പഠിത്തത്തില്‍ മിടുക്കിയായ ബീനയ്ക്ക് ബാങ്ക് ഉദ്യോഗസ്ഥനായ അമ്മാവന്‍ പലപ്പോഴായി നല്‍കിയ സമ്മാനം കുറെ സര്‍ട്ടിഫിക്കറ്റുകളായിരുന്നു. തന്റെ പേരെഴുതിയ കടലാസുകളില്‍ കൗതുകത്തിനപ്പുറം മറ്റൊന്നും തോന്നാത്തതിനാല്‍ ബീന ഇതെല്ലാം അലമാരയ്ക്കുള്ളില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചു.
പഠനവും വിവാഹവും കഴിഞ്ഞ് കുടുംബമായി കഴിയുന്നതിനിടയില്‍ ഒരു ദിവസം അലമാര അടുക്കിവെയ്ക്കുന്ന കൂട്ടത്തിലാണ് അവിചാരിതമായി ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ഓഹരിയെക്കുറിച്ച് അറിയാവുന്ന അദ്ദേഹം ശരിക്കും അതിശയിച്ചുപോയി. ഇതെല്ലാം പ്രമുഖ കമ്പനികളുടെ ഓഹരികളായിരുന്നു. അവയുടെ ഇപ്പോഴത്തെ മൂല്യം ഏകദേശം പത്തുലക്ഷത്തലേറെയാണ്.
അമ്മാവന്‍ തനിക്കായി നടത്തിയ നിക്ഷേപത്തിന്റെ പലിശയാണ് തനിക്ക് എല്ലാ വര്‍ഷവും 'ഡിവിഡന്റാ'യി കിട്ടുന്നതെന്നാണ് ബീന കരുതിയിരുന്നത്. എന്നാല്‍ ഭര്‍ത്താവ് ഇതിന്റെ മൂല്യത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് താനൊരു ലക്ഷാധിപതിയാണെന്ന് മനസ്സിലായത്.
അമ്മാവന്‍ പണ്ടുനല്‍കിയ 'കടലാസു'കളുടെ വില മനസ്സിലാക്കിയ ബീനയ്ക്ക് അപ്പോഴാണ് കുട്ടികളുടെ പേരിലുള്ള നിക്ഷേപത്തിന്റെ വില മനസ്സിലായത്.
അമ്മാവന്‍ തനിക്ക് കരുതിയതുപോലെ തന്റെ കുട്ടികള്‍ക്കും എന്തെങ്കിലും കരുതണമെന്ന് തീരുമാനിക്കാന്‍ പിന്നെ വൈകിയില്ല. ബീനയുടെ അഭിപ്രായത്തോട് ഭര്‍ത്താവിനും യോജിപ്പായിരുന്നു.
കാരണം കുട്ടികള്‍ വളരുന്നു. അതിനേക്കാള്‍ വേഗത്തിലാണ് ജീവിതച്ചെലവുകള്‍; പ്രത്യേകിച്ച് വിദ്യാഭ്യാസ ചെലവും വിവാഹ ചെലവും കൂടുന്നത്. പണപ്പെരുപ്പം കൂടിയാകുമ്പോള്‍ മാറ്റിവെച്ചത് കൂടി ഒന്നിനും തികയാത്ത അവസ്ഥ. അപ്പോള്‍ ഒന്നും കരുതാത്തവരുടെ കാര്യമോ?
കുട്ടികള്‍ക്കായി ധാരാളം നിക്ഷേപ പദ്ധതികള്‍ നിലവിലുണ്ട്. അതില്‍ ഏതെങ്കിലും തിരഞ്ഞെടുത്താല്‍ ഉദ്ദേശിക്കുന്ന ഫലം കിട്ടില്ല. അതുകൊണ്ട് അനുയോജ്യ പദ്ധതിയാണെന്ന് ഉറപ്പാക്കി കരുതലോടെതന്നെ നിക്ഷേപിച്ച് തുടങ്ങണം.
