രിക്കൽ ഒരു സ്കൂൾ അദ്ധ്യാപകൻ തനിക്കുണ്ടായ അനുഭവം പങ്കുവച്ചു. അദ്ദേഹം പഠിപ്പിച്ച ക്ലാസ്സിലെ ഒരു വിദ്യാർത്ഥി ഒരു ദിവസം ഇൻസ്ട്രമെന്റ് ബോക്സ് ക്ലാസിൽ മറന്നുവച്ചിട്ടു പോയി. അദ്ധ്യാപകൻ അത് അദ്ദേഹത്തിന്റെ മുറിയിൽ കൊണ്ടുപോയി വച്ചു. പിറ്റേദിവസം കുട്ടി വരുമ്പോൾ സാധനങ്ങൾ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉപദേശിക്കണമെന്നും തീരുമാനിച്ചു. പല ദിവസങ്ങൾ കടന്നുപോയി. കുട്ടി വന്നില്ല. അതിനാൽ അദ്ധ്യാപകൻ തന്നെ ബോക്സുമായി ക്ലാസ് മുറിയിലേക്ക് ചെന്ന് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ തീരുമാനിച്ചു. എന്നാൽ അദ്ധ്യാപകനെ അത്ഭുതപ്പെടുത്തിയത് അതിലും നല്ല ഇൻസ്ട്രമെന്റ് ബോക്സ് കുട്ടിയുടെ കൈയിലിരിക്കുന്നതാണ്‌. ഒരു പെൻസിൽ ചോദിച്ചാൽ ഒരു പെട്ടി പെൻസിൽ വാങ്ങിക്കൊടുക്കുന്ന ഈ കാലഘട്ടത്തിൽ സാമ്പത്തിക അച്ചടക്കവും സാമ്പത്തിക സാക്ഷരതയും പുതിയ തലമുറയ്ക്ക് അപ്രാപ്യമാവുകയാണോ എന്ന് സംശയിക്കേണ്ടി വരുന്നു.

ആർഷ ഭാരത സംസ്കാരത്തിന്റെ ശക്തമായ ഒരു അടിത്തറ നമ്മുടെ കുടുംബ സംസ്കാരമാണ്. മറ്റു സംസ്കാരങ്ങളിൽ നിന്ന് നമ്മളെ വേർതിരിച്ചു നിർത്തുന്ന ശക്തമായ ഘടകവും കുടുംബ സംസ്കാരം തന്നെയാണ്. ഭാവിതലമുറയെ കുറിച്ചുള്ള കരുതലും അവർക്കായി സ്വത്ത് ഉണ്ടാക്കുന്നവരുമാണ് നമ്മൾ. മാത്രവുമല്ല മക്കൾക്ക്‌ ജീവിതം പടുത്തുയർത്തേണ്ട ഉത്തരവാദിത്വം മാതാപിതാക്കൾക്കാണ് എന്ന് നമ്മൾ തീർത്തും വിശ്വസിക്കുന്നു.

എപ്രകാരമാണ് മക്കൾക്കായി കരുതേണ്ടത് ? ഇതിന് ഏറ്റവും നല്ല ഉപാധി മക്കൾക്ക് സാധ്യമായ വിധത്തിലുള്ള വിദ്യാഭ്യാസം നല്കുക എന്നുള്ളതാണ്. അത് ഏറ്റവും വലിയ നിക്ഷേപവുമാണ്. ആധുനിക മാതാപിതാക്കൾ ഇന്ന് ഇക്കാര്യത്തിൽ ഏറെ തല്പരരുമാണ്. അതിനാൽ ഇന്ന് കുടുംബ ബജറ്റിന്റെ നല്ലൊരു പങ്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനായിട്ടാണ് ഉപയോഗിക്കുന്നത്.

