നസ്സില്‍ നൊമ്പരപ്പൊട്ടുകള്‍ അവശേഷിപ്പിച്ചാണ് ഭവാനി അമ്മ മരിച്ചത്. മാതൃത്വത്തെ കേവലം സ്വപ്നങ്ങളില്‍ മാത്രം താലോലിക്കാന്‍ വിധിക്കപ്പെട്ട ലോകമറിയാത്ത അനേകായിരം സ്ത്രീകളില്‍ ഒരാള്‍ മാത്രമായിപ്പോയേനെ ഒരുപക്ഷെ ഭവാനി അമ്മയും. പക്ഷേ അങ്ങനെയല്ല സംഭവിച്ചത്. ഭവാനി അമ്മയെ നമ്മള്‍ അറിയും. അറുപത്തിരണ്ടാം വയസ്സില്‍ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയവര്‍. ഐ വി എഫ് പ്രക്രിയയിലൂടെ മാതൃത്വം കൈവരിച്ച ലോകത്തിലെ മൂന്നാമത്തെ പ്രായമേറിയ സ്ത്രീ എന്ന നിലയില്‍  അവര്‍ മാധ്യമങ്ങളില്‍ തലക്കെട്ടുകളായിരുന്നു. 

കൃഷ്ണ ഭക്തയായ ഭവാനി അമ്മ തന്റെ ഓമന കുഞ്ഞിന് കണ്ണന്‍ എന്ന് പേരിട്ടു. പക്ഷെ സന്തോഷവും താരാട്ടുപാട്ടുകളും നിറഞ്ഞുനിന്ന ആ നല്ല നാളുകള്‍ അധികകാലം നീണ്ടുനിന്നില്ല. വൈകി വന്ന വസന്തത്തിന് ദൈവം കല്പിച്ചുകൊടുത്തത് കേവലം ഒന്നര വര്‍ഷത്തെ ആയുസ്സായിരുന്നു. ദാരുണമായ സാഹചര്യങ്ങളില്‍ മരണം കണ്ണനെ കവര്‍ന്നെടുത്തപ്പോള്‍  ആ അമ്മ തന്നെ സ്വയം ആശ്വസിപ്പിച്ചു: പ്രായമായ തനിക്കു പെട്ടന്നെന്തെങ്കിലും സംഭവിച്ചാല്‍ തന്റെ മകന്‍ അനാഥനായിപ്പോകുമായിരുന്നില്ലേ? അങ്ങനെയൊന്നും ഉണ്ടാവാതിരിക്കാനായിരിക്കണം ദൈവം ഇങ്ങനെയൊരു തീരുമാനമെടുത്തത്. കണ്ണന്‍ ഇന്ന് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ വിങ്ങലിലുതിര്‍ന്ന ആ അമ്മയുടെ വാക്കുകള്‍ ഒരു പക്ഷെ യാഥാര്‍ഥ്യമായേനെ. പ്രത്യേകിച്ചും വൃദ്ധസദനത്തില്‍ അഭയം പ്രാപിക്കേണ്ടിവന്ന ഭവാനി അമ്മയുടെ അവസാന നാളുകളുടെ പശ്ചാത്തലത്തില്‍.

ഈ വൃദ്ധമാതാവിന്റെ നെഞ്ചുരുക്കുന്ന കഥ കേള്‍ക്കുമ്പോള്‍ നമ്മളില്‍ ചിലരെങ്കിലും ചോദിക്കും: ഐ വി എഫ് പോലുള്ള കൃത്രിമ ഗര്‍ഭധാരണ മാര്‍ഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ നിന്നും പ്രായം ചെന്ന സ്ത്രീകളെ  നിയമം മൂലം വിലക്കേണ്ടതില്ലേ? ലോകമെമ്പാടും വളരെയധികം വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. ചെലവേറെ കൂടുതലുള്ള  ഐ വി എഫിന്റെ പ്രയോജനം സര്‍ക്കാര്‍ ചിലവില്‍ പ്രായഭേദമന്യേ  എല്ലാവര്‍ക്കും ലഭിക്കണമെന്ന് വാദിക്കുന്നര്‍ ഒരു വശം. ഇതിനെ രൂക്ഷമായി വിമര്‍ശിക്കുന്നവര്‍ മറുതട്ടിലും.  

