വിവാഹത്തിന് മുന്‍പേ വീടുപണി തീര്‍ക്കണമെന്ന് ശാലുവിന്റെ അച്ഛന്റെ ആഗ്രഹമായിരുന്നു. കൈയില്‍ പലപ്പോഴായി മിച്ചം പിടിച്ച പണമുണ്ട്. മൂന്ന് വര്‍ഷമായി ഒരു പ്രമുഖ കമ്പനിയില്‍ ജോലി ചെയ്യുകയാണ് ശാലു. സ്വരുക്കൂട്ടിയ സമ്പാദ്യം ഭൂരിഭാഗവും ഒരു മടിയും കൂടാതെ വീടിന് ചെലവഴിച്ചു. ചെറുതെങ്കിലും നല്ല ഭംഗിയുള്ള വീട്. വീട് കണ്ടവര്‍ക്കെല്ലാം നല്ല അഭിപ്രായം. വീടുപണി കഴിഞ്ഞതോടെ വിവാഹത്തിനുള്ള തയ്യാറെടുപ്പുകളായി. ഇത്രയും കാലം ജോലി ചെയ്ത പണം എവിടെ എന്ന ചോദ്യം നേരിട്ടപ്പോഴാണ് ശാലു ചിന്തിച്ചത് വീടുപണിക്കായി ഒരു ഹൗസിങ് ലോണ്‍ എടുക്കാമായിരുന്നു. കുറഞ്ഞ പലിശയേ ആകുമായിരുന്നുള്ളൂ. ഇപ്പോള്‍ നിക്ഷേപവുമില്ല ചെലവായ തുകയും അറിയില്ല. 

ലാഭം തരുന്ന വളരുന്ന പദ്ധതികള്‍ 

നമ്മുടെ നാട്ടില്‍ 70 ശതമാനം സ്ത്രീകളും നിക്ഷേപ പദ്ധതികളൊന്നും കാര്യമാക്കാറില്ല. ജോലിയുണ്ടെങ്കില്‍ സാലറി അക്കൗണ്ട് മാത്രമുള്ളവരാണ് ഭൂരിഭാഗവും. സ്വന്തമായി ഇന്‍ഷുറന്‍സോ റിട്ടയര്‍മെന്റ് പ്ലാനുകളോ വേണമെന്ന് ചിന്തിക്കുന്നവരും കുറവാണ്, ' നമുക്കിതൊന്നും ആവശ്യമില്ലന്നേ' എന്ന വിചാരമാണ് കാരണം. ഒപ്പം തെറ്റുപറ്റും എന്ന പേടിയും. 

സ്വര്‍ണം നല്ല നിക്ഷേപ മാര്‍ഗമായി കാണുന്നവരുണ്ട്. നിക്ഷേപത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് അത്. നമ്മുടെ അധ്വാനത്തിന്റെ ഒരുഭാഗം മ്യൂച്വല്‍ ഫണ്ടുകളിലോ ഓഹരികളിലോ ലാഭം ലഭിക്കുന്ന മറ്റ് പദ്ധതികളിലോ നിക്ഷേപിക്കാം. ചിട്ടികളിലും പരീക്ഷിക്കാം. വീട് സ്ഥലം എന്നിവ കൂട്ടായി വാങ്ങുകയാണെങ്കില്‍ നിയമപരമായി നമ്മുടെ അവകാശം ഉറപ്പുവരുത്തിയിരിക്കണം. വെറുതെ നിക്ഷേപിക്കുകയല്ല. കൂടുതല്‍ ലാഭം തരുന്ന വളരുന്ന പദ്ധതികള്‍ കണ്ടെത്തണം. കുടുംബത്തിന് വേണ്ടി സമ്പാദിക്കുന്നതിനൊപ്പം സ്വന്തമായി കരുതലുണ്ടാവാന്‍ ഇവയെല്ലാം സഹായിക്കും. 

ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങോ? എന്റെ പണിയല്ല

ഫിനാന്‍ഷ്യല്‍ പ്ലാനിങ് മുഴുവന്‍ കുടുംബനാഥന്റെ മാത്രം ചുമതലയാണെന്ന് കരുതുന്നവരുണ്ട്. നിങ്ങളും ഒരു കൈ സഹായം നല്‍കിയാല്‍ എത്ര എളുപ്പമാകും. ബാങ്ക് ഇടപാടുകള്‍, ബില്‍ പേമെന്റുകള്‍, വായ്പകള്‍ എല്ലാം സ്വന്തമായി ചെയ്യാന്‍ അറിഞ്ഞിരിക്കണം. ഇവയൊക്കെ തനിയെ ചെയ്യാനുള്ള മടിയോ പേടിയോ ആണ് മിക്കവരേയും പിന്നിലേക്ക് വലിക്കുന്നത്. എത്ര ചെലവാകുന്നു, എങ്ങനെ ചെലവാകുന്നു എന്നറിയാന്‍ ഇത് സഹായിക്കും. പ്ലാനിങ്ങും അതനുസരിച്ചാവാം. വീടിനുള്ളിലെ സാമ്പത്തിക ചര്‍ച്ചകളിലും തീരുമാനങ്ങളിലും നിങ്ങളുടെയും പങ്കാളിത്തം വേണം. സ്വന്തമായി മാസവരുമാനമുണ്ടെങ്കില്‍ നിങ്ങള്‍ തന്നെയാണ് മണി മാനേജര്‍. 

