ൾഫിൽ കെട്ടിടനിർമാണ ജോലിക്കാരനാണ് ഹാരീസ്. എല്ലാ വർഷവും കമ്പനി കൊടുക്കുന്ന അവധി അദ്ദേഹം ഒരു വർഷം  എടുക്കാതിരുന്നതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് അയാൾ തന്റെ വിഷമം പങ്കുവച്ചത്. അവധിക്ക് നാട്ടിൽ വരുമ്പോൾ അഞ്ചുപവന്റെ ഒരു മാല കൊണ്ടുവരണമെന്ന് ഭാര്യ ആലീസ് നിർബന്ധിക്കുന്നു. അവളുടെ കൂട്ടുകാരി അത്രയും പവന്റെ മാലയാണ് ഇടുന്നത്. 

സ്വന്തം ചെലവ് കഴിഞ്ഞ് ഏകദേശം പതിനയ്യായിരം രൂപയാണ് ഹാരിസിന്റെ വരുമാനം. നാട്ടിൽ ലോണെടുത്ത് വച്ച വീടിന് എണ്ണായിരം രൂപയോളം എല്ലാ മാസവും അടയ്ക്കണം. ബാക്കി അമ്മയും ഭാര്യയും രണ്ടു കുട്ടികളുമുള്ള കുടുംബത്തിന്റെ ദൈനംദിനാവശ്യങ്ങൾക്ക് തന്നെ തികയാറില്ല. ചില മാസങ്ങളിൽ കൂട്ടുകാരോട് കടം മേടിച്ചുമാണ് അയാൾ വീട്ടുചെലവുകൾക്കായി തുക അയയ്ക്കുന്നത്.

സ്വർണം എന്ന മഞ്ഞ ലോഹത്തിൽ ഭ്രമിക്കാത്ത സ്ത്രീകൾ വിരളമാണ്. ആഭരണം സ്ത്രീയെ കുടുതൽ സുന്ദരിയാക്കുകയും ചെയ്യും. പുതിയ തലമുറ സ്വർണം ധരിക്കുന്നതിൽ പൊതുവെ വിമുഖരാണ്. മദ്ധ്യവയസ്‌കരായ സ്ത്രീകളാണ് പൊതുവെ സ്വർണത്തെ പ്രദർശനവസ്തുവായി കാണുന്നത്.

ചില സ്ത്രീകളെ കാണുമ്പോൾ സഞ്ചരിക്കുന്ന ജുവലറിയോ എന്ന് തോന്നിപ്പോവും.സ്വർണം മാറ്റി വാങ്ങുന്നതിൽ നഷ്ടമൊന്നുമില്ല എന്നാണ് പറയുന്നതെങ്കിലും  പ്രയോഗത്തിൽ അങ്ങനെയല്ല എന്നാണ് പലരുടേയും അനുഭവം തെളിയിക്കുന്നത്. പക്ഷേ ഇഷ്ടമില്ലാത്ത ആഭരണം വീട്ടിലിരിക്കുന്നതിലും ഭേദമല്ലേ ഇഷ്ടമുള്ളത് ധരിച്ചുനടക്കുന്നത് എന്ന വാദത്തിനു മുമ്പിൽ പലരും ആഭരണകൈമാറ്റങ്ങൾക്ക് മുതിരുന്നു.         

സ്വർണം  പ്രകൃതിയുടെ ഒരു വരദാനമാണ്. ദൈവം പ്രകൃതിയിൽ നിക്ഷേപിച്ചിരിക്കുന്നതിനെ മനുഷ്യൻ ഖനനത്തിലൂടെ കണ്ടെത്തുകയാണ് ചെയ്യുന്നത്. ഏറെ ശ്രമകരമായ പ്രക്രിയക്ക് ശേഷം നമ്മുടെ മുന്നിൽ വിവിധ രൂപങ്ങളിൽ അത് എത്തിചേരുന്നു. സ്വർണം കണ്ടുപിടിച്ചതിന് ഏകദേശം 6000 വർഷത്തിലേറെ പഴക്കമുണ്ട്. ബിസി 700 മുതലാണ് സർണം നാണയമായി ഉപയോഗിച്ചുതുടങ്ങിയത്. സ്വർണം അടിസ്ഥാനമാക്കിയുള്ള നാണയവ്യവസ്ഥിതി 1930 വരെ  ഇവിടെ നിലനിന്നിരുന്നു.

സാമ്പത്തികശാസ്ത്രത്തിൽ സ്വർണത്തെ ലിക്യുഡ് അസറ്റ് അഥവാ ദ്രവരൂപത്തിലുള്ള ആസ്തിയായാണ് പരിഗണിക്കുന്നത്. കാരണം ഏതു സമയത്തും പണമാക്കി മാറ്റാവുന്ന വസ്തുവാണ് സ്വർണം. അത്യാവശ്യസന്ദർഭങ്ങളിൽ പണയം വയ്ക്കാം,  വിൽക്കാം,  നിക്ഷേപിക്കാം. വിവാഹസമയത്ത് വധുവിന് സ്വർണം നൽകുന്നത് ഒരു ജീവിതം കരുപ്പിടിപ്പിക്കുന്നതിന് സഹായകരമായ ചവിട്ടുപടിയായിട്ടാണ്. പൂർവികർ സ്വർണം അടുത്ത തലമുറയ്ക്ക് കൈമാറിയിരുന്നു എന്ന് ചരിത്രം തെളിയിക്കുന്നു.

