മാസം തോറുമുള്ള ആ അഞ്ച് ദിവസങ്ങളില്‍ മാത്രമാണോ സ്ത്രീകള്‍ക്ക് ആര്‍ത്തവത്തോടനുബന്ധിച്ചുള്ള വിഷമകാലം. അല്ലേയല്ല! ആര്‍ത്തവകാല വേദനയെക്കാളും ബുദ്ധിമുട്ടുകളെക്കാളും പ്രശ്‌നം സൃഷ്ടിക്കുന്നതാണ് പിഎംഎസ് അഥവാ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്ന അവസ്ഥ. എല്ലാ സ്ത്രീകളിലും ഏറിയും കുറഞ്ഞും ഈ ലക്ഷണങ്ങള്‍ കാണാറുണ്ട്.

ആര്‍ത്തവത്തിന് ഒന്നോ രണ്ടോ ആഴ്ച മുമ്പ് പ്രത്യക്ഷപ്പെടുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളാണ് പിഎംഎസ്. മിക്ക സ്ത്രീകളിലും ചില പിഎംഎസ് ലക്ഷണങ്ങള്‍ കാണാറുണ്ട്. ആര്‍ത്തവം ആരംഭിക്കുന്നതോടെ അപ്രത്യക്ഷമാകുന്ന ഈ ലക്ഷണങ്ങള്‍ ചിലരില്‍ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കാറുണ്ട്.

pms

ഈസ്ട്രജന്‍,പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകളുടെ നിലയില്‍ വരുന്ന വ്യത്യാസങ്ങളാണ് പിഎംഎസിന്റെ കാരണങ്ങളിലൊന്ന്. ഹോര്‍മോണ്‍ നിലയിലെ ഏറ്റക്കുറച്ചിലുകള്‍ മൂലം തലച്ചോറിലെ സെറാട്ടോണിന്‍ പോലെയുള്ള രാസപദാര്‍ഥങ്ങളുടെ അളവിലും വ്യത്യാസം വരും. ജീവിതശൈലിയ്ക്കും പിഎംഎസില്‍ പങ്കുണ്ട്. അമിതവണ്ണം,വ്യായാമത്തിന്റെ അഭാവം,മാനസിക പിരിമുറുക്കം എന്നിവയൊക്കെ പിഎംഎസിലേക്ക് വഴിയൊരുക്കും.

28 ദിവസങ്ങളുള്ള ആര്‍ത്തവചക്രത്തിന്റെ പതിനാലാം ദിവസത്തോട് അടുത്തായിരിക്കും പിഎംഎസ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. ആര്‍ത്തവം ആരംഭിക്കുന്നത് വരെ ഇത് നീണ്ടുനില്‍ക്കും.ലക്ഷണങ്ങളുടെ തീവ്രത ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും.

ശാരീരികലക്ഷണങ്ങള്‍

 • തലവേദന
 • നടുവിന് വേദന
 • സന്ധിവേദന
 • ക്ഷീണം
 • സ്തനങ്ങളില്‍ വേദന,വീക്കം
 • വയറിന് അസ്വസ്ഥതകള്‍
 • മലബന്ധം

pms

മാനസിക ലക്ഷണങ്ങള്‍

 • വിഷാദം
 • പിരിമുറുക്കം
 • അകാരണമായ ദേഷ്യം,സങ്കടം
 • അതിവൈകാരികത
 • ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക

ഗര്‍ഭാവസ്ഥയിലേതിന് സമാനമായി ആഹാരസാധനങ്ങളോട് കൊതി തോന്നുക, ഗന്ധങ്ങളോട് പ്രതികരിക്കുക എന്നിവയും പിഎംഎസിനോടനുബന്ധിച്ച് ചിലരില്‍ കണ്ടുവരാറുണ്ട്.

ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരു പരിധിവരെ പിഎംഎസിന്റെ അസ്വസ്ഥതകള്‍ കുറഞ്ഞുകിട്ടും. മാനസികപിരിമുറുക്കം കുറയ്ക്കുന്നതും വ്യായാമം ചെയ്യുന്നതും ഗുണം ചെയ്യും. രാത്രിയില്‍ കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം. പഞ്ചസാര,ഉപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതും നല്ലതാണ്. ധാരാളം വെള്ളം കുടിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

എല്ലാ മാസവും ആര്‍ത്തവസമയത്തിന് മുന്നോടിയായി മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ തീവ്രമായി അനുഭവപ്പെടുന്നെങ്കില്‍ ഡോക്ടറുടെ ചികിത്സ തേടാവുന്നതാണ്. ചിലരില്‍ പിഎംഎസ് കൂടുതലാവുകയും കടുത്ത വിഷാദത്തിന് കാരണമാകുകയും ചെയ്യാറുണ്ട്. 

കടപ്പാട്: മോഡസ്റ്റ