സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ സൗന്ദര്യപ്രശ്‌നങ്ങളില്‍ ഒന്നാണ് മുഖത്തെ അമിതരോമവളര്‍ച്ച. ചില സ്ത്രീകള്‍ക്ക്  പുരുഷന്മാരുടേതിന് സമാനമായി മുഖത്ത് ശക്തമായരീതിയില്‍ രോമം വളരാറുണ്ട്. എന്നാല്‍ ഇത് സൗന്ദര്യ പ്രശ്‌നം മാത്രമല്ല വലിയ ആരോഗ്യ പ്രശ്‌നം കൂടിയാണ് എന്ന് തിരിച്ചറിയുക. ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ്  പലപ്പോഴും സ്ത്രീകളിലെ അമിതരോമ വളര്‍ച്ചയ്ക്ക് കാരണം. പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം ഉള്ളവരില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും അതുവഴി രോമവളര്‍ച്ചയും വരാം. 

സ്ത്രീഹോര്‍മോണിന്റെ കുറവും പുരുഷ ഹോര്‍മോണിന്റെ കൂടുതലാണ് രോമവളര്‍ച്ചയുണ്ടാക്കുന്നത്. ഓവറിയിലുണ്ടാകുന്ന ചില മുഴകളും ഇത്തരം ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്നത് വഴി അമിതമായി മുടി വളരുകയും ചെയ്യുന്നു. ചിലരില്‍ അമിതരോമവളര്‍ച്ച പാരമ്പര്യമായി കണ്ടുവരാറുണ്ട്. എന്നിരുന്നാലും 90 ശതമാനം പേരിലും അമിതരോമവളര്‍ച്ചയുടെ കാരണം പോളിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം എന്ന അവസ്ഥ തന്നെയാകാം. കൂടാതെ തൈറോയിഡ്, പ്രോലാക്ടിന്‍, ടെസ്‌റ്റോസ്റ്റീറോണ്‍ എന്നി ഹോര്‍മോണുകളിലുണ്ടാകുന്ന  വ്യതിയാനവും അമിതരോമവളര്‍ച്ചയ്ക്ക് ഇടയാക്കും.

അമിത രോമവളര്‍ച്ച ശ്രദ്ധയില്‍ പെട്ടാല്‍ ഡോക്ടറെ കണ്ട് ഹോര്‍മോണ്‍ തകരാറുകള്‍ ഇല്ല എന്ന് ഉറപ്പുവരുത്തുക. അള്‍ട്രാസൗണ്ട് സ്‌കാനിങ് വഴി പോളിസിസ്റ്റിക് ഓവറിയുണ്ടോ എന്ന് അറിയാന്‍ പറ്റും. ഹോര്‍മോണ്‍ ലെവലും പരിശോധിക്കണം. ഹോര്‍മോണ്‍ തകരാറുകള്‍ ഉണ്ടെങ്കില്‍ ഭക്ഷണത്തിലും വ്യായാമത്തിലും മാറ്റം കൊണ്ടുവരണം. അമിത രോമവളര്‍ച്ചയുടെ കാരണം ഹോര്‍മോണ്‍ വ്യതിയാനമല്ല എന്ന് കണ്ടെത്തിയാല്‍ രോമങ്ങള്‍  നീക്കം ചെയ്യാനുള്ള ഏറ്റവും ഫലപ്രധവും സ്ഥിരവുമായ മാര്‍ഗം ലേസര്‍ ചികിത്സയാണ്. ഇതിന് മടിയുള്ളവര്‍ക്ക് ഹെയര്‍ റിമൂവിങ് ക്രിമുകളോ വാക്‌സിങ്ങോ നടത്തി രോമം നീക്കം ചെയ്യാവുന്നതാണ്.

Content Highlights: women's hair growth