കുട്ടികള്‍ക്കായി നിക്ഷേപിച്ച് തുടങ്ങുമ്പോള്‍ പൊതുവില്‍ വേണ്ട പ്രധാന കരുതലുകള്‍ ഇവയാണ്.
1. സ്ഥിരമായി നിക്ഷേപിക്കുന്നതാണ് ഒരുമിച്ചുള്ള നിക്ഷേപത്തേക്കാള്‍ നല്ലത്.
2. ഒരു പദ്ധതിയില്‍ മാത്രം നിക്ഷേപം ചുരുക്കാതെ വിവിധ പദ്ധതികളില്‍ ചേരുക.
3. ദീര്‍ഘകാല പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി നേരത്തെ നിക്ഷേപം തുടങ്ങുക.
4. വളര്‍ച്ച കുറഞ്ഞ പദ്ധതികളില്‍ നിന്നും നേട്ടം തരുന്ന പദ്ധതികളിലേക്ക് മാറുക.
5. കുട്ടികളുടെ പേരില്‍ ഇന്‍ഷൂറന്‍സ് എടുക്കുന്നതിന് പകരം അവരെ അവകാശികളാക്കിക്കൊണ്ട് പദ്ധതികളില്‍ ചേരുക. പദ്ധതി തിരഞ്ഞെടുക്കുമ്പോള്‍ കുറഞ്ഞ പ്രീമിയത്തില്‍ കൂടുതല്‍ പരിരക്ഷ ലഭിക്കുന്നവ എടുക്കുക. ഇന്‍ഷൂറന്‍സും സമ്പാദ്യവും വേര്‍തിരിച്ച് നടപ്പാക്കുക.
6. വസ്തുക്കള്‍ വിറ്റ് മറ്റ് നിക്ഷേപം നടത്താതെ അവ നിലനിര്‍ത്താന്‍ ശ്രമിക്കുക. കൂടാതെ നല്ല വിലയ്ക്ക് കിട്ടിയാല്‍ കുട്ടികള്‍ക്കായി വസ്തുക്കള്‍ വാങ്ങാനുള്ള അവസരമാക്കുക.
7. പരമ്പരാഗത നിക്ഷേപ രീതിയില്‍ നിന്നും നേട്ടം നല്‍കുന്ന നൂതന പദ്ധതികളിലേക്ക് മാറുക.
8. കുട്ടികള്‍ക്കായി മാറ്റിവെച്ച തുക വേറെ കാര്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന് തീരുമാനിക്കുക.
9. കുറച്ച് വീതം സ്വര്‍ണം സ്ഥിരമായി വാങ്ങി സൂക്ഷിക്കാന്‍ എക്‌സ്‌ചേഞ്ച് ട്രേഡ് ഗോള്‍ഡ് ഫണ്ട് (ഇ.ടി.ജി.എഫ്.) വഴി നിക്ഷേപം നടത്തുക.
10. മൂല്യമുള്ള കമ്പനികളുടെ ഓഹരികളില്‍ സ്ഥിരമായി നിക്ഷേപം നടത്തുക. ഭാവിയില്‍ നല്ല നേട്ടം നല്‍കാന്‍ ഇത് സഹായിക്കും.
11. മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍ സ്ഥിരമായി സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്.ഐ.പി.) വഴി നിക്ഷേപം നടത്തുക. ഉദാഹരണത്തിന് പ്രതിമാസം അയ്യായിരം രൂപ വീതം ഇരുത് വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ കുറഞ്ഞത് ഇരുപത് ശതമാനം വളര്‍ച്ച കിട്ടിയാല്‍കൂടി കാലാവധി എത്തുമ്പോള്‍ നിക്ഷേപം ഒരുകോടി ഇരുപത്തിമൂന്ന് ലക്ഷത്തിലേറെയാകും.
കുഞ്ഞ് ജനിക്കുമ്പോള്‍ മുതല്‍ നിക്ഷേപിച്ച് തുടങ്ങാം. കുട്ടികളുടെ കാര്യമല്ലേ, ഇനിയും വൈകിക്കേണ്ട.

- ബി. രാജേന്ദ്രന്‍
rajendransurplus@gmail.com