avaitis hospital
ജ്യോതി പ്രശാന്തും ശാന്തി പ്രമോദും

പാലക്കാട് ജില്ലയിലെ നെന്മാറയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഉയരുന്നു. ജ്യോതി പ്രശാന്ത്, ശാന്തി പ്രമോദ് എന്നീ വനിതാ സംരംഭകരാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്. നെന്മാറയിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിക്ക്‌ സമീപം ‘അവൈറ്റിസ്’ എന്ന പേരിൽ 30 ഏക്കർ കാമ്പസിലാണ്അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഉയരുന്നത്.

എട്ടു നിലകളിലായി 1.75 ലക്ഷം ചതുരശ്രയടിയിലാണ് ആശുപത്രി. ആദ്യഘട്ടത്തിൽ 175 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാവും ഉണ്ടാവുക. പിന്നീട് ഇത് 250 ആയി ഉയർത്തുമെന്ന് അവൈറ്റിസിന്റെ സാരഥികളായ ജ്യോതിയും ശാന്തിയും പറഞ്ഞു.

വിദഗ്ധ ചികിത്സയ്ക്ക് തൃശ്ശൂരിനെയോ കോയമ്പത്തൂരിനെയോ ആശ്രയിച്ചിരുന്ന പാലക്കാട്ടുകാർക്ക് ‘അവൈറ്റിസി’ന്റെ വരവ് ആശ്വാസമാകും. കാർഡിയോളജി, ന്യൂറോളജി, നെഫ്‌റോളജി തുടങ്ങിയ വിഭാഗങ്ങളിൽ മികവിന്റെ കേന്ദ്രങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിടുന്നതായി അവർ പറഞ്ഞു. വിഷ ചികിത്സ, നവജാത ശിശുക്കളുടെ പരിപാലനം എന്നീ മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കും. 

ഡിജിറ്റൽ എക്സ് റേ, അൾട്രാ സൗണ്ട് സ്കാൻ, 256 സ്ലൈസ് സി.ടി. സ്കാൻ, എം.ആർ.ഐ. സ്കാൻ, ട്രോമ കെയർ, അത്യാധുനിക ബ്ലഡ് ബാങ്ക്, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസി തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ആശുപത്രിയിൽ സജ്ജമാക്കുന്നുണ്ട്. ഡോക്ടർമാർക്ക് കുടുംബസമേതം താമസിക്കാനുള്ള വില്ലകളും മറ്റും കാമ്പസിൽ തന്നെ നിർമിക്കും. വിശാലമായ ടൗൺഷിപ്പിനും പദ്ധതിയുണ്ട്.  

അത്യാധുനിക പ്രീ-ഫാബ്രിക്കേറ്റഡ് രീതിയിലാണ് ആശുപത്രിയുടെ നിർമാണം. റോബോട്ടിക്സിന്റെയും യന്ത്രവത്കരണത്തിന്റെയും സഹായത്തോടെ ഫാക്ടറിയിൽ നിർമിച്ച്‌, സൈറ്റിലെത്തിച്ച് അസംബിൾ ചെയ്യുന്ന സാങ്കേതിക വിദ്യയാണ് പ്രീ-ഫാബ്രിക്കേറ്റഡ് കൺസ്ട്രക്‌ഷൻ.

സപ്‌റ്റംബറോടെ ആശുപത്രി പ്രവർത്തനസജ്ജമാകും. അതിനു മുന്നോടിയായി കാമ്പസിനുള്ളിൽ തന്നെ ഒരു ക്ലിനിക്ക് ആരംഭിച്ചിട്ടുണ്ട്. ആദിവാസി കേന്ദ്രങ്ങളിൽ ഉൾപ്പെടെ സൗജന്യ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചുവരികയാണ്. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണെങ്കിലും സാധാരണക്കാർക്കു പോലും പ്രാപ്യമാകുന്ന തരത്തിലായിരിക്കും ആശുപത്രിയുടെ പ്രവർത്തനമെന്നു സാരഥികൾ വ്യക്തമാക്കി. 

തികച്ചും പരിസ്ഥിതി സൗഹൃദമായ ആശുപത്രി കാമ്പസാണ് വിഭാവനം ചെയ്തിരിക്കുന്നത്. കാമ്പസിൽ തന്നെ ജൈവപച്ചക്കറിത്തോട്ടം നട്ടുപിടിപ്പിക്കും. ഇതിൽ നിന്നുള്ള വിഭവങ്ങൾ ഉപയോഗിച്ചാവും രോഗികൾക്ക് ആവശ്യമായ ഭക്ഷണമൊരുക്കുക.സമീപപ്രദേശങ്ങളിലെ കർഷകരെ ജൈവകൃഷി രീതിയിലേക്ക് കൊണ്ടുവരാനും അവരിൽ നിന്നു മികച്ച വില നൽകി വിഭവങ്ങൾ വാങ്ങാനും അവൈറ്റിസ് മുൻകൈയെടുക്കും.

രോഗികളോടുള്ള കരുതലിനു പുറമെ, പരിസ്ഥിതി, സമൂഹം, മൂല്യങ്ങൾ, ഗുണനിലവാരം എന്നിവയ്ക്കുകൂടി കരുതൽ നൽകുന്ന ഒരു സംസ്കാരം വളർത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇരുവരും പറയുന്നു. ഗവേഷണം, സാങ്കേതികവിദ്യ എന്നിവയ്ക്കും ഊന്നൽ നൽകും. കേരളത്തിലെ ആദ്യ ‘കടലാസ് രഹിത ആശുപത്രി’ എന്ന പ്രത്യേകതയും അവൈറ്റിസിനുണ്ടാകും. ആശുപത്രി കാമ്പസിൽ തന്നെ നഴ്‌സിങ് കോളേജ് ആരംഭിക്കാനും പദ്ധതിയുണ്ട്. ആശുപത്രിയുടെ സി.ഇ.ഒ. ആയി പ്രമുഖ ഡോക്ടർ മോഹനകൃഷ്ണനെ നിയമിച്ചിട്ടുണ്ട്. 

ഇവർ- പ്രമുഖ ഇന്ത്യൻ വ്യവസായി ബി.ആർ. ഷെട്ടിയുടെ ഉടമസ്ഥതയിൽ യു.എ.ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ. എം.സി. ഹെൽത്തിന്റെ സി.ഇ.ഒ. പ്രശാന്ത് മങ്ങാട്ടിന്റെ ഭാര്യയാണ് ജ്യോതി. സഹോദരനും യു.എ.ഇ. എക്സ്‌ചേഞ്ച് ഗ്രൂപ്പിന്റെ ഗ്ലോബൽ സി.ഇ.ഒ.യുമായ പ്രമോദ് മങ്ങാട്ടിന്റെ ഭാര്യയാണ് ശാന്തി. അവൈറ്റിസിൽ ഐ.ടി, ഫിനാൻസ് വിഭാഗങ്ങളായിരിക്കും ജ്യോതി കൈകാര്യം ചെയ്യുക. ബ്രാൻഡിങ്, മാർക്കറ്റിങ്, റെഗുലേറ്ററി അഫയേഴ്‌സ് എന്നിവയാണ് ശാന്തിയുടെ ചുമതലകൾ.