പ്രായക്കൂടുതലുള്ള സ്ത്രീകളെ മാതൃത്വത്തിന്റെ പാതയില്‍ നിന്നും പിന്തിരിപ്പിക്കണമെന്ന തന്റെ ആവശ്യത്തില്‍ ഉറച്ചു വിശ്വസിക്കുന്ന പ്രമുഖയാണ്  റ്റോഫെല്‍സന്‍. അമ്പത് വയസ്സില്‍ കൂടുതലുള്ള സ്ത്രീകളെ കൃത്രിമ ഗര്‍ഭധാരണത്തില്‍ നിന്നും തടയണമെന്ന് അവര്‍ ആവര്‍ത്തിച്ചു പറയുന്നു.  കൃത്രിമ ഗര്‍ഭധാരണത്തിലൂടെ തന്റെ അമ്പത്തിരണ്ടാം വയസ്സില്‍ മാതൃത്വം കൈവരിച്ച ബ്രിട്ടനിലെ പ്രായക്കൂടുതലുള്ള സ്ത്രീകളിലൊരാള്‍ എന്ന പ്രത്യേകതയും ഇപ്പോള്‍ അറുപത് വയസ്സ് പ്രായമുള്ള റ്റോഫെല്‍സനുണ്ട്.  

കൃത്രിമ ഗര്‍ഭധാരണത്തിന്റെ വഴികള്‍ തേടുന്ന പ്രായക്കൂടുതലുള്ള സ്ത്രീകള്‍ക്ക് മിക്ക രാജ്യങ്ങളിലും ഇന്ന് നിയന്ത്രണങ്ങളുണ്ട്. ഉദാഹരണത്തിന് നാല്‍പ്പത്തിയഞ്ച് വയസ്സില്‍ കൂടുതലുള്ള സ്ത്രീകള്‍ക്ക് ഡെന്മാര്‍ക്കിലും നാല്പത്തിരണ്ടില്‍ കൂടുതലുള്ളവര്‍കക്ക് ഫ്രാന്‍സിലും ഐ വി എഫ് ചികിത്സാ നല്‍കുന്നത് നിയമലംഘനമാണ്. നിയമത്തിന്റെ വരുതിയില്‍ വരുന്ന ഈ പ്രായം ആര്‍ത്തവവിരാമം സംഭവിക്കുന്ന ശരാശരി പ്രായത്തേക്കാള്‍ എത്രയോ കുറവാണെന്നത് മറ്റൊരു സത്യം. ഉദാഹരണത്തിന് ബ്രിട്ടനിലെ സ്ത്രീകള്‍ക്ക്  ആര്‍ത്തവവിരാമം സംഭവിക്കുന്നത് ശരാശരി അമ്പത്തിയൊന്ന് വയസ്സിലാണെന്നു ആ രാജ്യത്തെ നാഷണല്‍ ആരോഗ്യമേഖല സാക്ഷ്യപ്പെടുത്തുന്നു. എ ആര്‍ ടി (അസ്സിസ്റ്റഡ് റീപ്രഡക്റ്റീവ് ടെക്‌നോളജി) പോലുള്ള കൃത്രിമ ഗര്‍ഭധാരണ നടപടിക്രമങ്ങളുയര്‍ത്തുന്ന ധാര്‍മികമായ വെല്ലുവിളികളെ നേരിടാന്‍ ഇന്ന് പല രാജ്യങ്ങളിലും നിയമങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയിലെ സ്ഥിതിയോ?  
  