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ആൽഫ്രഡ് മാർഷലിന്റെ അഭിപ്രായത്തിൽ വികസിതരാഷ്ട്രങ്ങൾ സ്വർണവും വെള്ളിയും പണത്തിന് തുല്യമായി തന്നെയാണ് കരുതുന്നത്. സാമ്പത്തികശാസ്ത്രത്തിലെ അടിസ്ഥാന സിദ്ധാന്തമായ വില സിദ്ധാന്തമനുസരിച്ച് ഒരു വസ്തുവിന്റെ വിലയേറുമ്പേൾ അതിന്റെ ഡിമാൻഡ്‌ കുറയണം. എന്നാൽ സ്വർണത്തിന്റെ  കാര്യത്തിൽ ഏറുന്ന വിലയാണ് അതിന്റെ ഡിമാൻഡിനെ ഉയർത്തന്നത്.

സ്വർണം ഒരു  പ്രദർശനവസ്തു എന്നതിലുപരി അതിന് നിക്ഷേപമൂല്യമാണുള്ളത്. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ കറൻസി അടിച്ചിറക്കുന്നതിനോടൊപ്പം തന്നെ ഒരു കരുതൽ ശേഖരമായി വിദേശകറൻസിയോടൊപ്പം സ്വർണവും നിക്ഷേപിക്കുന്നു. അതു വഴി രാജ്യത്തിന്റെ നാണയപ്പെരുപ്പത്തെ നിയന്ത്രണവിധേയമാക്കുന്നു. നിക്ഷേപകർ സ്വർണത്തെ നാണയമായും ആഭരണമായും, ബിസ്‌ക്കറ്റായും, ഗോൾഡ് സർട്ടിഫിക്കറ്റായും വ്യത്യസ്ഥമായ രിതിയിലാവണം നിക്ഷേപിക്കേണ്ടത്. അല്ലാതെ എല്ലാ മുട്ടകളും ഒരേ പാത്രത്തിൽ വിരിയാൻ വെയ്ക്കരുത്.

ലോകത്തിലെ ഏറ്റവും വലിയ സ്വർണഖനന കോർപറേഷന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമാണ് ഡോ. പീറ്റർ മങ്ക്. സ്വർണഖനനത്തിലൂടെ  ധനാഢ്യനായ അദ്ദേഹം  160 മില്യൺ ഡോളറാണ് വിദ്യാഭ്യാസ, ആരോഗ്യമേഖലയിൽ ദാനം ചെയ്തത്. അദ്ദേഹം 1992 ൽ സ്ഥാപിച്ച പീറ്റർ മങ്ക് ചാരിറ്റബിൾ ഫൗണ്ടേഷനിലൂടെ 100 മില്യൺ ഡോളർ കാനഡയുടെ വളർച്ചക്ക് മാത്രമായി സംഭാവന നൽകി.

ആഭരണനിർമാണത്തിനും ധനശേഖരണത്തിനും പുറമെ വൈദ്യശാസ്ത്രം, വ്യാവസായികം, തൊഴിൽ, ദന്തസംരംക്ഷണം, ബിസിനസ്സ്, എന്നീ തലങ്ങളിലും, കമ്പ്യൂട്ടർ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ,  മെഡലുകൾ, വ്യോമശാസ്ത്ര ഉപകരണങ്ങൾ എന്നിവയുടെ നിർമിതിയിലും, കീമോതെറാപ്പി പോലുള്ള കാൻസർ ചികിൽസാ രംഗത്തും  സ്വർണം ഒരു അനിവാര്യഘടകമാണ്.

മാനവരാശിയുടെ മഹത്തായ കണ്ടുപിടിത്തങ്ങളിൽ ഏറ്റവും മുന്തിയ സ്ഥാനമാണ് സ്വർണത്തിനുള്ളത്.  അതുകൊണ്ട് കേവലം ആഡംബരത്തിന് മാത്രമായി സ്വർണത്തെ കാണരുത്. മാത്രവുമല്ല തൊലിപ്പുറത്തുള്ള അമിതമായ ആഡംബരം ആന്തരികശൂന്യതയെയാണ് വിളിച്ചറിയിക്കുന്നത്.  

writer is...

തൃക്കാക്കര ഭാരതമാതാ കോളേജ് സാമ്പത്തികശാസ്ത്ര വിഭാഗം മേധാവി, കേരളത്തിലെ മൈക്രോഫിനാൻസ് രംഗത്തെ അധികരിച്ചുള്ള പഠനത്തിന് മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ്, സാമ്പത്തികശാസ്ത്രത്തെ നിത്യജീവിതവുമായി ബന്ധപ്പെടുത്തിയ ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവ്.