ജീവിതവുമായി പ്രണയത്തിലാകാം. 

ശരിയാണ് സന്തോഷം കണ്ടെത്താന്‍ ഒത്തിരി സമയമെടുത്തെന്ന് വരും. പക്ഷേ അത് കണ്ടെത്തേണ്ടത് നിങ്ങളുടെ മാത്രം ആവശ്യമാണ്. ജീവിത പ്രാരാബ്ധങ്ങളില്‍ മുഴുകി സന്തോഷിക്കാനുള്ള നിമിഷങ്ങള്‍ സ്വയം ഇല്ലാതാക്കിയാല്‍ ജീവിതം പിന്നെന്തിന് കൊള്ളാം. നമുക്കുള്ള സന്തോഷം മറ്റാരെങ്കിലും കൊണ്ടുത്തരുമെന്ന് കരുതി കാത്തിരിക്കുന്നത് മണ്ടത്തരമാണ്. എന്തു ചെയ്യുമ്പോഴാണ് നിങ്ങള്‍ക്ക് സന്തോഷിക്കാനാകുന്നതെന്ന് കണ്ടെത്തൂ.. ആ ഇഷ്ടങ്ങള്‍ക്ക് പിറകെ പായൂ. 

പിരിമുറക്കത്തെ അതിന്റെ പാട്ടിന് വിടാം

ഒരാളെ ഇല്ലാതാക്കാന്‍ മാത്രം കരുത്തുണ്ട് പിരിമുറുക്കത്തിനെന്നാണ് പറയപ്പെടുന്നത്. പക്ഷേ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ ഒരൊഴുക്കില്‍ ജീവിതമിങ്ങനെ പോയാല്‍ പിന്നെന്ത് രസം. ഇടക്കെല്ലാം പ്രശ്‌നങ്ങളും വെല്ലുവിളികളും നിറയട്ടെയെന്നേ. അതിനെ പോരാടി മറികടക്കുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമല്ലേ യഥാര്‍ത്ഥ ആനന്ദം. പക്ഷേ പ്രശ്‌നങ്ങള്‍ പിരിമുറുക്കത്തിന്റെ ആക്കം കൂട്ടുന്നുവെന്നും അത് ആരോഗ്യത്തെയും ബന്ധങ്ങളെയും ബാധിച്ചുതുടങ്ങുന്നുവെന്നും മനസ്സിലാക്കി തുടങ്ങിയാല്‍ പിന്നെ വൈകരുത്. മെഡിറ്റേഷനും യോഗയുമുള്‍പ്പടെ സ്‌ട്രെസ് മാനേജ്‌മെന്റ് സംവിധാനങ്ങള്‍ നിരവധിയാണ്. മനസ്സ് ശാന്തമാക്കാം. 

ഉറക്കം

ജീവിതം മുഴുവന്‍ ഉറങ്ങി തീര്‍ക്കുക എന്നുള്ളത് മണ്ടത്തരമാണ്. എന്ന് കരുതി ആവശ്യമുള്ളത്ര സമയം ഉറങ്ങാതിരിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ശരീരത്തിന് വിശ്രമവും ആവശ്യമാണ്. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയില്‍ കിട്ടുന്ന ആ സമയം ചാറ്റിങ്ങിനും ബ്രൗസിങ്ങിനും കൂടെ വീതിച്ചു കൊടുത്താല്‍ പെട്ടന്നൊരുദിവസമാകും ശരീരം പണിമുടക്കുന്നത്. ആരോഗ്യമുണ്ടെങ്കിലല്ലേ സ്വപ്‌നങ്ങളിലേക്ക് കുതിക്കാനാകൂ. ചുരുങ്ങിയത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങാം.

ബന്ധങ്ങള്‍ ഊഷ്മളമാക്കാം

ഓഫീസില്‍ നിന്ന് വന്നാലും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും നോക്കിയാണോ ഇരിപ്പ്. അതത്ര നല്ലതല്ല. അല്പ സമയം വീട്ടുകാര്‍ക്കൊപ്പം കളിചിരികളുമായി പങ്കിടാന്‍ ശ്രദ്ധിക്കണം. കരിയര്‍ മാത്രമല്ല ജീവിതം. നിങ്ങളുടെ സന്തോഷവും സങ്കടവും പങ്കിടുന്ന കുടുംബത്തിനും സമയം അവകാശപ്പെട്ടതാണ്. അവര്‍ക്കൊപ്പം അല്പസമയം ചെലവഴിച്ചു നോക്കൂ. റിലാക്‌സേഷന്‍ അനുഭവപ്പെടും. ഉഷാറായി ജോലി തുടരാനും സാധിക്കും. 

ആത്മവിശ്വാസം ഉയര്‍ത്തൂ, കൂടുതല്‍ വെല്ലുവിളികള്‍ ഏറ്റെടുക്കു

നിങ്ങള്‍ ആത്മവിശ്വാസമുള്ളവരാണെങ്കില്‍ ആളുകള്‍ അത് പ്രത്യേകം ശ്രദ്ധിക്കുക തന്നെ ചെയ്യും. നിങ്ങളുടെ അഭിപ്രായം ശ്രദ്ധിക്കപ്പെടും. കരിയറില്‍ മാത്രമല്ല ജീവിതത്തിലും ഉയര്‍ച്ചകളുണ്ടാകാന്‍ ആത്മവിശ്വാസം കൂടിയേ തീരൂ. നിങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്ന ഒന്നിനെയും ജീവിതത്തില്‍ കൈകടത്താന്‍ അനുവദിക്കരുത്. 

പുതിയ ആളുകളെ പരിചയപ്പെടാം

പുതിയ ആളുകള്‍, പുതിയ ഊര്‍ജ സ്രോതസ്സുകളാണ്, പുതിയ വിജ്ഞാന സ്രോതസ്സുകളും. കരിയറിലും ജീവിതത്തിലും നല്ല ബന്ധങ്ങള്‍ ഉയര്‍ച്ചയിലേക്കുള്ള ചൂണ്ടുവിരലുകളാണ്. എല്ലായ്‌പോഴും ഊര്‍ജസ്വലരായിക്കാന്‍ പുതിയ സൗഹൃദങ്ങള്‍ സഹായിക്കും. 

പുതിയ ഭാഷ

കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ വളര്‍ത്താന്‍ ഏറ്റവും മികച്ച വഴി ഭാഷാ പഠിത്തമാണല്ലോ. ഉപകാരപ്പെടില്ല എന്ന മുന്‍വിധിയോടെ പഠിക്കാതിരിക്കരുത്. ഭാഷ പഠനം ഒരു പുതിയ സംസ്‌കൃതിയെ കൂടിയാണ് നിങ്ങള്‍ക്ക് പരിചയപ്പെടുത്തി തരുന്നത്. 

അല്പം അടുക്കും ചിട്ടയും

അതേ ജീവതത്തില്‍ അല്പം അടുക്കും ചിട്ടയുമാകാം. സ്വന്തം കാര്യങ്ങള്‍ സ്വയം നോക്കുക, വൃത്തിയായി നടക്കുക, സേവിങ്‌സ് തുടങ്ങുക, പുതിയ ഹോബി ആരംഭിക്കുക തുടങ്ങി അടുക്കും ചിട്ടയിലും ഉള്‍പ്പെടുത്താനായി നിരവധി കാര്യങ്ങളുണ്ട്.