മ്മയാവാന്‍ പേടിയുള്ള സ്ത്രീകളുണ്ടാവുമോ? മാതൃത്വം സ്ത്രീത്വത്തിന്റെ പൂര്‍ണതയാണെന്നൊക്കെ പറയാറുണ്ടെങ്കിലും ചിലപ്പോഴെങ്കിലും ഗര്‍ഭകാലവും പ്രസസവവും ഒക്കെ പേടിച്ച് അമ്മയാവാന്‍ മടിക്കുന്നവരുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു. ഏതൊരു സ്ത്രീക്കും ഇക്കാര്യങ്ങളില്‍ ആശങ്കയും പേടിയുമുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍, പേടി അധികമായാല്‍ അത് ഫോബിയ ആയി മാറും. ഇങ്ങനെ പേടി മൂലം ഗര്‍ഭധാരണം നീട്ടിവയ്ക്കുകയോ ഗര്‍ഭഛിദ്രം നടത്തുകയോ ഗര്‍ഭധാരണം ഒഴിവാക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ടോകോഫോബിയ.

പ്രസവവേദനയോടുള്ള ഭയമായിരിക്കും ചിലരില്‍ ടോകോഫോബിയയ്ക്ക് കാരണം. നഗ്നമായ ശരീരം ഡോക്ടര്‍മാര്‍ കാണുന്നതിലുളള ലജ്ജ, പ്രസവത്തോടെ താന്‍ മരിച്ചു പോയേക്കുമെന്നുള്ള ഉത്കണ്ഠ എന്നിവയും ഫോബിയയിലേക്ക് എത്താം. ഉത്കണ്ഠ, വിഷാദരോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒരു മാനസിക പ്രശ്‌നമാണ് ടോകോഫോബിയ.

രണ്ടുതരം ടോകോഫോബിയയാണ് സ്ത്രീകളില്‍ പൊതുവേ കണ്ടുവരാറുള്ളത്.

കൗമാരപ്രായത്തിലോ കുട്ടിയായിരിക്കുമ്പോള്‍ തന്നെയോ പ്രസവത്തെക്കുറിച്ചുള്ള കേട്ടറിവുകള്‍ മൂലമുണ്ടാകുന്ന ഭയമാണ് പ്രാഥമിക ടോകോഫോബിയ. ഇത്തരക്കാര്‍ പ്രസവവുമായി ബന്ധപ്പെട്ട ഭയത്തെക്കുറിച്ച് തുറന്നുപറയാറുണ്ട്. അതിന് കഴിയാതെ കുഞ്ഞുങ്ങള്‍ വേണ്ട എന്ന് വാശിപിടിക്കുന്നവരുമുണ്ട്.

ആദ്യപ്രസവം വേദനാജനകമോ പ്രയാസമേറിയതോ ആണെങ്കില്‍ സ്ത്രീകളില്‍ തുടര്‍ന്ന് ടോകോഫോബിയ കണ്ടുവരാറുണ്ട്. ഇതിനെ ദ്വിതീയ ടോകോഫോബിയ എന്ന് പറയുന്നു. ഗര്‍ഭമലസല്‍, ജനിക്കും മുമ്പെ കുഞ്ഞ് മരിച്ചു പോവുക എന്നീ അനുഭവങ്ങളിലൂടെ കടന്നുപോയവര്‍ക്കും ഫോബിയ കണ്ടുവരാറുണ്ട്.

സ്ത്രീകളുടെ വൈകാരികവും മാനസികവുമായ ആരോഗ്യത്തെ ടോകോഫോബിയ പ്രതീകൂലമായി ബാധിക്കാം. പ്രസവിക്കാനുള്ള പേടി കൊണ്ട് ചിലരൊക്കെ സിസേറിയന്‍ മതിയെന്ന് വാശിപിടിക്കുന്നത് ഇക്കാരണത്താലാണ്. പ്രസവിക്കാനുള്ള ഭയം മൂലം ഗര്‍ഭം അലസിപ്പിക്കണോ വേണ്ടയോ എന്ന ചിന്ത ചിലരില്‍ മാനസികസംഘര്‍ഷത്തിനും അതുവഴി വിഷാദരോഗത്തിനും കാരണമാകാം.

ഗര്‍ഭധാരണവും പ്രസവവും സംബന്ധിച്ച് ആശങ്കകളോ പേടിയോ ഉണ്ടെങ്കില്‍ പങ്കാളിയോടോ വീട്ടുകാരോടോ തുറന്നുപറയുകയാണ് ടോകോഫോബിയയില്‍ നിന്ന് രക്ഷപെടാനുള്ള ആദ്യമാര്‍ഗം. ഗര്‍ഭകാലവും പ്രസവവുമായി ബന്ധപ്പെട്ട പുറത്തുവരുന്ന പേടിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ കഴിവതും വായിക്കാതെ ഒഴിവാക്കാന്‍ ശ്രമിക്കുക. ഡോക്ടറില്‍ നിന്നോ ആരോഗ്യവിദഗ്ധരില്‍ നിന്നോ മാത്രം ഉപദേശങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുക. മനസ്സിനെ ശാന്താമായിരിക്കാന്‍ പരിശീലിപ്പിക്കുക. ടോകോഫോബിയ പരിഹാരമുള്ള അവസ്ഥയാണെന്ന് തിരിച്ചറിയുകയും പേടിയെ നേരിടാന്‍ മനസ്സിനെ ഒരുക്കുകയും ചെയ്താല്‍തന്നെ മാതൃത്വം ഏറ്റവും മധുരതരമായ അവസ്ഥയാക്കാന്‍ സ്ത്രീകള്‍ക്ക് കഴിയും.