എ ആര്‍ ടി ഉപയോഗപ്പെടുത്തുന്നതില്‍ മറ്റു രാജ്യങ്ങളെ ഇന്ത്യ എത്രയും വേഗം പിന്നിലാക്കുമെന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ്  ജേര്‍ണല്‍ ഓഫ് ഹ്യൂമന്‍ റീപ്രഡക്റ്റീവ്  സയന്‍സസ് എന്ന പ്രസിദ്ധീകരണം നിരീക്ഷിച്ചിരുന്നു. വന്ധ്യത ചികിത്സിക്കുന്ന ആസ്പത്രികളുടെയും (ഫെര്‍റ്റിലറ്റി ക്ലിനിക്‌സ്) അവിടെ നടന്ന കൃത്രിമ ഗര്‍ഭധാരണ പ്രക്രിയകളുടെ (ഐ വി എഫ് സൈക്കിള്‍സ്) എണ്ണത്തിലുണ്ടായ ഗണ്യമായ വര്‍ധനവുമാണ് ഈ പ്രവചനത്തിന് പ്രചോദനം. ഏഴുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ ഉണ്ടായിരുന്നത് 500 ഫെര്‍റ്റിലറ്റി ക്ലിനിക്കുകളാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇവയില്‍ നാഷണല്‍ എ ആര്‍ ടി റെജിസ്ട്രി ഓഫ് ഇന്ത്യയില്‍ (NARI) രജിസ്റ്റര്‍ ചെയ്തിട്ടുള്ള 200 ക്ലിനിക്കുകളില്‍ 2010ല്‍ മാത്രം നടന്നത് 35000 കൃത്രിമ ഗര്‍ഭധാരണ പ്രക്രിയകളാണ്. NARI-ല്‍ രജിസ്റ്റര്‍ ചെയ്യാത്ത ക്ലിനിക്കുകളുടെ എണ്ണം  കൂടി കണക്കിലെടുത്താല്‍ 2010ല്‍ മാത്രം ഇന്ത്യയില്‍ നടന്നത് 95000ത്തോളം വരുന്ന കൃത്രിമ ഗര്‍ഭധാരണ പ്രക്രിയകളാണ്. ഈ  നൂറ്റാണ്ടിന്റെ ആദ്യത്തെ രണ്ട് വര്‍ഷങ്ങളില്‍ നടന്ന 10,000 പ്രക്രിയകളുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ കൂടുതല്‍. 

pregnancy
photo:pixabay

സുതാര്യതയെ  കാറ്റില്‍ പരത്തുന്ന ഫെര്‍റ്റിലറ്റി ക്ലിനിക്കുകളും അവ കൈക്കൊള്ളുന്ന ഐവിഎഫ് പോലുള്ള കൃത്രിമ ഗര്‍ഭധാരണ പ്രക്രിയകളുമുയര്‍ത്തുന്ന ധാര്‍മിക പ്രശ്‌നങ്ങള്‍  മറ്റു രാജ്യങ്ങളിലേതെന്നുപോലെ ഇന്ത്യയിലും നിരവധിയാണ്. എങ്കിലും ഇവയ്ക്കു കൂച്ചുവിലങ്ങിടാന്‍ ഇന്ത്യയില്‍ നിയമങ്ങളൊന്നുമില്ല എന്നതാണ് സത്യം. ഇവിടെയുള്ളത് ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) മുന്നോട്ടു വയ്ക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രം. ഇവിടെയാണ് കൃത്രിമ ഗര്‍ഭധാരണം കാംക്ഷിക്കുന്ന സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്ന നിയമത്തിന് പ്രസക്തിയേറുന്നത്. 

പക്ഷെ നിലവിലുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍  നിയമനടപടികള്‍ കൈക്കൊള്ളുകയെന്നത് അത്ര ലളിതമായ ഒന്നല്ല. കാരണം ഈ നിയമത്തിന് അനുകൂലമായും പ്രതികൂലമായും ഇവിടെ നടക്കുന്ന തര്‍ക്കങ്ങള്‍ സ്ത്രീകളുടെ പ്രായപരിധിയെ ചൊല്ലിയാണ്. മറ്റൊന്ന് ഗര്‍ഭകാലത്തും പിന്നീട് പ്രസവശേഷവും ശിശുവിന്റെ ശാരീരികവും മാനസികവുമായ ക്ഷേമവും. അത് ഉറപ്പു വരുത്തേണ്ടത്  സമൂഹത്തിന്റെ ബാധ്യതയാണ്. പക്ഷെ വാര്‍ധക്യത്തില്‍ കൈവരുന്ന മാതൃത്വത്തിന് കുഞ്ഞുങ്ങളെ പരിപാലിക്കാനുള്ള ശേഷിയും ഊര്‍ജവും ഉണ്ടാകുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം ഭവാനി അമ്മയുടെ മരണത്തിനു തൊട്ടു മുന്‍പുള്ള അവരുടെ അവസ്ഥയിലും റ്റോഫെല്‍സന്‍ന്റെ ഏറ്റുപറച്ചിലിലും വ്യക്തമാണെങ്കിലും കുഞ്ഞുങ്ങളുടെ സംരക്ഷണം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നവരുടെ സദാചാര വ്യാകുലത ചരിത്രത്തിനു നിരക്കാത്തതും ഇടുങ്ങിയ മനോഭാവത്തിന്റെയും സാംസ്‌കാരികമായ അന്ധതയുടെയും പരിണിതഫലമാണെന്ന് വാദിക്കുന്നവരുമുണ്ട്. 

