രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്നതു വരെ ചൈനയിലെ ക്‌സിയഗെമന്‍ നഗരത്തിലെ ചെന്‍ എന്ന യുവതിയുടെ കേള്‍വിക്ക് തകരാര്‍ ഒന്നും ഉണ്ടായിരുന്നില്ല. സുഹൃത്തുക്കളോട് നന്നായി സംസാരിച്ചതിനു ശേഷമായിരുന്നു യുവതി ഉറങ്ങാന്‍ കിടന്നത്. രാത്രിയില്‍ ചെന്നിന്റെ ചെവിക്ക് ചെറിയ അസ്വസ്ഥത തോന്നിരുന്നു എന്നാല്‍ ചെന്‍ അത് കാര്യമാക്കിയില്ല. അടുത്ത ദിവസം രാവിലെ കാമുകനെ കണ്ട് സംസാരിച്ചു തുടങ്ങിയപ്പോഴാണ് യുവതി കാര്യം തിരിച്ചറിഞ്ഞത്. 

ചെന്നിന് കാമുകന്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ കഴിയുന്നില്ല. എന്നാല്‍ സ്ത്രീ സുഹൃത്തുക്കള്‍ പറയുന്നത് വ്യക്തമായി കേള്‍ക്കാനും സാധിക്കുന്നുണ്ട്. പുരുഷശബ്ദം മാത്രമാണ് ഇവര്‍ക്ക് കേള്‍ക്കാന്‍ സാധിക്കാതെ വരുന്നത്.  ഇതോടെ പരിഭ്രാന്തയായ യുവതി ഡോക്ടറെ സമീപിച്ചു. പരിശോധനയില്‍ യുവതിക്ക് റിവേഴ്‌സ് സ്‌ലോപ് ഹിയറിങ് എന്ന അവസ്ഥയാണെന്നു കണ്ടെത്തി. ഈ അവസ്ഥയുള്ള യുവതിക്ക് ഉയര്‍ന്ന ഫ്രീക്വന്‍സിയുള്ള ശബ്ദം മാത്രമേ കേള്‍ക്കാന്‍ സാധിക്കുകയുള്ളു. ചെറിയ ഫ്രീക്വന്‍സിയിലുള്ള ശബ്ദം ഇവര്‍ക്ക് കേള്‍ക്കാന്‍ സാധിക്കില്ല. അതുമൂലമാണ് യുവതിക്ക് തന്റെ കാമുകന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയാതെ വന്നത്. 

പുരുഷന്മാരുടെ ശബ്ദവും സ്ത്രീകള്‍ ഉച്ചരിക്കുന്ന ചില്ലക്ഷരങ്ങളും ചെന്നിന് കേള്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. കഴിഞ്ഞു പോയ ദിവസങ്ങളില്‍ ഉറക്കം വളരെ കുറവായിരുന്നു എന്നും ജോലിയില്‍ സമ്മര്‍ദ്ദം വളരെക്കൂടുതലായിരുന്നു എന്നും യുവതി ഡോക്ടറോടു പറഞ്ഞു. ജനിതകപരമായ കാരണങ്ങള്‍ കൊണ്ടും ചെവിയില്‍ ഉണ്ടാകുന്ന അണുബാധ കൊണ്ടും ഈ അവസ്ഥ ഉണ്ടായേക്കാം. എന്നാല്‍ 13,000 പേരില്‍ ഒരാള്‍ക്കാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. രോഗബാധിതയായ യുവതിയുടെ ചിത്രങ്ങളോ കൂടുതല്‍ വിവരമോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Content Highlights: woman can't hear the voices of men