നാപ്കിന്നുകള്‍ എന്തുകൊണ്ടും സൗകര്യം തന്നെ. അക്കാര്യത്തില്‍ സംശയമില്ല. കൊണ്ടുനടക്കാന്‍ എളുപ്പം. വേണ്ടപ്പോള്‍ എടുത്തുപയോഗിക്കാന്‍ സൗകര്യം. ആര്‍ത്തവ സമയത്ത് ഒരു യാത്ര നടത്തേണ്ടി വന്നാല്‍ പോലും ഒരു പ്രശ്‌നവുമില്ല. പക്ഷേ ഈ നാപ്കിന്നുകള്‍ സുരക്ഷിതമാണോ?  ഇതുപയോഗിക്കുന്ന ഏതൊരു പെണ്‍കുട്ടിയുടെയും അവളുടെ മാതാപിതാക്കളുടെയും മനസ്സില്‍ സ്വാഭാവികമായി ഉയരുന്ന ചോദ്യം. 

ഒരു ശരാശരി സ്ത്രീ തന്റെ ജീവിതകാലയളവില്‍ കടന്നുപോകുന്നത് ഏകദേശം 350 മുതല്‍ 400 വരെ ആര്‍ത്തവ ചക്രങ്ങളിലൂടെയാണ്. അതായത് 2000ത്തോളം ആര്‍ത്തവ ദിനങ്ങള്‍. ആ ദിവസങ്ങളിലെ ശരാശരി ഉപയോഗം കണക്കിലെടുക്കുകയാണെങ്കില്‍ 12,000ത്തില്‍ അധികം പാഡുകളാണ് ഒരു സ്ത്രീക്ക് ആവശ്യമായി വരുന്നത്. 

നമ്മുടെ ശരീരത്തിന്റെ ഗുഹ്യഭാഗങ്ങളില്‍ ഇത്തരം തുണികളോ നാപ്കിന്നുകളോ ഉപയോഗിക്കുമ്പോള്‍ അണുബാധയുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ ഭാഗങ്ങളില്‍ വിയര്‍പ്പുകാരണമോ, അല്ലാതെയോ നനവുണ്ടാകുന്നത്, അണുക്കള്‍ക്ക് വളരാനുള്ള അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നു. വൃത്തിയില്ലാത്തതോ നല്ലവണ്ണം ഉണങ്ങാതെ നനവ് നിലനില്‍ക്കുന്നതോ ആയ തുണികള്‍ ഉപയോഗിക്കുന്നത്, കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ നാപ്കിന്നുഖ്ല്‍ ഒരു ഭേദപ്പെട്ട ചോയ്‌സ് ആയി മാറുന്നു. 

പക്ഷേ പ്രശ്‌നങ്ങള്‍ ഇവിടെ തീരുന്നില്ല. ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്നതും നമ്മള്‍ ഉപയോഗിക്കുന്നതും ആയ സാനിറ്ററി നാപ്കിന്നുകള്‍ എന്ത് വസ്തുക്കള്‍ കൊണ്ട് നിര്‍മിക്കപ്പെടുന്നു എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്.  റയോണ്‍ പോലുള്ള വസ്തുക്കള്‍ കൊണ്ടുള്ള നാപ്കിന്നുകള്‍, ചില സ്ത്രീകളില്‍ എങ്കിലും അലര്‍ജി ഉണ്ടാക്കാറുണ്ട്. 

ഡയോക്‌സിന്‍, ട്രൈഹാലോ മീഥേന്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയ നാപ്കിന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം വന്ധ്യത, എന്‍ഡോമെട്രിയോസിസ് എന്നീ രോഗങ്ങള്‍ക്കും കാരണമായേക്കാം. എന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു. കോട്ടണ്‍ നാപ്കിന്നുകളാണ് ഏറ്റവും ഉചിതം. നാപ്കിന്നുകള്‍ കൊണ്ടുണ്ടാകുന്ന അലര്‍ജി ഒഴിവാക്കാന്‍ ഇത് സഹായിക്കും. 

മാര്‍ക്കറ്റില്‍ പലതരത്തില്‍ പെട്ട നാപ്കിന്നുകള്‍ ലഭ്യമാണ്. ഏറ്റവും നന്നായി രക്തത്തെ വലിച്ചെടുക്കാന്‍ ഉള്ള കഴിവിനെ കുറിച്ചാണ് എല്ലാ നാപ്കിന്‍ പരസ്യങ്ങളും എടുത്തുകാട്ടുന്നത്. അത് മാത്രമായി എടുത്തുകാട്ടാതെ, എല്ലാ ബ്രാന്‍ഡുകളും അവരുടെ നാപ്കിന്നുകള്‍ എന്ത് വസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കുന്നു എന്ന് അവരുടെ കവറിന് മേലെയും രേഖപ്പെടുത്തുന്ന ഒരു സാഹചര്യം വന്നാല്‍ പാഡുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഏറെ സഹായകമാകും. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

ഏത് നാപ്കിന്നുകള്‍ ഉപയോഗിക്കുകയാണെങ്കിലും രക്തത്തില്‍ കുതിര്‍ന്നാല്‍ കഴിയുന്നത്ര അത് മാറ്റി പുതിയത് വക്കുന്നത് ഒരു ശീലമാക്കണം. 

കുറച്ചുമാത്രം രക്തപോക്കുള്ള ദിവസങ്ങള്‍ ആണെങ്കില്‍ കൂടെ 4-6 മണിക്കൂറില്‍ കൂടുതല്‍ ഒരു നാപ്കിന്‍ ഉപയോഗിക്കാതിരിക്കുക. 

ആര്‍ത്തവമുള്ള ദിവസങ്ങളില്‍ വേണ്ട ശുചിത്വത്തെക്കുറിച്ച്, ആദ്യ കാലങ്ങളില്‍ വേണ്ട ശുചിത്വത്തെക്കുറിച്ച് ആദ്യ കാലങ്ങളില്‍ തന്നെ ഒരു പെണ്‍കുട്ടിയെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നത് ഭാവി ജീവിതത്തിലേക്ക് കൂടി ഗുണം ചെയ്യും. 

ഈയൊരു ബോധവത്കരണത്തിന്റെ ഉത്തരവാദിത്തം അമ്മമാരും സ്‌കൂളിലെ ടീച്ചര്‍മാരും കൂടി ഏറ്റെടുക്കണം. 


ഡോ.ഷൈജസ്
വന്ധ്യതാ സ്‌പെഷ്യലിസ്റ്റ് , കിംസ്‌ററ് ഹോസ്പിറ്റല്‍ കണ്ണൂര്‍ (ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്.)