ജോലിക്ക് പോകുന്ന സ്ത്രീകളും വിദ്യാര്‍ത്ഥിനികളുമൊക്കെ മൂത്രശങ്ക ഉണ്ടായാലും മൂത്രമൊഴിക്കാതെ പിടിച്ചുനിര്‍ത്താറുണ്ട്. ശുചിമുറിയുടെ അഭാവവും ശുചിത്വമില്ലായ്മയുമാണ് പലപ്പോഴും ഇതിന് കാരണമാകാറുള്ളത്. കൃത്യസമയങ്ങളില്‍ മൂത്രമൊഴിക്കാതെ മൂത്രം മൂത്രസഞ്ചിയില്‍ കെട്ടിക്കിടക്കുന്നത് നല്ലതല്ല. ഇത് അണുബാധക്കും മൂത്രത്തില്‍ കല്ലുണ്ടാവാനുമൊക്കെ വഴിയൊരുക്കും. 

സ്ത്രീകളുടെ രോഗമായിട്ടാണ് മൂത്രശയ അണുബാധ അറിയപ്പെടുന്നത്. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് യൂറിനറി ഇന്‍ഫെക്ഷനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകളില്‍ മൂത്രദ്വാരവും യോനീനാളവും തമ്മിലുള്ള അകലക്കുറവും മൂത്രനാളിയുടെ നീളം കുറവായതുമാണ് മൂത്രാശയ അണുബാധ പെട്ടെന്ന് പിടികൂടാന്‍ കാരണം. പനി കുളിരും വിറയലും മൂത്രമൊഴിക്കുമ്പോള്‍ വേദനയും നീറ്റലുമുണ്ടാകുക., ഇടയിക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നുക തുടങ്ങിയവയാണ് മൂത്രത്തിലെ അണുബാധയുടെ പ്രധാന ലക്ഷണങ്ങള്‍. 

ശുചിത്വമില്ലായ്മ, വൃത്തിഹീനമായ അടിവസ്ത്രങ്ങളുടെ ഉപയോഗം, ആവശ്യത്തിന് വെള്ളം കുടിക്കാതെയിരിക്കുക, ലൈംഗികാവയവങ്ങളുടെ വൃത്തിക്കുറവ് എന്നിവയൊക്കെ അണുബാധയ്ക്ക് കാരണമാകാം. ആര്‍ത്തവിരാമമെത്തിയ സ്ത്രീകളിലും പ്രമേഹമുള്ളവരിലും അണുബാധക്കുള്ള സാധ്യത കൂടുതലാണ്. 

ധാരാളം വെള്ളം കുടിക്കുന്നത് തന്നെയാണ് അണുബാധ തടയാനുള്ള പ്രധാന മാര്‍ഗം. ദിവസവും 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. മൂത്രം പിടിച്ചുനിര്‍ത്താതെ യഥാസമയം മൂത്രമൊഴിക്കാനും  ശ്രദ്ധിക്കണം. ഗുഹ്യഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയും ലൈംഗിക ശുചിത്വം പാലിക്കുകയും ചെയ്യുക. മലവിസര്‍ജനത്തിന് ശേഷം കഴുകി വൃത്തിയാക്കുമ്പോള്‍ മുന്‍പില്‍ നിന്ന് പിറകോട്ടാണ് കഴുകേണ്ടത്. മലദ്വാരത്തില്‍ നിന്ന് യോനിയിലേക്ക് അണുബാധ ഉണ്ടാകാതെ ഇരിക്കാന്‍ ഇത് സഹായിക്കും. 

മൂത്രത്തില്‍ കല്ലുണ്ടാകുമ്പോള്‍ വയറുവേദനയാണ് പ്രധാന ലക്ഷണം. നടുവില്‍ നിന്നും വയറിന്റെ വശങ്ങളിലേക്ക് വ്യാപിക്കുന്ന വേദനയാണുണ്ടാകുന്നത്. മൂത്രം രക്തം കലര്‍ന്ന് ചുവപ്പ് നിറത്തില്‍ പോകാനിടയുണ്ട്. മൂത്രതടസ്സം, പനി, കുളിരും വിറയലും തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം. ചിലപ്പോള്‍ വൃക്കയിലും മറ്റും കാണപ്പെടുന്ന കല്ലുകള്‍ പ്രകടമായ ലക്ഷണങ്ങളൊന്നും ഉണ്ടാക്കിയെന്ന് വരികയില്ല. യാദൃച്ഛികമായി നടത്തുന്ന ഒരു വൈദ്യപരിശോധനയിലായിരിക്കും കല്ലുകള്‍ കണ്ടെത്തുന്നത്. 

വേണ്ടത്ര വെള്ളം കുടിക്കുന്നത് തന്നെയാണ് കല്ലുണ്ടാകാതെ ഇരിക്കാന്‍ പ്രധാനമായി ചെയ്യേണ്ടത്. സാന്ദ്രത കൂടിയ മൂത്രത്തില്‍ കല്ലുകള്‍ രൂപപ്പെടാന്‍ സാധ്യതയേറെയാണ്. വെയിലത്ത് ജോലി ചെയ്യുന്നവരും നിര്‍മാണതൊഴിലാളികളും വിയര്‍പ്പിലൂടെ ജലാംശം നഷ്ടപ്പെടുവാന്‍ സാധ്യതയുള്ളവരായതുകൊണ്ട് ധാരാളം വെള്ളം കുടിക്കണം. 

ഒരിക്കല്‍ കല്ലുവന്നാല്‍ വീണ്ടും ഉണ്ടാകാനുള്ള സാധ്യത കൂടുതലായതുകൊണ്ട്, അങ്ങനെയുള്ളവര്‍ കൂടുതല്‍ കരുതലെടുക്കണം. മാംസാഹാരത്തിലെ യൂറിക് ആസിഡ് കല്ലുണ്ടാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ആടുമാടുകളുടെ ചുവന്ന മാംസമാണ് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നത്. ചായ, ചോക്ലേറ്റുകള്‍, ബിയര്‍, സോഫ്റ്റ് ഡ്രിങ്ക്‌സ് തുടങ്ങിയവയുടെ അമിതോപയോഗവും കല്ലിന് കാരണമാകാം. തുടര്‍ച്ചയായി മൂത്രാശയ അണുബാധ ഉണ്ടാകുന്നവര്‍ കാരണം കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കണം. തുടര്‍ച്ചയായ അണുബാധയും കല്ലുണ്ടാക്കുന്നതിന് കാരണമാകാം. 


ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്.