പങ്കാളിത്തത്തിലും  കൂട്ടായ്മയിലും അധിഷ്ഠിതമായ, കുഞ്ഞുങ്ങളെ പോറ്റിവളര്‍ത്തുന്ന, പരിലാളിക്കുന്ന  ഒരു പുതിയ സംസ്‌കാരം ഇവിടെ ഉരുത്തുരിയുന്നുണ്ടെന്ന വസ്തുതയും അവര്‍ നമ്മളെ ഓര്‍മപ്പെടുത്തുന്നു. കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ കുഞ്ഞുങ്ങളെ പരിപാലിച്ചിരുന്നത് മുത്തശ്ശിമാരായിരുന്നു എന്ന വാദം അംഗീകരിക്കാം. പക്ഷെ മാറിയ കാലത്തിലെ അണുകുടുംബാന്തരീക്ഷത്തില്‍ ഇത് പ്രാപ്യമാണോയെന്ന് അവര്‍ എന്തുകൊണ്ട് ചിന്തിക്കുന്നില്ല? ശിശുവിന്റെ സംരക്ഷണത്തെപ്പറ്റി പറയുമ്പോള്‍ അമ്മയുടെ ആരോഗ്യസ്ഥിതിയെയും നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്.  അറുപതാമത്തെയോ എഴുപതാമത്തെയോ വയസ്സില്‍  പ്രസവിച്ച് മരണത്തിന്റെ നിഴലില്‍ ജീവിക്കുന്ന എത്ര അമ്മമാര്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങളുടെ കൗമാരം കാണാനുള്ള ഭാഗ്യമോ ആയുസ്സോ ഉണ്ടാകും?  ഭവാനി അമ്മക്ക് സംഭവിച്ചത് പോലെ ഒരു നാള്‍ മരണം അവരെയും  കോരിയെടുക്കുമ്പോള്‍ അവര്‍ നൊന്തുപ്രസവിച്ച കുഞ്ഞുങ്ങള്‍ അനാഥരായിപ്പോകില്ലേ?  

വൈദ്യശാസ്ത്രത്തിന്റെ മറപറ്റി അതിന്റെ പിന്‍ബലത്തില്‍ അനാഥരെ സൃഷ്ടിക്കേണ്ട കാര്യമുണ്ടോ? പ്രായം ചെന്ന ഗര്‍ഭിണികള്‍ നേരിടേണ്ടി വരുന്ന സങ്കീര്‍ണതകളെ നിസ്സാരവത്കരിക്കുന്നവര്‍ ഈ വക ചോദ്യങ്ങള്‍ക്കു നല്‍കുന്ന വിചിത്രപൂര്‍ണ്ണമായ മറുപടി ഒരു മറുചോദ്യത്തിലൂടെയാണ്: എങ്കില്‍ പിന്നെ സൈനികരെയും, അഗ്‌നിശമനസേന ഉദ്യോഗസ്ഥരെയും, സാഹസിക വിനോദങ്ങളിലേര്‍പ്പെടുന്ന കായികതാരങ്ങളെയും ഐ വി എഫ് ചകിത്സയില്‍ നിന്നും വിലക്കേണ്ടതില്ലേ? പൊള്ളയായ വാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഇവരെപ്പോലെതന്നെ മറുകൂട്ടരും ഒട്ടും പിന്നിലല്ല.  അവര്‍ ചൂണ്ടിക്കാട്ടുന്ന ഒരു പ്രശ്‌നമാണ് അണ്ഡം ദാനം ചെയ്യുന്നവര്‍ നേരിടുന്ന അപകട സാധ്യതകളും ക്ലേശങ്ങളും.  ഇതൊരു പ്രധാന പ്രശ്‌നം തന്നെയെന്നതില്‍ തര്‍ക്കമില്ല. പക്ഷെ എമ്പ്രീയാനിക് സ്റ്റം സെല്‍സില്‍ നിന്നും പ്ലൂരിപൊട്ടന്റ് സ്റ്റം സെല്‍സില്‍ നിന്നും കൃത്രിമമായി അണ്ഡം ഉത്പ്പാദിപ്പിച്ചെടുക്കാവുന്ന സാങ്കേതികവിദ്യ വൈദ്യശാസ്ത്രത്തിന്റെ കൈയരികിലാണെന്നും ഇത് ഉപയോഗത്തില്‍ വരുന്നതോടെ വന്ധ്യത നേരിടുന്ന സ്ത്രീകളുടെ അണ്ഡം തേടിയുള്ള അലച്ചിലിന് വിരാമമാവുമെന്നും ഇക്കൂട്ടര്‍ വിസ്മരിക്കുന്നു.

