ണ്ണം കുറയ്ക്കാൻ പെടാപ്പാടു പെടുന്നവരുണ്ട്. വർക്കൗട്ട് തുടങ്ങിയാലും പാതിവഴിയിൽ ഉപേക്ഷിച്ചും കൃത്യമായ ഡയറ്റ് പിന്തുടരാതെയുമൊക്കെ ലക്ഷ്യസ്ഥാനത്ത് എത്താൻ പറ്റാത്തവരാണ് മിക്കവരും. എന്നാൽ അവനവൻ വിചാരിച്ചാൽ വണ്ണം കുറയ്ക്കൽ അത്ര ബാലികേറാമല അല്ലെന്നു പറയുകയാണ് ന്യൂട്രീഷണിസ്റ്റായ നിധി ​ഗുപ്ത. 

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് വണ്ണം കുറയ്ക്കാനുള്ള ചില ടിപ്സ് നിധി പങ്കുവെച്ചിരിക്കുന്നത്. ശരീരം ഏതുതരമാണെന്ന് തിരിച്ചറിയുകയും അതിനനുസരിച്ചുള്ള ഫിറ്റ്നസ് വഴികൾ സ്വീകരിക്കുകയുമാണ് പ്രധാനമെന്ന് പങ്കുവെക്കുകയാണ് നിധി. വണ്ണം കുറയ്ക്കാൻ തന്നെ സഹായിച്ച അഞ്ചു വഴികളാണ് നിധി പങ്കുവെക്കുന്നത്.

പെർഫെക്ഷനേക്കാൾ പ്രധാനം സ്ഥിരതയാണ് എന്നതാണ് ആദ്യമായി നിധി പങ്കുവെക്കുന്നത്. ലക്ഷ്യം നേടാൻ എല്ലാ ദിവസവും പെർഫെക്റ്റ് ആയിരിക്കണമെന്നില്ല. പകരം സ്ഥിരത കൈവിടാതിരുന്നാൽ മതി. പരമാവധി സമയം ആരോ​ഗ്യകരമായ ഭക്ഷണം മാത്രം കഴിക്കുക. ഇടയ്ക്കെപ്പോഴെങ്കിലും ആരോ​ഗ്യകരമല്ലാത്ത ഭക്ഷണം കഴിച്ചാലും അമിത ആശങ്കാകുലരാകാതിരിക്കുകയും വേണം. 

പൂർണമായും ഒരു കാര്യം ഒഴിവാക്കുന്നതിന് പകരം മിതത്വം പാലിക്കുക എന്നതാണ് അടുത്തത്. ഇഷ്ടമുള്ള ഭക്ഷണം പൂർണമായും ഒഴിവാക്കി വണ്ണം കുറയ്ക്കേണ്ടതില്ല. താനൊരിക്കലും അങ്ങനെ ചെയ്തിട്ടില്ല. താൻ കഴിച്ചിരുന്ന പ്രിയഭക്ഷണങ്ങളുടെ അളവ് കുറയ്ക്കുകയാണ് ചെയ്തത്. ഒരു കഷ്ണം കേക്ക് കഴിക്കാൻ തോന്നുമ്പോൾ അതിന്റെ പകുതി മാത്രം കഴിക്കും. അതുകൊണ്ട് പൂർണമായും ഒരു ഭക്ഷണം ഒഴിവാക്കാം എന്നുകരുതുന്നത് പ്രായോ​ഗികമല്ല. 

ഇഷ്ടമുള്ള വർക്കൗട്ടുകൾ ചെയ്യുക എന്നതാണ് മറ്റൊന്ന്. ഇഷ്ടമില്ലാത്ത വർക്കൗട്ടുകൾ ചെയ്യുകയോ വെയ്റ്റ് ലിഫ്റ്റിങ് പോലുള്ളവയിലേക്ക് പോവുകയോ ചെയ്യേണ്ടതില്ല. ആദ്യം നടന്നുതുടങ്ങാം. ആദ്യം അയ്യായിരം ചുവടുകൾ ലക്ഷ്യം വെക്കുക. പിന്നീട് അതിൽ നിന്ന് കൂട്ടിക്കൊണ്ടുവരിക. 

കഴിക്കുന്ന ഭക്ഷണം ശരീരത്തിന് പോഷകവും നൽകുന്നതായിരിക്കണം എന്നതാണ് നിധി പങ്കുവെക്കുന്ന മറ്റൊരു ടിപ്. ആരോ​ഗ്യകരമായി ഭക്ഷണം കഴിക്കേണ്ടത് വണ്ണം കുറയ്ക്കാൻ മാത്രമല്ല ചർമത്തിനും മുടിക്കും കണ്ണുകൾക്കുമൊക്കെ പോഷകം നൽകാൻ കൂടിയാണ്. ഡയറ്റിൽ എല്ലാ നല്ല ഭക്ഷണങ്ങളും ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.

മറ്റുള്ളവരുടെ വണ്ണം കുറയ്ക്കൽ യാത്രയുമായി അവനവനെ താരതമ്യപ്പെടുത്തരുത് എന്നതാണ് അവസാനമായി നിധി പങ്കുവെക്കുന്നത്. എല്ലാവരും അവനവന്റേതായ യാത്രയിലാണ്. മറ്റുള്ളവർക്ക് ഫലിക്കുന്ന ഡയറ്റ് നിങ്ങൾക്ക് ഫലിക്കണമെന്നില്ല. നിങ്ങളുടെ ശരീരത്തെ ശ്രദ്ധിച്ച് എന്തു ഭക്ഷണമാണ് എത്ര അളവിലാണ് വേണ്ടതെന്ന് മനസ്സിലാക്കി അവനവന് വേണ്ട ഊർജം തിരിച്ചറിഞ്ഞ് മുന്നോട്ടു പോകൂ എന്നാണ് നിധി പറയുന്നത്.

Content Highlights: weight loss tips by nutritionist,  effective weight loss tips, easy weight loss tips