ആദ്യം ചെലവാക്കാം പിന്നയല്ലേ നിക്ഷേപം

ശമ്പളം കിട്ടുമ്പോള്‍ തന്നെ വെപ്രാളപ്പെട്ട് ഷോപ്പിങ്ങിനായി ഓടുന്നവരുണ്ട്. വേണ്ടതും വേണ്ടാത്തതുമെല്ലാം വാങ്ങിക്കൂട്ടും. ആദ്യം ചെലവഴിക്കല്‍ പിന്നെ നിക്ഷേപം എന്നതാണ് മിക്കവരുടെയും ചിന്ത. കൈയില്‍ പണമുണ്ടെങ്കില്‍ ഒഴുക്കി കളയാനുള്ള വഴിയും ഉണ്ടാകും. അതൊഴിവാക്കാന്‍ ആദ്യം നിക്ഷേപിക്കുന്നതിനുള്ള പണം മാറ്റിവെക്കാം. അനാവശ്യ ചെലവുകള്‍ ഒഴിവാകുകയും ചെയ്യും. അതുകൊണ്ട് നിക്ഷേപങ്ങള്‍ നാളെ എന്ന് വിചാരിക്കാതെ ഇന്ന് തന്നെ തുടങ്ങാം. 

ശമ്പളം കുറവാണ് പിന്നെന്തിന് ജോലി 

ശമ്പളം കുറവായത് കൊണ്ട് ജോലി ഉപേക്ഷിക്കാമെന്ന് തീരുമാനിക്കുന്ന സ്ത്രീകള്‍ ധാരാളമാണ്.എന്നാല്‍ കൈയില്‍ ഉള്ളത് കളയാതെ കൂടുതല്‍ വരുമാനമുള്ള മറ്റൊരു ജോലി തിരയുന്നതാണ് ബുദ്ധി. അപ്പോള്‍ കുടുംബ ചെലവുകളില്‍ നിങ്ങളുടെ ഒരു ചെറിയ പങ്കും ഉണ്ടാകും. ജോലി ഏതായാലും അത് നല്‍കുന്ന സാമ്പത്തിക സ്വാതന്ത്ര്യം വളരെ വലുതാണ്. സാമ്പത്തിക ബാധ്യതകള്‍ വരുത്തുന്ന ദുരന്തങ്ങള്‍ ചിലപ്പോഴെങ്കിലും സംഭവിച്ചേക്കാം. അപ്പോള്‍ നിങ്ങളുടെ ചെറിയ നിക്ഷേപവും ജോലിയും രക്ഷക്കെത്തും. 

എടിഎം, ബാങ്കിങ് ചാര്‍ജുകള്‍ ശ്രദ്ധിക്കാതിരിക്കുക

എടിഎം ചാര്‍ജുകളിലും മിനിമം ബാലന്‍സിലുമെല്ലാം വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇത്തരം മാറ്റങ്ങള്‍ ശ്രദ്ധിക്കണം. സൗജന്യ പരിധിയില്‍ കൂടുതല്‍ എടിഎം ഉപയോഗിക്കുമ്പോള്‍ സര്‍വീസ് ചാര്‍ജുകള്‍ കീശ ചോര്‍ത്തും. മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കും. മിനിമം ബാലന്‍സ് നിരക്കുകള്‍ മെട്രോ, റൂറല്‍, അര്‍ബന്‍ മേഖലകളില്‍ വ്യത്യസ്തമാണ്. അക്കൗണ്ട് കാലിയാകും വരെ ചെലവഴിക്കരുതെന്ന് ചുരുക്കം. 

എടിഎം കാര്‍ഡുകള്‍ ഇപ്പോള്‍ ഡെബിറ്റ് കാര്‍ഡുകളായി ഉപയോഗിക്കാം. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സ്ഥിരമായി പര്‍ച്ചേസ് നടത്തിയാല്‍ അവരുടെ ഡിസ്‌കൗണ്ട് കാര്‍ഡ് ലഭിക്കും. ഇങ്ങനെ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പേമെന്റുകളില്‍ മടി വിചാരിക്കരുത്.  കബളിപ്പിക്കപ്പെടുമെന്ന തോന്നലാണ് പലരേയും ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ നടത്താനുള്ള പേടി മാറാന്‍ കുറുക്കുവഴികളൊന്നുമില്ല. സ്വയം മാറുകയാണ് ഏക വഴി. 

