. ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കണം എന്ന് കരുതിയാലും ഒന്നിനും സാധിക്കാതെ വരിക. ജോലിയോട് മടുപ്പ് തോന്നാന്‍ ഇത്രയും മതി. തൊട്ടുപിന്നാലെ എത്തും  അലസത എന്ന വില്ലന്‍. പിന്നെ ചെയ്യുന്നതെല്ലാം ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി എന്ന രീതിയില്‍ യാന്ത്രികമായിപ്പോകും. ഇതെല്ലാം മാറ്റി ഒന്നു സ്മാര്‍ട്ടാകണം എന്നുകരുതുന്നില്ലേ? വഴിയുണ്ട്. 

മള്‍ട്ടിടാസ്‌കിങ് ഒഴിവാക്കാം

വീട്ടുജോലിക്കിടയിലെ മള്‍ട്ടി ടാസ്‌ക്കിങ് നടന്നെന്നുവരും പക്ഷേ, ഓഫീസില്‍ അതേ രീതി പ്രാവര്‍ത്തികമാക്കാന്‍ നോക്കിയാല്‍ കാര്യങ്ങളെല്ലാം കൈവിട്ട് പോകും. പാളിപ്പോയാല്‍ വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കുന്നത് പോലെ ഓഫീസില്‍ നിങ്ങളുടെ ബോസിനെ പറഞ്ഞുമനസ്സിലാക്കുക എളുപ്പമല്ല. അത്തരം ഒഴിവുകഴിവുകള്‍ പറയുന്നത് തന്നെ നല്ലൊരു ഉദ്യോഗസ്ഥയുടെ ലക്ഷണവുമല്ല. 

മള്‍ട്ടിടാസ്‌കിങ് നിങ്ങളുടെ ഫോക്കസ് നഷ്ടപ്പെടുത്തും. ഒരേ സമയം ഒന്നിലധികം കാര്യങ്ങളില്‍ ഒരുപോലെ ശ്രദ്ധ നല്‍കാന്‍ സാധിക്കില്ലെന്നുള്ളത് ഒരു യഥാര്‍ഥ്യമാണ്. അതിനാല്‍ തന്നെ ചെയ്യുന്ന ജോലിയുടെ ഗുണനിലവാരത്തിലും ആ വ്യത്യാസം പ്രകടമായിരിക്കും. 

ജോലി സ്ഥലത്ത് എപ്പോഴും ഒന്നിന് ശേഷം അടുത്ത ജോലി എന്ന രീതിയില്‍ ജോലികള്‍ ക്രമീകരിക്കുന്നതാണ് നന്ന്. 

ചെയ്തുതീര്‍ക്കാന്‍ ഒരുപാട് ഉണ്ടല്ലോ എന്ന് കരുതി ശരീരത്തേയും മനസ്സിനേയും ഒരിക്കലും ഒരു യന്ത്രത്തെ പോലെ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കരുത്. ആരോഗ്യമുണ്ടെങ്കിലേ ജോലി ചെയ്യാനാകൂ എന്നോര്‍ക്കണം. 

ക്രമീകരിക്കാം ജോലികളെ 

ജോലികളെ അവയുടെ പ്രാധാന്യത്തിന് അനുസരിച്ച് തരം തിരിക്കാം. അത് പെട്ടന്ന് ചെയ്തുതീര്‍ക്കാന്‍ സഹായിക്കും. ആ ലിസ്റ്റില്‍ നിന്നും ഒഴിവാക്കേണ്ടവയെ ഒഴിവാക്കാനും ശ്രമിക്കണം. 

ജോലിസമയത്തെ ചാറ്റിങ്

ചാറ്റിങ്, അത് ഫ്രീടൈമില്‍ മാത്രമായി ഒതുക്കുന്നതല്ലേ നല്ലത്. ജോലിയിലെ ശ്രദ്ധയില്ലായ്മക്ക് ചാറ്റിങ്ങും ഒരു കാരണക്കാരനാണ്. അതുകൊണ്ട് തന്നെ നമുക്ക് ചാറ്റിങ്ങിന് താല്ക്കാലികമായി ഒരു ബ്രെയ്ക്ക് നല്‍കാം. ശ്രദ്ധ വീണ്ടെടുക്കാം എന്ന് മാത്രമല്ല സമയവും ലാഭിക്കാം. നോട്ടിഫിക്കേഷന്‍ ഓഫ് ചെയ്യുകയോ, ഫോണിലെ നോട്ടിഫിക്കേഷന്‍ ടോണ്‍ ഒഴിവാക്കുകയോ ചെയ്ത് ഇപ്പഴേ സംഗതി പരിശീലിച്ചോളൂ. 

ഹോബികള്‍ വേണം

ജോലിയുണ്ട്, അതാണെങ്കില്‍ എത്ര ചെയ്തിട്ടും തീരുന്നുമില്ല എന്നുപറഞ്ഞ് നിങ്ങളുടെ ഹോബികള്‍ ഒഴിവാക്കരുത്. അതും ജീവിതത്തിന് പ്രധാനപ്പെട്ടതാണ്. നിരന്തരമായ ജോലി നിങ്ങളെ ഇല്ലാതാക്കിക്കളയും. അതിനാല്‍ പ്രിയപ്പെട്ട ഹോബി തിരിച്ചുപിടിക്കൂ. മനസ്സ് അല്പം റിലാക്‌സഡ് ആകട്ടെ. 

പരാതി പറയല്‍ അവസാനിപ്പിക്കാം

എപ്പോഴും നിങ്ങള്‍ക്ക് പരാതിയാണോ? പരാതി ഒഴിവാക്കാം. കാരണം അതുവെറും സമയനഷ്ടത്തിന് മാത്രമേ ഉപകാരപ്പെടൂ. കേട്ടിട്ടില്ലേ, മഹാന്മാര്‍ ആശയങ്ങളെ കുറിച്ചും, ശരാശരിക്കാര്‍ സംഭവങ്ങളെ കുറിച്ചും നിസ്സാരന്മാര്‍ ആളുകളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നു എന്ന്. അതെ അതുതന്നെയാണ് സത്യം.

മറ്റുള്ളവരെ കുറിച്ചുള്ള പരാതി പറഞ്ഞുതീര്‍ക്കാനുള്ളതല്ല നിങ്ങളുടെ വിലപിടിച്ച സമയം അത് നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കാനുള്ളതാണ്. ഒരിക്കലും ജോലി സ്ഥലത്ത് നെഗറ്റിവിറ്റിയുടെ പ്രവഹകേന്ദ്രമായി നിങ്ങള്‍ മാറരുത്. അത് നിങ്ങളുടെ ഉല്പാദനക്ഷമതയെ മാത്രമല്ല നിങ്ങള്‍ക്ക് ചുറ്റുമുള്ളവരെയും ബാധിക്കും.