പുരുഷ ശരീരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് സ്ത്രീശരീരം. പേശികളുടെ ഘടനയിലും ദൃഢതയിലും ഹോര്‍മോണ്‍ നിലകളിലും വ്യത്യാസമുണ്ട്. സ്ത്രീകളില്‍ പ്രസവത്തിന് ശേഷമുള്ള തെറ്റായ ഭക്ഷണരീതി മൂലം ശരീരത്തില്‍ കൊഴുപ്പ് നിക്ഷേപം വലിയതോതിലുണ്ടാകുന്നു. ഇത് അമിത വണ്ണിത്തിന് കാരണമാകുന്നു. ചുമലുകള്‍, തുടകള്‍, നിതംബം, വയര്‍ എന്നിവിടങ്ങളിലാണ് കൊഴുപ്പ് പ്രധാനമായും അടിഞ്ഞുകൂടുന്നത്. ഇത് ശരീരത്തിന്റെ ആകൃതിയെ തന്നെ മാറ്റി മറിക്കുന്നു. 30 വയസ്സ് പിന്നിടുന്നതോടെ ശരീരത്തിന് വലിയതോതില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു. തടി കൂടി അസ്വസ്ഥതകള്‍ വന്നു ചേരുമ്പോഴാണ് തടി കുറയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചുതുടങ്ങുന്നത്. 

ക്രമീകരിക്കണം ഭക്ഷണരീതി

വര്‍ക്കൗട്ട് പോലെ പ്രധാനമാണ് ഡയറ്റിങ്ങും. നന്നായി വര്‍ക്കൗട്ട് ചെയ്താലും ഭക്ഷണം നിയന്ത്രിച്ചില്ലെങ്കില്‍ ഫലമുണ്ടാകില്ല. ഡയറ്റിങ് എന്നാല്‍ പട്ടിണി കിടക്കലല്ല. ആവശ്യമുള്ള പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കത്തക്ക വിധത്തില്‍ ഭക്ഷണത്തെ ക്രമീകരിക്കുന്നതാണ്. അമിതഭാരമുള്ള ഒരാളുടെ ശരീരത്തില്‍ ആവശ്യത്തിലധികം കൊഴുപ്പ് അടിഞ്ഞിട്ടുണ്ടാകും. ഭക്ഷണം കൃത്യമായി നിയന്ത്രിക്കുകയും ഒപ്പം വ്യായാമം ശീലമാക്കുകയും ചെയ്താല്‍ അമിതമായി സംഭരിക്കപ്പെട്ട കൊഴുപ്പ് ചെലവഴിക്കപ്പെടും. അപ്പോഴാണ് തടി കുറയാന്‍ തുടങ്ങുന്നത്. 

പതുക്കെ നേടാം ലക്ഷ്യം. 

ഭക്ഷണ നിയന്ത്രണവും വര്‍ക്കൗട്ടും വഴി ഒറ്റയടിക്ക് തടി കുറയ്ക്കാമെന്ന് കരുതരുത്. കൃത്യമായ സമയപരിധിയില്‍ നിന്നപകൊണ്ട് മാത്രമെ തടികുറയ്ക്കാന്‍ സാധിക്കൂ. പരമാവധി മൂന്നോ നാലോ കിലോ വീതം ഓരോ മാസവും കുറയ്ക്കുന്നതാണ് ആരോഗ്യകരം.വര്‍ക്കൗട്ട് തുടങ്ങി ആദ്യത്തെ മാസങ്ങളില്‍ ഭാരം കൃത്യമായി കുറയുമെങ്കിലും പിന്നീട് വളരെ സാവധാനം മാത്രമേ കുറയൂ. കായിക അധ്വാനത്തെ ശരീരം തിരിച്ചറിയുന്നതോടെ കൊഴുപ്പ് ശരീരം പതുക്കെ വിനിയോഗിക്കുന്നതാണ് ഇതിന് കാരണം. ആ സമയത്ത് നിരാശപ്പെടാതെ ക്ഷമയോടെ ഡയറ്റിങും വര്‍ക്കൗട്ടും തുടരണം. 

ഓരോ വ്യക്തിയുടെയും ശാരീരിക അവസ്ഥകള്‍ മനസ്സിലാക്കിക്കൊണ്ടാണ് അനുയോജ്യമായ ഡയറ്റ് തിരഞ്ഞെടുക്കേണ്ടത്. ഇതിനായി ഒരു ഡയറ്റീഷ്യന്റെ സഹായം തേടാം. 

സസ്യാഹാരികള്‍ തടി കുറക്കുമ്പോള്‍ 

മാംസാഹാരം ഉപേക്ഷിച്ച് വെജിറ്റേറിയനായാല്‍ മാത്രം തടികുറയില്ല. അമിതാഹാരം കുറയ്ക്കുകയാണ് വേണ്ടത്. ചോറ് പോലുള്ള അന്നജാഹാരങ്ങളുടെ അളവില്‍ കുറവുവരുത്തണം. ഭക്ഷണനിയന്ത്രണത്തിന്റെ ഭാഗമായി ഉരുളക്കിഴങ്ങ് പോലുള്ള കിഴങ്ങുവര്‍ഗങ്ങളാണ് ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ടത്. പകരം ഇലക്കറികള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കൂടുതലായി ഉള്‍പ്പെടുത്താം. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ കുറയാതെ നോക്കണം. ഇതോടൊപ്പം മധുരം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുകയോ അളവ് വളരെ കുറയ്ക്കുകകയോ വേണം.

Content Highlights: Weight Gain During Pregnancy, Postpartum Weight Loss