വിദ്യാഭ്യാസത്തിന്റെ സാമ്പത്തികശാസ്ത്രം അവതരിപ്പിച്ച സാ0മ്പത്തിക ശാസ്ത്രജ്ഞനാണ് തിയോഡർ എം. ഷൾറ്റ്‌സ്. പ്രാഥമികമായി അദ്ദേഹം കാർഷിക സാമ്പത്തിക ശാസ്ത്രത്തിന്റെ ഉപജ്ഞാതാവായിരുന്നുവെങ്കിലും വിദ്യാഭ്യാസ നിക്ഷേപത്തിലൂടെയുള്ള കരുതൽ മൂലധനത്തെക്കുറിച്ചും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. അതുകൊണ്ട് സമൂഹത്തിന്റെ വ്യവസ്ഥാപിതമായ വളർച്ചയ്ക്കും വ്യവസ്ഥാപിത ഘടകങ്ങളുടെ ശരിയായ ക്രമവൽക്കരണത്തിനും വിദ്യാഭ്യാസ മൂലധനം നിർണായകമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മക്കൾക്കായി വായ്പാസൗകര്യങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്. കാരണം തൊഴിൽ നേടുവാനുള്ള ഉത്സാഹവും പണവിനിയോഗത്തിൽ അച്ചടക്കവും അതുവഴി മക്കൾക്ക് ഉണ്ടാവും. കേന്ദ്ര സർക്കാറിന്റെ വിദ്യാലക്ഷ്മി എന്ന ഇന്റർനെറ്റ് പോർട്ടിൽ വിവിധ ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പാവിവരങ്ങൾ ഉണ്ട്. website www.vidyalakshmi.co.in. ഈ ഏകജാലക പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വായ്പാനിബന്ധനകളും പുരോഗതിയും കൃത്യമായി മനസ്സിലാക്കി പ്രതികരിച്ചാൽ ഈ രംഗത്തുള്ള അപകടങ്ങൾ ഒഴിവാക്കാനാവും. വിവിധ ബാങ്കുകളുടെ വായ്പയുടെ ഒരു താരതമ്യ പഠനം നടത്തിയിട്ട് വേണം വായ്പാതീരുമാനം എടുക്കേണ്ടത്.

യുനെസ്‌കോയുടെ അഭിപ്രായത്തിൽ വിദ്യാഭ്യാസത്തിന് നാല് വ്യവസ്ഥാപിത ലക്ഷ്യങ്ങളാണുള്ളത്. അറിവ് നേടുക, തൊഴിൽ സ്വായത്തമാക്കുക, ഒരുവൻ ആകേണ്ടത് ആയിത്തീരുക എന്നതിനപ്പുറം സമാധാനപരമായ സഹവർത്തിത്വത്തിന് മനുഷ്യനെ പ്രാപ്തനാ ക്കുന്നതുമാണ് വിദ്യാഭ്യാസം. എന്നാൽ ഇന്ന് ചിലർക്കെങ്കിലും വിദ്യാഭ്യാസം തൊഴിൽ ലഭിക്കാനും സ്വാശ്രയ മനോഭാവം വളരാനും മാത്രം ഉപകരിക്കുന്നു എന്നതാണ് വാസ്തവം. സ്വന്തം കാര്യം നോക്കാനെങ്കിലും ഞങ്ങളുടെ മക്കൾ പ്രാപ്തരായാൽ മതിയായിരുന്നു എന്ന് ചിന്തിക്കുന്ന മാതാപിതാക്കൾക്ക് നല്ല തിരിച്ചടിയായി മാറിയിരിക്കുന്നു ഇന്നത്തെ സ്വാശ്രയ മനോഭാവം. ജോലി ചെയ്യുക; കാശുണ്ടാക്കുക; അടിച്ചുപൊളിക്കുക. അതിന് ആവശ്യമുള്ളത് മാത്രം പഠിക്കുക എന്നതായി വിദ്യാഭ്യാസം മാറുന്നു.