കുത്തുവാക്കുകളിലും  സ്വഭാവഹത്യയിലും  പരിഹാസം പൊതിഞ്ഞ ചിരിയിലും  പീഡനം നേരിടുന്ന വന്ധ്യതയനുഭവിക്കുന്ന മിക്ക സ്ത്രീകളെയും അനുതാപപ്രകടനങ്ങളിലൂടെ വാര്‍ധക്യത്തിലും മാതൃത്വത്തിലേക്കു തള്ളിവിടുന്ന ഒരുകൂട്ടരുണ്ട്. സ്ത്രീ പൂര്‍ണവതിയാകണമെങ്കില്‍ മാതൃത്വം അനിവാര്യമാണെന്നും അതിനാല്‍ എന്ത് വില കൊടുക്കേണ്ടി വന്നാലും അമ്മയാവുക തന്നെ വേണമെന്നും പറഞ്ഞു പഠിപ്പിക്കുന്നവര്‍ തന്നെയാണ്  വാര്‍ധക്യത്തിലും മാതൃത്വം കാംക്ഷിക്കുന്ന സ്ത്രീകള്‍ക്ക് വിലക്ക് കല്പിക്കുന്നതും. 
  
ഒരു കുഞ്ഞിന് ജന്മം നല്‍കാനും അതിനെ ഊട്ടിവളര്‍ത്താനും പരിലാളിക്കാനുമുള്ള ഏതൊരു സ്ത്രീയുടെയും വെമ്പല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. കൃത്രിമ ഗര്‍ഭധാരണ മുറകള്‍ അതിനുള്ള വഴികള്‍ തുറന്നു കൊടുക്കുമ്പോള്‍ വര്‍ധക്യത്തിലുള്ള സ്ത്രീകള്‍ അതിലൊരു വഴി തിരഞ്ഞെടുക്കുന്ന കാഴ്ചയും  അത്ഭുതപ്പെടുത്തുന്നതല്ല. പക്ഷെ ഇവരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതിനെ പ്രത്യുദ്പാദന പ്രക്രിയയില്‍ തങ്ങള്‍ക്ക്  ഉചിതമെന്നു തോന്നുന്ന തീരുമാനങ്ങളെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തിന്റെ ലംഘനമായി ദുര്‍വ്യാഖ്യാനിക്കപ്പെടുന്ന ഒരവസ്ഥയാണ് ഇന്നുള്ളത്. ഇതിനു മുഖ്യ കാരണം പ്രായപരിധിയിലടിസ്ഥിതമായ നിയമത്തിന്റെ പശ്ചാത്തലത്തിലുയരുന്ന വിവാദങ്ങളും തര്‍ക്കങ്ങളും തന്നെയാണ്. സമുന്നതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കണമെങ്കില്‍ സ്ത്രീ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നതില്‍ തര്‍ക്കമില്ല. 
 
