ചാലക്കമ്പോളത്തില്‍ പച്ചക്കറിക്ക് രണ്ടുതരത്തിലാണ് വില. രാവിലെ ആറ് മുതല്‍ എട്ടുവരെ ന്യായവില. പിന്നീട് രാവിലത്തേതിന്റെ ഇരട്ടിയിലധികം നല്കണം. മണ്‍സൂണ്‍ കാലമായതിനാല്‍ പച്ചക്കറി വില കുറയേണ്ടതാണെങ്കിലും പലതിനും വില കൂടുതലുമാണ്. കിലോക്ക് 16 രൂപയുണ്ടായിരുന്ന പച്ച ഏത്തക്കായ്ക്ക് 22 രൂപയാണ് ഇപ്പോഴത്തെ വില. ഏത്തപ്പഴത്തിനും ഇതുതന്നെ സ്ഥിതി. പച്ചമുളക് കിലോയ്ക്ക് എട്ടുരൂപ കൂടി 28 രൂപയായി.

ചെറിയ ഉള്ളിയുടെ വിലക്കയറ്റം താങ്ങാവുന്നതിലുമപ്പുറമാണ്. കിലോയ്ക്ക് 16 രൂപയായിരുന്നത് ഇപ്പോള്‍ 26 ആയി. വലിയ ചേമ്പിന് 16ല്‍ നിന്ന് 20ലേക്കും ചേന 10ല്‍ നിന്ന് 12ലേക്കും സവാള ഒമ്പതില്‍നിന്ന് 10ലേക്കും വിലയേറി. പാവക്കയ്ക്കും കയേ്പറിയ വില തന്നെ. കഴിഞ്ഞയാഴ്ച 24 രൂപയായിരുന്നത് ഇപ്പോള്‍ 30 ആയി. പച്ചക്കറിക്കടകള്‍ വഴി വില്‍ക്കുന്ന കോഴിമുട്ടയ്ക്കും വിലകൂടി. ഒരു മുട്ടയ്ക്ക് 1.80 ആയിരുന്നത് 2.20 ആയി.

അതേസമയം മുരിങ്ങക്ക, തക്കാളി, ബീന്‍സ്, കാരറ്റ്, സാമ്പാര്‍മുളക് എന്നിവയ്ക്ക് നല്ല വിലക്കുറവാണ്. കിലോയ്ക്ക് 80 രൂപ വരെ വിറ്റിരുന്ന സാമ്പാര്‍മുളക് 45 രൂപയിലേക്കാണ് ഇറങ്ങിയത്. വിവാഹസീസണ്‍ കഴിഞ്ഞതാണ് മുളകിന്റെ വില ഇടിച്ചത്. മുരിങ്ങക്ക 40ല്‍നിന്ന് 16ഉം ബീന്‍സ് 40ല്‍ നിന്ന് 30ഉം തക്കാളി 24ല്‍ നിന്ന് 16ഉം കാരറ്റ് 30ല്‍ നിന്ന് 20 ആയും കുറഞ്ഞു. മറ്റ് ഇനങ്ങളില്‍ കാര്യമായ വിലവ്യത്യാസം വന്നിട്ടില്ല.

ചാലയില്‍ ഒരു ദിവസം എത്തുന്ന പച്ചക്കറി ലോഡിന് അനുസരിച്ച് വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാവുകയാണ് പതിവ്. കൂടുതല്‍ ലോഡെത്തിയാല്‍ വില തീരെ താഴെപ്പോകുമെന്നതിനാലാണ് വെളുപ്പിന് വരുന്ന പച്ചക്കറി ഒരു നിശ്ചിതവിലയില്‍ വില്‍ക്കുന്നത്. ഇത് പലപ്പോഴും കൂടാനായിരിക്കും സാധ്യത. പിന്നീട് ഉദ്ദേശിക്കുന്ന രീതിയില്‍ കമ്പോളത്തില്‍ സാധനങ്ങള്‍ എത്താതെ വന്നാല്‍ അഞ്ചിരട്ടിയോളം വില ഉയരുകയും ചെയ്യും.

മഴക്കാലമായതിനാല്‍ തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ ലോറികള്‍ പച്ചക്കറിയുമായി എത്തുന്നുണ്ട്. ഈ സ്ഥിതിക്ക് മാറ്റം വന്നാല്‍ വീണ്ടും വില ഉയര്‍ന്നേക്കുമെന്നാണ് ചാലക്കമ്പോളത്തില്‍ കച്ചവടക്കാര്‍ നല്കുന്ന സൂചന.