ന്ന് മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് മാനസികസംഘര്‍ഷമാണ്. ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ വൈകാരിക സംഘര്‍ഷവും മാനസികപിരിമുറുക്കവും ഉണ്ടാകാത്തവര്‍ വളരെക്കുറവായിരിക്കും. ഗുരുതരമായ രോഗാവസ്ഥയോ പ്രിയപ്പെട്ടവരുടെ മരണമോ സാമ്പത്തിക പ്രശ്‌നങ്ങളോ ജോലി നഷ്ടപ്പെടുന്നതോ അങ്ങനെ എന്തുമാകാം ഈ പിരിമുറുക്കത്തിന് കാരണം. അത്തരം സാഹചര്യങ്ങളില്‍ വ്യക്തികളില്‍ കാണപ്പെടുന്ന വൈകാരിക പിരിമുറുക്കമാണ് അഡ്ജസ്റ്റ്‌മെന്റ് ഡിസോര്‍ഡര്‍.

ഒരു വലിയ മാറ്റത്തോട് ഇണങ്ങാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്നതും കുറച്ചുസമയത്തേക്ക് മാത്രം നിലനില്‍ക്കുന്നതുമാണ് ഈ അവസ്ഥ. ഓരോരുത്തരിലും ഇതിന്റെ ലക്ഷണങ്ങള്‍ പ്രകടമാവുന്നത് പല തരത്തിലായിരിക്കും. ജീവിതത്തെ അത്രമേല്‍ പിരിമുറുക്കത്തിലാക്കുന്ന സംഭവത്തിനോ സാഹചര്യത്തിനോ ശേഷം മൂന്ന് മാസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാറുണ്ട്. ഇവ വൈകാരികമോ സ്വഭാവപരമോ ചിലപ്പോള്‍ രണ്ടും കൂടിയോ ആയിരിക്കും.

നിരാശ,വിഷമം,ഉത്കണ്ഠ,ഉറക്കവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടാവുക, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക, ആത്മഹത്യാ ചിന്ത തുടങ്ങിയവയൊക്കെയാണ് വൈകാരിക ലക്ഷണങ്ങള്‍. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അവഗണിക്കുക, ജോലിയിലെയും പഠനത്തിലെയും പ്രകടനം മോശമാവുക, ഉത്തരവാദിത്തങ്ങള്‍ മറന്നുപോവുക,വാഗ്വാദത്തില്‍ ഏര്‍പ്പെടുക തുടങ്ങിയവയൊക്കെ സ്വഭാവപരമായ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.

കുട്ടിക്കാലത്ത് പിരിമുറുക്കം അനുഭവിച്ചിട്ടുള്ളവരില്‍ അഡ്ജസ്റ്റ്‌മെന്റ് ഡിസോര്‍ഡറിനുള്ള സാധ്യത കൂടുതലായിരിക്കും. വിശദമായ മാനസിക വിലയിരുത്തലുകള്‍ക്ക് ശേഷമാണ് അഡ്ജസ്റ്റ്‌മെന്റ് ഡിസോര്‍ഡറാണോ എന്ന് വിലയിരുത്താനാവുക. അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്റെ മാനുവല്‍ പ്രകാരം രോഗനിര്‍ണയത്തിനുള്ള പ്രധാന മാനദണ്ഡങ്ങള്‍ ഇവയാണ്.

  • മാനസികസംഘര്‍ഷത്തിന് കാരണമാകുന്ന തരത്തില്‍ ഒരു പ്രത്യേക സംഭവം നടന്ന് മൂന്ന് മാസത്തിനകം ലക്ഷണങ്ങള്‍ പ്രകടമാവുക
  • അമിതമായ മാനസികസംഘര്‍ഷമുള്ള വ്യക്തിയില്‍ നിന്ന് സ്വാഭാവികമായി പ്രതീക്ഷിക്കുന്നതില്‍ നിന്നും തീവ്രമായ പ്രതികരണം ഉണ്ടാവുക
  • മാനസികസംഘര്‍ഷം മൂലം വ്യക്തിബന്ധങ്ങള്‍ തകരാറിലാവുക 

 
കൗണ്‍സിലിംഗ് അഥവാ ടോക് തെറാപ്പിയാണ് അഡ്ജസറ്റ്‌മെന്റ് ഡിസോര്‍ഡറിനുള്ള പ്രധാന ചികിത്സ. ചികിത്സയിലൂടെ ലഭിക്കുന്ന വൈകാരിക പിന്തുണയിലൂടെ ഈ മാനസികാവസ്ഥയെ മറികടക്കാനാവും. വ്യക്തിക്ക് മാത്രമായി ചികിത്സ നല്കുന്ന രീതിയെക്കാളും കുടുംബാംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയുള്ള കൗണ്‍സിലിംഗിനാണ് ചികിത്സയില്‍ മുന്‍തൂക്കം നല്കുക.

ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതിലൂടെ അഡ്ജസ്റ്റ്‌മെന്റ് ഡിസോര്‍ഡറിനെ ഒരുപരിധി വരെ പ്രതിരോധിക്കാനാവും. നിഷേധാത്മകമാല്ലാത്ത ചിന്തകള്‍ മനസ്സില്‍ സൂക്ഷിക്കുന്നതും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കരുതലും പിന്തുണയും ലഭിക്കുന്നതും  മനസ്സിനെ അഡ്ജസ്റ്റ്‌മെന്റ് ഡിസോഡറിന് അടിമപ്പെടുന്നതില്‍ നിന്ന് പ്രതിരോധിക്കും.

കടപ്പാട്:മോഡസ്റ്റ