പെണ്‍കുട്ടികള്‍ക്ക് ആദ്യത്തെ ആര്‍ത്തവം ഉണ്ടാകുന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. എന്നാല്‍ ആദ്യത്തെ ആര്‍ത്തവവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ ആളുകള്‍ക്ക് ഉണ്ടാകാം. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ അമ്മമാര്‍ക്ക്. പണ്ട് പത്തുവയസിനു ശേഷമായിരുന്നു ആദ്യത്തെ ആര്‍ത്തവം ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അത് ഒന്‍പതു വയസുവരെ ആയിട്ടുണ്ട്. എപ്പോഴാണെങ്കിലും എട്ടുവയസില്‍ താഴെ ആദ്യത്തെ ആര്‍ത്തവം ഉണ്ടാകുന്നത് ഒരു രോഗലക്ഷണമായാണ് വൈദ്യശാസ്്രതം കണക്കാക്കുന്നത്. ഈ പ്രായത്തില്‍ ആര്‍ത്തവം ഉണ്ടാകുന്നത് പെണ്‍കുട്ടികളെ മാനസികവും ശാരീരികവുമായി വിഷമത്തിലാക്കും. 

16 വയസുവരെ മാസമുറ ആകാതിരുന്നാല്‍ ഭയക്കെണ്ട കാര്യമില്ല. എന്നാല്‍ 16 വയസായിട്ടും ആര്‍ത്തവമായില്ലെങ്കില്‍ ഡോക്ടറേ കാണേണ്ടതുണ്ട്. ആദ്യമായി ആര്‍ത്തവം ഉണ്ടാകുമ്പോള്‍ പെണ്‍കുട്ടിക്ക്  എന്തെല്ലാം കഴിക്കാന്‍ കൊടുക്കണം എങ്ങനെ അവരെ ശിശ്രൂഷിക്കാം എന്നതെല്ലാം മാതാപിതാക്കളുടെ ആശങ്കകളാണ്. എന്നാല്‍ ആദ്യ ആര്‍ത്തവത്തിനായി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല എന്ന് വിദഗ്ധര്‍ പറയുന്നു.

ആദ്യ ആര്‍ത്തവം ഉണ്ടായി ഒരു വര്‍ഷത്തേയ്ക്ക് ക്രമമില്ലാത്ത ആര്‍ത്തവം ഉണ്ടായാലും ഭയക്കേണ്ടതില്ല. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷവും ആര്‍ത്തവം ക്രമമായില്ലെങ്കില്‍ ഡോക്ടറെ കാണേണ്ടതുണ്ട്. ആര്‍ത്തവം ഉണ്ടാകുന്ന സമയങ്ങളില്‍ അമിതവേദനയുള്ളവര്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് വേദന കുറയക്കാന്‍ സഹായിക്കും. കൂടാതെ കൃത്യസമയത്ത് ആഹാരം കഴിക്കുന്നതും ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഒരു കുപ്പിയില്‍ ചൂടുവെള്ളം നിറച്ച് വയറില്‍ വയ്ക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും വേദന കുറയ്ക്കാന്‍ സഹായിക്കും. ചൂടുവെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്. കൂടാതെ രക്തം ഉണ്ടാകാന്‍ സഹായിക്കുന്ന ഇലക്കറികള്‍ കാരറ്റ്, ബിറ്റ്‌റൂട്ട്, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.

Content Highlights: women first period