എങ്കിലും ആ സ്വാതന്ത്ര്യം ഭ്രൂണാവസ്ഥയിലോ  ജനനശേഷമോ ഉള്ള കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണി ആവുന്നതാണെങ്കില്‍ അത് ആ കുഞ്ഞിന്റെ സുരക്ഷിതവും ആരോഗ്യപൂര്‍ണ്ണവുമായ ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ തന്നെ ലംഘനമായിരിക്കും. കൃത്രിമമായി അണ്ഡം ഉത്പാദിപ്പിച്ചെടുക്കാവുന്ന സാങ്കേതികവിദ്യ പ്രവൃത്തിയില്‍ വരുന്നതോടെ ഈ ഭീഷണിയുടെ അളവ് കൂടുകയല്ലാതെ കുറയുകയില്ല. കാരണം വൈദ്യശാസ്ത്രം കാത്തിരിക്കുന്ന ഈ പുരോഗതി തങ്ങള്‍ സജ്ജരാണെന്നു തോന്നുന്നതു വരെ ഗര്‍ഭധാരണത്തെ വൈകിപ്പിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുമെന്നു മാത്രമല്ല അതിലൂടെ അവരും അവര്‍ ജന്മം നല്‍കുന്ന കുഞ്ഞുങ്ങളും നേരിട്ടേക്കാവുന്ന അപകടസാധ്യതകളെയും വര്‍ധിപ്പിക്കും.
 
സന്താനോത്പാദന മുറകളില്‍ വൈവിധ്യവും നൂതനവുമായ മാര്‍ഗ്ഗങ്ങള്‍ തുറന്നുകാട്ടുന്നതില്‍ വിപ്ലവാത്മകമായ നേട്ടങ്ങള്‍ കൈവരിച്ച എആര്‍ടി -ല്‍  അധിഷ്ഠിതമായ കൃത്രിമ ഗര്‍ഭധാരണ പ്രക്രിയകള്‍ പ്രത്യുത്പാദന രംഗത്ത് കൂടുതല്‍ സ്ത്രീ പുരുഷ സമത്വത്തിനു കളമൊരുക്കുമെന്നതില്‍ തര്‍ക്കമില്ല.  പക്ഷെ അവ തുറന്നുവിടാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതില്‍ അര്‍ത്ഥമില്ല. പ്രായം ചെന്ന സ്ത്രീകള്‍ ഐ വി എഫ് പോലുള്ള പ്രക്രിയകളിലൂടെ കൃത്രിമ ഗര്‍ഭധാരണത്തിനു ശ്രമിക്കുന്നത് ഒരു വലിയ പ്രശനം തന്നെയാണ്.  പ്രത്യേകിച്ചും ഇന്ത്യയില്‍.  അവരെ നിയമം മൂലം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.  എന്നാല്‍  പ്രായപരിധിക്കു പകരം കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമം  ഉറപ്പു വരുത്താനുള്ള  സ്ത്രീകളുടെ ആരോഗ്യസ്ഥിതി മാത്രമായിരിക്കണം ഈ നിയമത്തിനുള്ള ആധാരവും അളവുകോലും. ഈയൊരു സമീപനത്തിലൂടെ മാത്രമേ നമുക്ക് നിലവിലുള്ള വിവാദങ്ങളെ തരണം ചെയ്യാന്‍ കഴിയൂ. ഭവാനി അമ്മയുടെ ദുരന്ത ജീവിതം നമ്മെ പഠിപ്പിക്കുന്നതതാണ്.


ലേഖകന്‍: ടിഒഐ ചെന്നൈ എഡിഷന്‍ ലോഞ്ച് ടീം , ഡെക്കാന്‍ ക്രോണിക്കിള്‍ കേരള ലോഞ്ച് ടീം , ബാംഗ്ലൂര്‍ മിറര്‍(ടിഒഐ ഗ്രൂപ്പ്) എന്നിവയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. ഒമാന്‍ ട്രിബ്യൂണ്‍ (ഒമാന്‍ സുല്‍ത്താനേറ്റ്), ഡെയ്‌ലി ട്രിബ്യൂണ്‍ (ബഹ്‌റൈന്‍), എന്നിവിടങ്ങളില്‍ ഡയറക്ടറായും(എഡിറ്റോറിയല്‍) പ്രവര്‍ത്തിച്ചിട്ടുണ്ട്.