സൗകര്യത്തിനനുസരിച്ച് ആര്‍ത്തവം ക്രമീകരിക്കാന്‍ ഇത്തരത്തില്‍ സാധ്യമാണെങ്കിലും ഇത് ഒരു കുഴപ്പവുമില്ലാത്ത കാര്യമാണ് എന്ന് പറയാനാകില്ല. ആര്‍ത്തവം മാറ്റിവെക്കുന്നതിനായി കഴിക്കുന്ന ഹോര്‍മോണ്‍ ഗുളികയ്ക്ക് നിസ്സാരമായതും ഗുരുതരവുമായ പാര്‍ശ്വഫലങ്ങളുണ്ട്. 

മനംപിരട്ടല്‍, തലയ്ക്ക് കനംതോന്നല്‍, നീര്‍ക്കെട്ട്, തലവേദന മുതലായവ ഇവ ഉപയോഗിക്കുന്നവര്‍ക്ക് അനുഭവപ്പെടാം. രക്തം കട്ടപിടിക്കാനുള്ള പ്രവണത ഹോര്‍മോണ്‍ ചികിത്സ ചെയ്യുമ്പോള്‍ കൂടുതലായി കാണുന്നു. ചില സ്ത്രീകളില്‍ ഇത് സ്‌ട്രോക്കിനും ഹൃദയാഘാതത്തിനും വരെ കാരണമാകാം. 

അതിനാല്‍ ആര്‍ത്തവം മാറ്റിവെക്കാം എന്ന് ആലോചിക്കും മുമ്പ് രണ്ടാമതൊന്ന് ചിന്തിക്കണം. സ്വയം ചികിത്സ ഒരിക്കലും ചെയ്യരുത്. മറ്റുള്ളവര്‍ക്ക് മരുന്ന് പറഞ്ഞുകൊടുക്കാനായി ശ്രമിക്കുകയും അരുത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം കുറിപ്പടി ഉപയോഗിച്ച് മരുന്ന് വാങ്ങിക്കഴിക്കാന്‍ മാത്രമേ പാടുള്ളൂ. മറ്റെന്തെങ്കിലും മരുന്ന് കഴിക്കുകയാണെങ്കില്‍ അക്കാര്യം ഡോക്ടറെ അറിയിക്കാനും ശ്രദ്ധിക്കണം. 

അമിത രക്തസ്രാവം, സ്തനങ്ങളിലോ, പ്രത്യുല്പാദന അവയവങ്ങളിലോ മുഴകള്‍, അമിതവണ്ണം മുതലായവ ഉള്ളവര്‍ ഈ മരുന്ന് ഉപയോഗിക്കാന്‍ പാടില്ല. മുന്‍പ് സ്‌ട്രോക്കോ, ഹൃദയാഘാതമോ ഉണ്ടായിട്ടുള്ളവരും ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ല.

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്