ഒരു തവണ സിസേറിയന്‍ നടത്തിയവരില്‍ അടുത്ത പ്രസവത്തിലും സിസേറിയന്‍ തന്നെ വേണ്ടി വരുമോ എന്നത് ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചാണ് തീരുമാനിക്കുന്നത്. 

  • ഒരു തവണ സിസേറിയന്‍ ചെയ്യാനുണ്ടായ കാരണമാണ് ഒരു പ്രധാനപ്പെട്ട കാര്യം. കുട്ടി ഊരതിരിഞ്ഞുകിടക്കുക, കുട്ടിയുടെ ഹൃദയമിടിപ്പിലുള്ള വ്യത്യാസം കാരണം സിസേറിയന്‍ ചെയ്യേണ്ടി വരിക തുടങ്ങിയ സാഹചര്യങ്ങളാണെങ്കില്‍ അവ അടുത്ത പ്രസവത്തിലും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അങ്ങനെയെങ്കില്‍ സിസേറിയന്‍ ഒഴിവാക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ അമ്മയുടെ ഇടുപ്പെല്ലിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടോ, ഗര്‍ഭപാത്രം ശരിയായ രീതിയില്‍ വികസിക്കാത്തതിനാലോ ആണ് മുന്‍പ് സിസേറിയന്‍ നടത്തേണ്ടി വന്നതെങ്കില്‍ അവ അടുത്ത ഗര്‍ഭധാരണത്തിലും ഉണ്ടാകാനിടയുണ്ട്. അതിനാല്‍ സിസേറിയന്‍ ആവശ്യമായി വരാനും സാധ്യതയുണ്ട്. 
  • എത്ര സിസേറിയന്‍ ചെയ്തിട്ടുണ്ട് എന്നത് ഇതില്‍ പ്രധാനമാണ്. മൂന്നില്‍ കൂടുതല്‍ സിസേറിയന്‍ ചെയ്തിട്ടുള്ളവരില്‍ സുഖപ്രസവത്തിന് ശ്രമിക്കുക എന്നത് വളരെയധികം അപകടകരമാണ്. 
  • ശസ്ത്രക്രിയാ സമയത്ത് ഗര്‍ഭപാത്രത്തില്‍ ഉണ്ടാക്കിയിട്ടുള്ള മുറിവ് മേല്‍ഭാഗത്തും കുത്തനെയുമാണെങ്കില്‍ അടുത്ത പ്രാവശ്യം മാസം തികയാറാകുമ്പോഴോ പ്രസവ സമയത്തോ തുന്നല്‍ പൊട്ടുവാനുള്ള സാധ്യത കൂടുതലാണ്. ഇവരില്‍ നേരത്തെ സിസേറിയന്‍ ചെയ്ത് കുഞ്ഞിനെ പുറത്തെടുക്കുന്നതാണ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലത്. 
  • സിസേറിയന്‍ സമയത്തോ അതിനുശേഷമോ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുള്ളവരില്‍ സുഖപ്രസവം നടക്കാനുള്ള സാധ്യത കുറവാണ്. മറുപിള്ള താഴെയായതിന് സിസേറിയന്‍ ചെയ്യേണ്ടിവന്നവര്‍. തുന്നലിന് പഴുപ്പ് ഉണ്ടായിട്ടുള്ളവര്‍ എന്നിവര്‍ ഇതില്‍പ്പെടും. ഇവരില്‍ ഗര്‍ഭപാത്രത്തിലെ തുന്നലിന് ശക്തി കുറയുന്നതാണ് ഇതിന് കാരണം. 
  • മുന്‍പ് സുഖപ്രസവം ഉണ്ടായിട്ടുള്ളവരില്‍ അത് സിസേറിയന്റെ മുന്‍പായാലും ശേഷമായാലും വീണ്ടും സുഖപ്രസവം നടക്കാനുള്ള സാധ്യത കൂടുതലാണ്. എത്ര കുട്ടികള്‍ വേണമെന്നാണ് ആഗ്രഹിക്കുന്നത് എന്നതും ഒരു നിര്‍ണായക ഘടകമാണ്. സുഖപ്രസവമാണെങ്കില്‍ വീണ്ടും ഗര്‍ഭം ധരിക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ കുറയും. 
  • ആരോഗ്യാവസ്ഥയും സിസേറിയന്‍ വേണ്ടിവരാനുള്ള എന്തെങ്കിലും കാരണം പുതിയതായി ഉണ്ടായിട്ടുണ്ടോ എന്നതും കണക്കിലെടുക്കേണ്ടതാണ്. ഇരട്ടക്കുട്ടികള്‍, പ്രമേഹം, രക്തസമ്മര്‍ദ വ്യത്യാസങ്ങള്‍ എന്നിവ കൊണ്ടുമാത്രം സിസേറിയന്‍ ചെയ്യണം എന്ന് പറയാനാവില്ല.   

    ലേഖിക: ഡോ.കെ.പി.സംഗീത, കണ്‍സള്‍ട്ടന്റ് ഒബ്സ്റ്റട്രിഷ്യന്‍ ഗൈനക്കോളജിസ്റ്റ്, മലബാര്‍ ഹോസ്പിറ്റല്‍, കോഴിക്കോട് 

cover

ആരോഗ്യമാസികയിൽ  പ്രസിദ്ധീകരിച്ചത്. 

Content Highlights: Is vaginal birth possible after c-section