ര്‍ത്തവസംബന്ധിയായ രോഗങ്ങളുമായെത്തുന്ന അഞ്ചില്‍ ഒരു സ്ത്രീക്ക് അണ്ഡാശയമുഴകളുണ്ടെന്ന് പഠനം. ഇതേ കാരണംകൊണ്ട് കൂടുതല്‍പേര്‍ക്കും പ്രത്യുത്പാദനശേഷിയില്ലായ്മ ഉണ്ടാകുന്നതായും പഠനം വ്യക്തമാക്കുന്നു.

2010ല്‍ കേരള ഫെഡറേഷന്‍ ഓഫ് ഗൈനക്കോളജി ആന്‍ഡ് ഒബ്‌സ്റ്റെട്രിക്‌സ് നടത്തിയ പഠനത്തില്‍ നാലുശതമാനംമുതല്‍ 12 ശതമാനംവരെ സ്ത്രീകളില്‍ മാത്രമായിരുന്നു രോഗം കണ്ടെത്തിയിരുന്നത്. എന്നാല്‍, അടുത്തിടെ മെട്രോപോളിസ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് നടത്തിയ പഠനത്തിലാണ്  അണ്ഡാശയമുഴകള്‍ 18 ശതമാനമായി വര്‍ധിച്ചുവെന്ന കണക്കുകളുള്ളത്.

രാജ്യത്തിനകത്തുനിന്ന് 27,411 ടെസ്റ്റോസ്റ്റിറോണ്‍ സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. രാജ്യത്തിന്റെ കിഴക്ക്, പടിഞ്ഞാറ്് മേഖലകളില്‍ 46 ശതമാനം സ്ത്രീകള്‍ക്കും തെക്ക്, വടക്ക് മേഖലകളില്‍ 37 ശതമാനം സ്ത്രീകള്‍ക്കും രോഗമുണ്ടെന്നാണ് പഠനം. 

ജീവിതരീതി, ഭക്ഷണക്രമം, ഇരുന്നുള്ള ജോലി, പൊണ്ണത്തടി എന്നിവയാണ് മുഴകളുണ്ടാകാന്‍ കാരണം. താരതമ്യേന തീവ്രത കുറഞ്ഞ രോഗമായതിനാല്‍ പലരും ചികിത്സിക്കാന്‍ മുതിരാറില്ല. 

എന്നാല്‍, അണ്ഡാശയമുഴകള്‍ ഉള്ളവരില്‍  വ്യാപകമായി ഗര്‍ഭധാരണം വൈകുകയും ഗര്‍ഭച്ഛിദ്രം സംഭവിക്കുന്നതായും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു.
15 മുതല്‍ 30 വയസ്സുവരെ പ്രായമുള്ള സ്ത്രീകളിലാണ് മുഴകള്‍ കണ്ടെത്തിയിരിക്കുന്നത്. 

വന്ധ്യതയോടൊപ്പം ആര്‍ത്തവത്തിലെ വ്യതിയാനമാണ് പ്രധാന രോഗലക്ഷണം. ആര്‍ത്തവവിരാമം വൈകുന്നതും ആര്‍ത്തവം കൃത്യമായി വരാതിരിക്കുന്നതും രോഗത്തിന്റെ ഭാഗമാണ്.  

ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സാരീതികള്‍ ഉണ്ടെങ്കിലും സമീകൃത ആഹാരം കഴിക്കുകയും ഹോര്‍മോണ്‍ അടങ്ങിയ ഇറച്ചി ഉപേക്ഷിക്കുകയുമാണ് പ്രതിവിധിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ജീവിതശൈലീരോഗത്തിന്റെ പട്ടികയിലുള്‍പ്പെടുത്താന്‍ കഴിയാത്തതിനാല്‍ ന്യൂജെന്‍രോഗങ്ങളുടെ പട്ടികയിലാണ് അണ്ഡാശയമുഴകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.