മധ്യവയസ്സ് പ്രതിസന്ധിയെ മറികടക്കാന്‍ മനസ്സിനെ സന്തോഷത്തിലും ആത്മവിശ്വാസത്തിലും നിലനിര്‍ത്താനും പലവഴികളുമുണ്ട്. 

പ്രശ്‌നങ്ങള്‍ പങ്കാളിയോടോ അടുത്ത സുഹൃത്തുക്കളോടോ പങ്കുവെക്കുക. അവരുടെ വാക്കുകളും കൂടെയുണ്ടെന്ന ബലവും മനസ്സിനെ ആശ്വസിപ്പിക്കും. കൂടുതല്‍ ആത്മവിശ്വാസം നേടിത്തരും. 

പരാജയങ്ങളെ കുറിച്ച് ഓര്‍മിക്കുകയും ദു:ഖിക്കുകയും ഓര്‍മിക്കുകയും ചെയ്യാതിരിക്കുക. കഴിഞ്ഞത് കഴിഞ്ഞു ഇനിയെന്തെങ്കിലും പുതിയത് ചെയ്യാം എന്ന് ചിന്തിക്കുക. ചെറുതം വലുതുമായ ലക്ഷ്യങ്ങള്‍ ആലോചിക്കാം. ചില യാത്രകളോ, പുസ്തകങ്ങളുടെ വായനയോ, എഴുത്തോ, ഗാര്‍ഡനിങ്ങോ - അങ്ങനെയെന്തെങ്കിലും. അതുപൂര്‍ത്തിയാക്കാന്‍ സമയം കണ്ടെത്തുക. 

സ്ഥിരമായി ചെയ്യുന്ന കാര്യങ്ങള്‍ പുതിയ രീതിയില്‍ ചെയ്യാന്‍ ശ്രമിക്കാം. ഉദാഹരണത്തിന് അടുക്കളയില്‍ നില്‍ക്കുനില്‍ക്കുമ്പോഴോ ഇസ്തിരി ഇടുമ്പോഴോ ഒക്കെ ഇഷ്ടപ്പെട്ട പാട്ടുകള്‍ കേള്‍ക്കാം. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഏറ്റവും ഇഷ്ടമുള്ള കാര്യത്തിന് കുറച്ച് സമയം മാറ്റിവെക്കാം. 

ഒഴിവുസമയങ്ങളില്‍ സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളുണ്ടാകും. അതുമാറ്റി പരീക്ഷിക്കുക. പാട്ടുകേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ പുസ്തകം വായിക്കാന്‍ ശ്രമിക്കുക. സ്ഥിരമായി വായിക്കുന്നവരാണെങ്കില്‍ സിനിമയോ ഡാന്‍സ് പ്രോഗ്രാമോ ഒക്കെ കാണാം. പുതിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ജീവിതത്തിനും പുതുമ വരും. 

ശരീരത്തിന് ചെറിയ അസ്വസ്ഥതകള്‍ വരുമ്പോള്‍ ഹൃദയാഘാതമാണോ, ക്യാന്‍സറാണോ, എന്നൊക്കെ വിചാരിച്ച് ടെന്‍ഷനടിക്കാതിരിക്കുക. ഡോക്ടറെ കാണാനും പരിശോധന നടത്താനും സാധിക്കുമല്ലോ. അനാവശ്യമായി രോഗങ്ങളെ ഭയപ്പെടേണ്ടതില്ല.