ഇതിന്റെ ഒരു കാരണം മാതാപിതാക്കൾ തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മക്കളെ അറിയിക്കാതെ വളർത്തുന്നതാണ്. തങ്ങൾക്ക് ലഭിക്കാതെ പോയതെല്ലാം മക്കളിലൂടെ ഏതു വിധേനെയും സാധിച്ചെടുക്കണം എന്ന വാശിയിൽ തകർന്നുപോവുന്നത് കുട്ടികളാണ്‌. സാമ്പത്തിക അച്ചടക്കമില്ലാതെ വളരുന്നതുമൂലം മിതവ്യയത്തെ പിശുക്കായി അവർ ചിത്രീകരിക്കുന്നു. അവരുടെ ആവശ്യങ്ങൾ സാധിക്കാതെ വരുമ്പോൾ അവർ മാതാപിതാക്കൾക്ക് എതിരാകുന്നു. മക്കളെ പട്ടിണിയും ബുദ്ധിമുട്ടും അറിയിച്ചു വളർത്തുക എന്നതിന്റെ അർത്ഥം, അവരുടെ ആവശ്യങ്ങൾ നിരാകരിക്കണമെന്നല്ല മറിച്ച് ആവശ്യവും അത്യാവശ്യവും തിരിച്ചറിയാനുള്ള വിവേകം പ്രദാനം ചെയ്യുക എന്നതാണ്. ഒരാളെ ധനവാനാക്കുന്നത് വരുമാനത്തിന്റെ വലുപ്പമല്ല, മറിച്ച് അത് അയാൾ പണം ചെലവാക്കുന്ന രീതിയാണ്. ഇത് കുടുംബ ബജറ്റുമായി ഏറെ ബന്ധപ്പെട്ടവ തന്നെയാണ്.

വിദ്യാഭ്യാസത്തോടൊപ്പം ജീവിതം തുടങ്ങാനാവശ്യമായ ആദ്യ സാമ്പത്തിക ചുവടുകളും മാതാപിതാക്കൾ സാധിക്കുമെങ്കിൽ മക്കൾക്ക് നൽകണം. ഫലപ്രദമായ പേരന്റിങ്ങിന് ഈ രണ്ട്‌ ഘടകങ്ങൾ മാത്രം മതിയാവും. തങ്ങളുടെ മക്കൾ തങ്ങളേക്കാളും ഉയർന്ന രീതിയിൽ ജീവിക്കാൻ പ്രാപ്തരാകണമെന്നതാണ് ഏതൊരു രക്ഷാക ർത്താവിന്റെയും ആഗ്രഹവും പരിശ്രമവും. അതിലേക്ക് നടന്നടുക്കാനുതകുന്ന വിദ്യാഭ്യാസമാണ് നൽകേണ്ടത്.

കാരണം വിദ്യാഭ്യാസമെന്നത് ജീവിതത്തിലേക്കുള്ള ഒരുക്കമല്ല, ജീവിതം തന്നെയാണ്. ഓർക്കുക അറിവില്ലായ്മയല്ല ഏറ്റവും വലിയ നാണക്കേട്, മറിച്ച് അറിയാനുള്ള മനസ്സില്ലായ്മയാണ്. ഇവിടെയാണ് അറിവിലുള്ള നിക്ഷേപത്തിനാണ് ഏറ്റവും പലിശ ലഭിക്കുന്നതെന്ന ബഞ്ചമിൻ ഫ്രാങ്ക്‌ളിന്റെ അഭിപ്രായം പ്രസക്തമാവുന്നത്.

writer is...

തൃക്കാക്കര ഭാരതമാതാ കോളേജ് സാമ്പത്തികശാസ്ത്ര വിഭാഗം മേധാവി, കേരളത്തിലെ മൈക്രോഫിനാൻസ് രംഗത്തെ അധികരിച്ചുള്ള പഠനത്തിന് മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ്, സാമ്പത്തികശാസ്ത്രത്തെ നിത്യജീവിതവുമായി ബന്ധപ്പെടുത്തിയ ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവ്.