വെള്ളപോക്ക് മൂലം അസ്ഥിയുരുകി യോനിയില്‍ക്കൂടി പോകുന്നത് മൂലമാണ് ക്ഷീണവും ശരീരം ശോഷിക്കുന്നതും എന്നത് തെറ്റിദ്ധാരണയാണ്. സാധാരണ വെള്ളപോക്ക് സുതാര്യമായതും ദുര്‍ഗന്ധം ഇല്ലാത്തതും ആയിരിക്കും. അത് മാസമുറയുടെ ഓരോ ഘട്ടമനുസരിച്ച് മാറിക്കൊണ്ടിരിക്കും. ആര്‍ത്തവം കഴിഞ്ഞയുടനെ ഇത് കുറവായിരിക്കും. അത് വെള്ള നിറത്തിലുള്ളതും കുറച്ച് കട്ടിയുളള ദ്രാവകരൂപത്തിലുമായിരിക്കും. എന്നാല്‍ ആര്‍ത്തവചക്രത്തിന്റെ മധ്യഭാഗത്ത് അതായത് അണ്ഡോദ്പാദന സമയത്ത് അത് കുറച്ച് സുതാര്യമായി വെള്ളം പോലെ ആയിത്തീരുന്നു. വീണ്ടും ആര്‍ത്തവത്തിന് തൊട്ടുമുന്‍പ് കൂടുതല്‍ കട്ടിയും വെളുപ്പും ആകുന്നു. സെക്‌സിനിടെ ഇത് വര്‍ധിക്കുന്നു

സാധാരണയായി വെളുത്ത നിറത്തിലാണ് ഈ ദ്രാവകം കാണപ്പെടുന്നത്. കട്ടികൂടി പിരുപിരുപ്പുപോലെ (കട്ടപിടിച്ച തൈരുപോലെ) കണ്ടാല്‍ ഫംഗസ് അണുബാധായായ കാന്‍ഡിഡിയാസിസ് ആയിരിക്കാം കാരണം. യോനിയുടെ പുറത്ത് സാധാരണ ചര്‍മത്തില്‍ തൊടുമ്പോള്‍ അസഹനീയമായ ചൊറിച്ചില്‍ അനുഭവപ്പെടും. ഉടനെ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്. 

നിറം മഞ്ഞ അഥവാ പച്ച ആണെങ്കിലും മത്സ്യഗന്ധമുണ്ടെങ്കിലും അത് ലൈംഗികബന്ധം വഴി പകരുന്ന രോഗം ആകാനുള്ള സാധ്യത വളരെയേറെയാണ്. ട്രിക്കോമോനിയാസിസ്, കാല്‍മെയ്ഡിയ മുതലായവയാണ് സാധാരണ കാണുന്നത്. ഇവയില്‍ ചിലതിന് ലൈംഗിക പങ്കാളിയെയും ഒരേസമയം ചികിത്സിക്കണം. അല്ലെങ്കില്‍ അണുബാധയ്ക്ക് സാധ്യതയുണ്ടാകും.

ഗര്‍ഭാശയമുഖത്ത് ചിലപ്പോള്‍ ഇറോഷന്‍ പോലുളള സന്ദര്‍ഭങ്ങളില്‍ വെള്ളപോക്ക് ധാരാളമാകുന്നുണ്ട്. അപ്പോള്‍ ഗര്‍ഭാശയമുഖം ചിലപ്പോള്‍ കോട്ടറൈസേഷന്‍ ചെയ്യേണ്ടിവരും. സെര്‍വിക്കല്‍ കാന്‍സര്‍ വരുമ്പോള്‍ വെള്ളപോക്ക് കട്ടിയുള്ളതും ദുര്‍ഗന്ധമുള്ളതും ആകും. അത് പുരോഗമിച്ച ഘട്ടത്തില്‍ അടുത്തുനില്‍ക്കുന്നവര്‍ക്ക് പോലും ഈ ദുര്‍ഗന്ധം അറിയാനും സാധിക്കും. 

ഗര്‍ഭകാലത്തും ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കാരണം വെള്ളപോക്ക് കൂടുതലായി കാണാറുണ്ട്. വെള്ളപോക്ക് ചികിത്സിച്ചിട്ടും ആവര്‍ത്തിച്ചാല്‍ ഇത് കള്‍ച്ചര്‍ ചെയ്ത് മരുന്നുകള്‍ ഉപയോഗിക്കണം. വെളുത്ത നിറത്തിലുള്ള വെള്ളപോക്ക് ശരീരക്ഷീണം കൂട്ടുന്നില്ല. ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ ചികിത്സയും ആവശ്യമായി വരുന്നുള്ളൂ. 

ചിലര്‍ വജൈനല്‍ ഡൗച്ചിങ് മറ്റും ചെയ്യാറുണ്ട്. അങ്ങനെ ചെയ്താല്‍ യോനിയില്‍ അണുബാധയ്ക്കും പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസിനും സാധ്യതയേറും 


ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത് 

Content Highlights: Vaginal Discharge ,White Discharge