പ്രസവശേഷം ശരീരം നന്നാക്കിയെടുക്കണമെന്ന് പൊതുധാരണയുണ്ട്. അതിനായി അമിത ഭക്ഷണം കഴിക്കണമെന്ന ചിന്തയും അങ്ങനെ കഴിപ്പിക്കുന്ന ശീലവും നമ്മുടെ ശരീരത്തിലുണ്ട്. ഇതുകൊണ്ടാണ് പലരും പ്രസവശേഷം ഭാരവും വണ്ണവും കൂടുന്നത്. ഈ അമിത ഭക്ഷണരീതി ശരിയല്ല. പ്രസവശേഷവും എല്ലാ പോഷണങ്ങളും അടങ്ങിയ സമീകൃതാഹാരം അനുയോജ്യമായ അളവില്‍ മതിയെന്നതാണ് വാസ്തവം. ചോറ് പോലുളള അന്നജാഹാരങ്ങളല്ല കൂടുതല്‍ കഴിക്കേണ്ടത്. പച്ചക്കറികള്‍, പഴങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, ഇലക്കറികള്‍, മത്സ്യം, മാംസം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. മത്സ്യവും മാംസവും വറുത്തുകഴിക്കാതെ കറിവെച്ചുകഴിക്കണം. ശരീരഭാരം കൂട്ടുമെന്നതിനാല്‍ ജങ്ക് ഫുഡ് ഒഴിവാക്കണം. വൈവിധ്യങ്ങള്‍ ഏറെയുള്ള കേരളീയ ഭക്ഷണം മികച്ചതാണ്. 

പ്രസവരക്ഷയും ഭക്ഷണരീതിയും ഓരോരുത്തര്‍ക്കും  വ്യത്യസ്തമാണ്. ഒരാളുടെ ശാരീരിക ആവശ്യത്തിന് അനുസരിച്ചാണ് ഇത് ക്രമപ്പെടുത്തേണ്ടത്. ഇതിനായി ഒരു ആയുര്‍വേദ ഡോക്ടറുടെ സഹായം തേടാം. അമ്മയുടെ ശാരീരിക പ്രത്യേകതകള്‍ അനുസരിച്ച് ശരീരപുഷ്ടിക്കും ആരോഗ്യത്തിനും വേണ്ടി ചില മരുന്നുകളോ ലേഹ്യങ്ങളോ ഒക്കെ വേണ്ടി വന്നേക്കാം. ആവശ്യമുള്ളവ മാത്രം നിശ്ചിത അളവില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കാം. സ്വയം വാങ്ങിക്കഴിക്കരുത്. 

പ്രസവം കഴിഞ്ഞ മൂന്നോ നാലോ മാസം കഴിഞ്ഞാല്‍ വ്യായാമം തുടങ്ങണം. തുടക്കത്തില്‍ ശരീരത്തിന് വലിയ ആയാസമില്ലാത്ത നടത്തം പോലുള്ളവ മതി. യോഗ വളരെ നല്ലതാണ്. ശരീരം വഴങ്ങാന്‍ ബുദ്ധിമുട്ടുള്ള ആസനങ്ങള്‍ ഒഴിവാക്കാം. സിസേറിയന്‍ കഴിഞ്ഞവര്‍ക്കും വ്യായാമങ്ങള്‍ ചെയ്യാം. ഡോക്ടറുടെ ഉപദേശം തേടിയ ശേഷം ചെയ്താല്‍ മതിയാകും. 

നന്നായി ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുന്നത് ഭാവിയില്‍ ശരീരത്തിന് ദോഷം ചെയ്യും. ശാരീരിക അധ്വാനമില്ലാത്ത ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ പ്രസവശേഷവും വലിയ അളവില്‍ ഭക്ഷണം കഴിക്കേണ്ടതില്ല. കലോറി കുറഞ്ഞതും പോഷക സംപുഷ്ടവുമായ ഭക്ഷണമാണ് കഴിക്കേണ്ടത്. സ്വന്തം ശരീരത്തിന് ആവശ്യമുള്ളത് മാത്രം കഴിക്കുക. നന്നായി വ്യായാമം ചെയ്യുക. മറ്റൊരാള്‍ കഴിക്കുന്നതെന്തും സ്വന്തം ഡയറ്റില്‍ ഉള്‍പ്പെടുത്തരുത്. അത് ഗുണത്തേക്കാളുപരി ദോഷം ചെയ്യും. 


കടപ്പാട് : ഡോ.ആര്‍.ശ്രീപാര്‍വതി

Content Highlights: Postpartum Weight Loss, Pregnancy