മാസച്ചെലവിന്റെ 70%വും അടുക്കളയുമായി ബന്ധപ്പെട്ടാണ്. അടുക്കളയില്‍ സാധനങ്ങള്‍ തീരുന്നത് അനുസരിച്ച് ഒരു പട്ടികയില്‍ എഴുതി സൂക്ഷിക്കാം. ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, എണ്ണ തുടങ്ങി കേടുവരാത്തവ കൂടുതല്‍ വാങ്ങിവെക്കാം. 

ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ മാത്രമേ വാങ്ങൂ എന്ന വാശി വേണ്ട. ബ്രാന്‍ഡഡ് അരിയുടെ പതിനഞ്ചുകിലോ പാക്കറ്റ് വാങ്ങുന്നതിനേക്കാള്‍ ലാഭമാണ് മൊത്തവ്യാപാരിയില്‍ നിന്ന് ഒന്നോ ഒന്നരയോ ചാക്ക് അരി വാങ്ങുന്നത്. 

ഉഴുന്ന്, പയര്‍, പരിപ്പ്, തേയില തുടങ്ങിയവ ഇങ്ങനെ മൊത്തമായി വാങ്ങിയാല്‍ കൂടുതലളവില്‍ ലഭിക്കും. ഗോതമ്പ് വാങ്ങിപ്പൊടിപ്പിച്ചാല്‍ ബ്രാന്‍ഡഡ് ആട്ടയുടെ പകുതി വിലയേ വരൂ. മാവേലി സ്റ്റോര്‍, സപ്ലൈക്കോ, നീതി സ്‌റ്റോറുകള്‍ എന്നിവിടങ്ങളിലെ ലാഭവും ഒഴിവാക്കരുത്. 

ബേക്കറി സാധനങ്ങള്‍ വാങ്ങുന്നത് കുറയ്ക്കാം. പകരം ലഘുപലഹാരങ്ങള്‍ വീട്ടിലുണ്ടാക്കാം. ഉപ്പേരികള്‍ പോലുള്ള വറവ് ഭക്ഷണങ്ങള്‍ അവധി ദിവസങ്ങളില്‍ കുടുംബാംഗങ്ങള്‍ ഒന്നുചേര്‍ന്ന് ഉണ്ടാക്കി നോക്കാം. 

മീനിനും ഇറച്ചിക്കും വെയ്ക്കാം ചെറിയൊരു നിയന്ത്രണം. അത് ഒന്നിച്ചു വേണോ? ഇടവിട്ട ദിവസങ്ങളില്‍ പോരേ? 

ശ്രദ്ധിച്ചുപയോഗിക്കാം പാചകവാതകം

ആവശ്യമുള്ള സാധനങ്ങള്‍ എല്ലാം ശരിയാക്കി വച്ച ശേഷം മാത്രം സ്റ്റൗ കത്തിക്കാം. അപ്പോള്‍ ഗ്യാസ് പാഴാകില്ല. ബര്‍ണറിന് മുകളില്‍ കൃത്യമായി പാകമാകുന്ന പാത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. റഫിജ്രേറ്ററില്‍ നിന്ന് എടുത്ത ഉടനെ ഭക്ഷണം അടച്ചുവെച്ച് പാകം ചെയ്യുന്നതും പാകം ചെയ്യാന്‍ പ്രഷര്‍ കുക്കറുകള്‍ ഉപയോഗിക്കുന്നതും ശീലമാക്കുക. 

ചൂടാറാപെട്ടികള്‍, ഫ്‌ലാസ്‌കുകള്‍ എന്നിവയില്‍ ഭക്ഷണവും വെള്ളവും എടുത്തുവെച്ചാല്‍ എപ്പോഴും ചൂടാക്കുന്നത് ഒഴിവാക്കാം. ഏറ്റവും പ്രധാനം കുടുംബം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയാണ്. അങ്ങനെ ചെയ്താല്‍ പലതവണ ഭക്ഷണം ചൂടാക്കേണ്ടല്ലോ.


ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്