പെട്ടെന്ന് സുഖപ്പെടുത്തുന്ന ആസ്തമ മരുന്നുകളുടെ ഉപയോഗം ഗര്‍ഭധാരണം വൈകിപ്പിക്കുമെന്ന് പഠനം. 5600-ല്‍ കൂടുതല്‍ സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് സാധാരണ സ്ത്രീകളെ അപേക്ഷിച്ച് ആസ്ത്്മാരോഗികളായ സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നത് വൈകുമെന്ന് കണ്ടെത്തിയത്. എന്നാല്‍ ദീര്‍ഘസമയമെടുത്ത് ഫലം തരുന്ന മരുന്നുകള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ മറ്റു സ്ത്രീകളെ പോലെ പെട്ടന്നുതന്നെ ഗര്‍ഭം ധരിക്കുമെന്നും യൂറോപ്യന്‍ റെസ്പിറേറ്ററി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു.

വളരെ പെട്ടെന്ന് ഫലം തരുന്ന മരുന്നുകള്‍ ഉടനടി ആശ്വാസം നല്‍കുമ്പോള്‍ ദീര്‍ഘസമയമെടുത്ത് ആശ്വാസം നല്‍കുന്ന മരുന്നുകള്‍ പെട്ടന്നുള്ള ഫലം നല്‍കുന്നതിന് പകരം രോഗം നിയന്ത്രിക്കാനാണ് ശ്രമിക്കുക. ഉടനടി ഫലം നല്‍കുന്ന മരുന്നുകള്‍ സേവിക്കുന്ന സ്ത്രീകളില്‍ ഗര്‍ഭധാരണം വൈകുമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ അഡ്‌ലൈയ്ഡ് സര്‍വകലാശാലയിലെ ഗവേഷകന്‍ ലൂക്ക് ഗ്രെസ്‌കോവായ്ക്ക് പറയുന്നത്. 

അതേസമയം, ദീര്‍ഘസമയമെടുത്ത് ഫലം തരുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നത് പ്രത്യുല്പാദനക്ഷമതയെ സംരക്ഷിക്കുകയും ഗര്‍ഭധാരണത്തിനെടുക്കുന്ന സമയം കുറയ്ക്കുമെന്നും ഗ്രെസ്‌കോവായ്ക്ക് പറഞ്ഞു. 

ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ബ്രിട്ടന്‍, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ സ്ത്രീകളിലാണ് ഇവര്‍ പഠനം നടത്തിയത്. പ്രത്യുല്പാദനക്ഷമതയുടെ കാര്യത്തില്‍ ആസ്തമ ഇല്ലാത്തവരും ആസ്തമക്കായി ദീര്‍ഘസമയമെടുത്ത് ഫലം തരുന്ന മരുന്ന് ഉപയോഗിക്കുന്നവരും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നും പഠനത്തില്‍ കണ്ടെത്തി.