നാല്പതുകളുടെ അവസാനമോ അമ്പതുകളുടെ തുടക്കത്തിലോ ആണ് സ്ത്രീകളില്‍ ആര്‍ത്തവവിരാമം പൊതുവേ സംഭവിക്കാറുള്ളത്. എന്നാല്‍, ജീവിതശൈലിയിലും ആഹാരരീതിയിലും മാറ്റങ്ങള്‍ വന്നതോടെ ആര്‍ത്തവവിരാമം നേരത്തെ സംഭവിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ആര്‍ത്തവവിരാമം നേരത്തെയാവുന്നത് തടയാന്‍ കഴിയും. നാരുകള്‍ കൂടുതലടങ്ങിയതും കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റുകളും കുറഞ്ഞതുമായ ഭക്ഷണം കഴിയ്ക്കുക, പച്ചക്കറികളും പഴങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, സ്ഥിരമായി വ്യായാമം ചെയ്യുക എന്നിവയൊക്കെ ആര്‍ത്തവവിരാമം നേരത്തെയാവുന്നതിനുള്ള പ്രതിരോധമാര്‍ഗങ്ങളാണ്. മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കാന്‍ യോഗ ശീലിക്കുന്നതും വളരെ നല്ലതാണ്. 

പോഷകാഹാരക്കുറവോ മാനസികസമ്മര്‍ദ്ദമോ  ഒക്കെയാണ്‌ ആര്‍ത്തവവിരാമം നേരത്തെയാവാന്‍ കാരണമാവുക.  ആര്‍ത്തവചക്രത്തില്‍ ക്രമമില്ലായ്മ സൃഷ്ടിക്കുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും നേരത്തെയുള്ള ആര്‍ത്തവവിരാമത്തിന് കാരണമാകാം.ജനിതകപ്രശ്‌നങ്ങള്‍, തൈറോയിഡ് രോഗങ്ങള്‍, ടൈപ് 1 പ്രമേഹം, മുണ്ടിനീര്, മെറ്റബോളിക് പ്രശ്‌നങ്ങള്‍, കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ തുടങ്ങിവയും ആര്‍ത്തവവിരാമം നേരത്തെയാവാനുള്ള മറ്റ് പ്രധാന കാരണങ്ങളാണ്.

അകാലത്തിലുള്ള ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങള്‍ സ്വാഭാവിക ആര്‍ത്തവവിരാമത്തിന്റേതിനു സമാനമാണ്. ക്രമം തെറ്റിയ മാസമുറയാണ്‌ ആദ്യ ലക്ഷണം. ഗര്‍ഭധാരണശേഷി ഇല്ലാതാവുക, ലൈംഗികാസക്തി കുറയുക, ദോഹമാസകലം കടുത്ത ചൂട് അനുഭവപ്പെടുക, ഉത്കണ്ഠ വര്‍ധിക്കുക തുടങ്ങിയവയെല്ലാം ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങളാണ്.

ആരോഗ്യവതിയായ ഒരു സ്ത്രീക്ക് തടര്‍ച്ചയായി 12 മാസം വരെ ആര്‍ത്തവം ഇല്ലാതിരിക്കുകയും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ യോനീവരള്‍ച്ച എന്നിവ ഉണ്ടാവുകയും ചെയ്താല്‍ ആര്‍ത്തവവിരാമമായി എന്ന് കണക്കാക്കാം. ഫോളിക്കിള്‍ സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ പരിശോധന നടത്തിയും ഇക്കാര്യം ഉറപ്പിക്കാവുന്നതാണ്. 

നേരത്തെയുള്ള ആര്‍ത്തവവിരാമത്തെ പ്രതിരോധിക്കാന്‍ ഹോര്‍മോണ്‍ പുനസ്ഥാപന ചികിത്സ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ഇതിലൂടെ ഓസ്റ്റിയോപൊറോസിസ്, ഹൃദയധമനികള്‍ക്ക് ഉണ്ടാകുന്ന തകരാര്‍ എന്നിവ വഴിയുണ്ടാവുന്ന അപകടസാധ്യത കുറയ്ക്കാനും കഴിയും. സ്തനാര്‍ബുദം ഉള്ളവര്‍ക്ക് ഈ ചികിത്സ നിര്‍ദേശിക്കാറില്ല.

 

courtesy:modesta