ജോലിചെയ്ത് സ്വയം സമ്പാദിക്കുന്ന പണം കൊണ്ട് ജീവിച്ചുതുടങ്ങുമ്പോഴാണ് ഒരാള്‍ സ്വയംപര്യാപ്തനാകുന്നത്. എന്നാല്‍ സമ്പാദിക്കുന്ന പണം ചെലവുകള്‍ക്ക് തികയുന്നില്ലെങ്കിലോ. പണം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാത്തതാണ് പലരുടേയും പ്രശ്‌നം. ശമ്പളം എത്ര ചെറിയ തുകയുമായിക്കൊള്ളട്ടെ അത് ഫലപ്രദമായി വിനിയോഗിക്കുകയും അതില്‍ നിന്ന് സമ്പാദ്യമുണ്ടാക്കുകയും ചെയ്യുന്നതാണ് മിടുക്ക്. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ചെലവുകള്‍ തിരിച്ചറിയാം

വിവിധ എക്‌സ്‌പെന്‍സ് ട്രാക്കിങ് ആപ്പ്‌സ് ഇന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. അഥവാ അത്തരം ആപ്പുകളില്‍ നിങ്ങള്‍ക്ക് താല്പര്യമില്ലെങ്കില്‍ ചെലവുകള്‍ എല്ലാം കൃത്യമായി എഴുതി വെച്ചാലും മതി. കണക്കുകള്‍ എഴുതി വെക്കുന്നതില്‍ ലജ്ജിക്കേണ്ട കാര്യമില്ല. ഇങ്ങനെ നിങ്ങള്‍ ചെലവഴിക്കുന്ന ഓരോ രൂപയും എഴുതി വെക്കപ്പെടുമ്പോള്‍ അതിന്‍നിന്ന് അനാവശ്യമായത് കണ്ടെത്താനും അടുത്തമാസം അത് വെട്ടിച്ചുരുക്കാനും സാധിക്കും. 

ബില്ലുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കണം

മാസാവസാനം കൈയില്‍ എത്തുന്ന ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റ്‌സ്, മൊബൈല്‍ ബില്‍ ഡിറ്റെയ്ല്‍സ്, സാലറി ഡീറ്റെയ്ല്‍സ് എന്നിവ നിങ്ങളില്‍ എത്ര പേര്‍ ശ്രദ്ധയോടെ നോക്കാറുണ്ട്. മിക്ക ആളുകളുടെയും ഇത്തരം ഇല്ലെന്നായിരിക്കും. അത് തെറ്റാണ്. ഓരോന്നും ശ്രദ്ധയോടെ നോക്കാന്‍ ശ്രമിക്കണം. ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റ്‌സ് എല്ലാം ഇത്തരത്തില്‍ ഗൗരവത്തോടെ വിലയിരുത്താന്‍ തുടങ്ങുമ്പോള്‍ എത്ര പണം നിങ്ങള്‍ അനാവശ്യമായി ചെലവഴിച്ചു എന്നും ഏറ്റവും അധികം പണം എന്തിനാണ് ചെലവഴിച്ചെതെന്നും മനസ്സിലാക്കാന്‍ സാധിക്കും. തീര്‍ച്ചയായും നിങ്ങളുടെ ചെലവുകളില്‍ ഒരു പിടുത്തം നിങ്ങളറിയാതെ തന്നെ വന്നുചേരും. 

ആട്ടോമാറ്റിക് സേവിങ്‌സ് പ്ലാന്‍

ആട്ടോമാറ്റിക് സേവിങ്‌സ് പ്ലാന്‍ ആരംഭിക്കുക. നിങ്ങളുടെ മാസവരുമാനത്തില്‍ നിന്ന് ഒരു നിശ്ചിത തുക ശമ്പളം ബാങ്കില്‍ വരുമ്പോള്‍ സേവിങ്‌സ് ആകുന്ന തരത്തിലുള്ള വിവിധ പ്ലാനുകള്‍ ഇന്ന് ബാങ്കുകളില്‍ ഉണ്ട്. 

പര്‍ച്ചേസിങ്ങിന് തിടുക്കം വേണ്ട

വലിയ പര്‍ച്ചേസിനിറങ്ങുമ്പോള്‍ തിടുക്കം കൂട്ടാതിരിക്കുക. ഉദാഹരണത്തിന് ഒരു സോഫ വാങ്ങേണ്ടത് അത്യാവശ്യമാണെന്ന് കരുതുക. അത് മനസ്സില്‍ തോന്നുന്ന ഉടന്‍ തന്നെ ഓടി പോയി വാങ്ങാതെ അതുമായി ബന്ധപ്പെട്ട കുറച്ചധികം കാര്യങ്ങള്‍ മനസ്സിലാക്കിയതിന് ശേഷം വാങ്ങുക. ഒന്നു രണ്ടു കടകളില്‍ കയറുന്നതിലോ, സുഹൃത്തുക്കളോട് അഭിപ്രായം ആരായുന്നതിലോ തെറ്റില്ല. ചിന്തിച്ചുമാത്രം തീരുമാനമെടുക്കുക. 

ബോണസ് ധൂര്‍ത്തടിക്കണോ

ആഘോഷത്തോടനുബന്ധിച്ച് ബോണസ് കിട്ടിയോ, ബോണസ് കിട്ടിയതല്ലേ എന്ന് കരുതി ആഘോഷങ്ങള്‍ ആഡംബരമാക്കുന്നതിന് മുമ്പ്  രണ്ടുതവണ ആലോചിക്കുക. പണം ചെലവുചെയ്യുന്നത് ആവശ്യത്തിനോ അനാവശ്യത്തിനോ? കിട്ടിയ പണം ധൂര്‍ത്തടിക്കാതെ ഒരു ഫിക്‌സഡ് ഡെപ്പോസിറ്റ് ആരംഭിക്കാം. അല്ലെങ്കില്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയിടാം. നിങ്ങള്‍ നിത്യവും പണം വലിക്കുന്ന അക്കൗണ്ടാണെങ്കില്‍ നിങ്ങള്‍ പോലുമറിയാതെ ആ പണം ആവിയായി പോയേക്കാം. ബോണസുകള്‍ എമര്‍ജന്‍സി ഫണ്ടായി സൂക്ഷിക്കുന്നതും മികച്ച മാര്‍ഗമാണ്. 

സുഹൃത്തുക്കള്‍ക്ക് കടംനല്‍കുമ്പോള്‍ ശ്രദ്ധിക്കുക

സുഹൃത്തുക്കള്‍ക്ക് കടം നല്‍കുന്നതിന് ഒരു പരിധി നിശ്ചയിക്കാം. ഒരാപത്ത് വരുമ്പോള്‍ സുഹൃത്തുക്കളെ സഹായിക്കരുത് എന്നല്ല അര്‍ത്ഥമാക്കുന്നത്. മറിച്ച് ഇത്തിള്‍ക്കണ്ണി പോലെ നിങ്ങളുടെ പണം ഊറ്റിയെടുക്കുന്നവരെ തിരിച്ചറിയാം. അവരില്‍ നിന്ന് അകലം പാലിക്കാം. 

Content Highlights: Money, Money Management, Planning, Budget, Savings