ഡിസ്‌കൗണ്ടിന് പിന്നാലെ

ഡിസ്‌കൗണ്ടുകള്‍ നല്ലതുതന്നെ. പക്ഷെ വിലക്കുറവിനൊപ്പം ഗുണവും കൂടി പരിശോധിക്കണം. എന്ത് വാങ്ങുന്നതിന് മുമ്പും നാല് കാര്യങ്ങള്‍ ചിന്തിക്കണം.
എന്തിനാണ് വാങ്ങുന്നത്? 
ഇപ്പോള്‍ വാങ്ങണോ? 
വാങ്ങിയാലുള്ള പ്രയോജനം? 
വാങ്ങിയില്ലെങ്കില്‍ എന്തെങ്കിലും സംഭവിക്കുമോ?  

കൂടുതല്‍ പണം കൈയില്‍ കരുതുന്നത്

ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പണം മാത്രം കൈയില്‍ കരുതുന്നത് അനാവശ്യ ചെലവുകള്‍ ഒഴിവാക്കും. ഉദാഹരണം ഒരു ദിവസം ആയിരം രൂപ മതിയെങ്കില്‍ എന്തിനാണ് 10,000 കൈയില്‍ കൊണ്ടുനടക്കുന്നത്. കൂടുതലുളള പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം. ഇനി സാലറി അക്കൗണ്ട് മാത്രമേ ഉള്ളൂവെങ്കില്‍ മറ്റൊരു അക്കൗണ്ട് കൂടി തുടങ്ങാം. അത്യാവശ്യ തുക ഒഴികെ മറ്റെല്ലാം അതിലേക്ക് മാറ്റിയാല്‍ എപ്പോഴുമെടുത്ത് ചെലവാക്കുന്ന ശീലത്തില്‍ നിന്ന് രക്ഷപ്പെടാം. 

എല്ലാം മക്കള്‍ക്ക് വേണ്ടി മാത്രമാകരുത്

ജീവിതകാലം മുഴുവന്‍ മക്കളുടെ സന്തോഷത്തിന് വേണ്ടി മാത്രം സമ്പാദിച്ചിട്ട് വാര്‍ധക്യത്തില്‍ വഴിയാധാരമാകുന്ന ധാരാളം ആളുകളുണ്ട്. മക്കള്‍ക്ക് വേണ്ടി കരുതുന്നതിനോടൊപ്പം നിങ്ങളുടെ റിട്ടയര്‍മെന്റ് കാലത്തേക്ക് കുറച്ച് സമ്പാദ്യം കരുതണം. 

സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ പണം സൂക്ഷിക്കുന്നത് 

തലയിണ, സോക്‌സ്, പാത്രം എന്നിവയിലൊക്കെ പണം സൂക്ഷിക്കുന്നത് വീട്ടമ്മമാരുടെ ഒരു ശീലമാണ്. ഇവ നഷ്ടപ്പെടാനുള്ള സാധ്യത മാത്രമല്ല ഉള്ളത്. ഇത് വളര്‍ച്ചയില്ലാത്ത സമ്പാദ്യം കൂടിയാണിത്. പകരം ചിട്ടികള്‍, പോസ്റ്റ് ഓഫീസ് നിക്ഷേപം തുടങ്ങിയ ചെറിയ പദ്ധതികളില്‍ പണം നിക്ഷേപിക്കാം. 

ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിനെ പറ്റി എല്ലാമറിയാമെന്ന ഭാവം

അറിവുള്ളവരില്‍ നിന്ന് സാമ്പത്തിക ഉപദേശങ്ങള്‍ സ്വീകരിക്കുന്നത് കുറച്ചിലായി കരുതേണ്ട. വിദ്യാഭ്യാസമോ കഴിവോ മാത്രം പണം കൈകാര്യം ചെയ്യുന്നതില്‍ ആരേയും വിദഗ്ധരാക്കില്ല. നേട്ടത്തെ പറ്റി മാത്രമല്ല നഷ്ടത്തെ പറ്റിയുള്ള അനുഭവങ്ങളും കേള്‍ക്കുന്നത് നല്ലതാണ്. നിങ്ങള്‍ക്ക് കിട്ടിയ അറിവുകള്‍ പങ്കുവെക്കുകയും വേണം. 


Content Highlights: Money Savings, Personal Saving, Saving Schemes (ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്.)