രാവിലെ ഏഴു മണിയായപ്പോള്‍ തന്നെ എരഞ്ഞിപ്പാലത്തെ ജിംനേഷ്യത്തിലേക്ക് വര്‍ക്കൗട്ട് ഡ്രസുകളണിഞ്ഞ് സ്ത്രീകള്‍ എത്തിത്തുടങ്ങിയിരുന്നു. പല ബാച്ചുകളായി വന്നവര്‍ വാംഅപ്പിനുശേഷം സുംബ...സുംബ... എന്ന പാട്ടിന്റെ ചടുലസംഗീതത്തിനൊപ്പം ചുവടുെവച്ചു. പലപ്രായത്തിലുള്ളവരുമുണ്ട്. അന്‍പതിനോടടുക്കാറായിട്ടും ചര്‍മം കണ്ടാല്‍ പ്രായം തോന്നാത്തവര്‍. അവര്‍ മറ്റു ചെറുപ്പക്കാരികളെക്കാള്‍ നന്നായി ചുവടുവെക്കുന്നുണ്ട്. ഒരുമണിക്കൂര്‍ വര്‍ക്കൗട്ടിനുശേഷം കിതപ്പും ക്ഷീണവുമില്ലാതെ ഊര്‍ജസ്വലതയോടെ പലരും വീടുകളിലേക്ക്... ചിലര്‍ വസ്ത്രം മാറ്റി ഫ്രെഷായി ഓഫീസുകളിലേക്കും.കോഴിക്കോട് നഗരത്തിലെ ഫിറ്റ്‌നെസ് സെന്ററുകളിലെ സ്ഥിരം കാഴ്ചയാണിത്. പണ്ടൊക്കെ ജിം എന്നാല്‍ ആണുങ്ങളുടെ മസില്‍പെരുപ്പിക്കലായിരുന്നു. ഇപ്പോള്‍ ജിം എന്ന പ്രയോഗം മാറി ഫിറ്റ്‌നെസ് സെന്ററുകളുമായി. സാധാരണക്കാരായ വീട്ടമ്മമാര്‍ വരെ ഇവിടേക്ക് എത്തിത്തുടങ്ങി.
രാവിലെ ഭര്‍ത്താക്കന്മാരുടെയും മക്കളുടെയും കൂടെ ഫിറ്റ്‌നെസ് സെന്ററുകളില്‍ എത്തി വര്‍ക്കൗട്ട് ചെയ്യുന്ന സ്ത്രീകളും ഒരുപാടുണ്ട്. സിനിമാതാരങ്ങളുടെ സീറോ സൈസ് കണ്ടിട്ടൊന്നുമല്ല ഈ വര്‍ക്കൗട്ടുകളെന്ന് സ്ത്രീകള്‍ പറയുന്നു. രാവിലെമുതല്‍ രാത്രിവരെ ലഭിക്കുന്ന ഊര്‍ജസ്വലതയും ഫ്രഷ്‌നെസുമാണ് മിക്കയാളുകളെയും ഫിറ്റ്‌നെസ് സെന്ററുകളിലെത്തിക്കുന്നത്.
'സന്ദൂര്‍ മമ്മികളും' പിള്ളേരും
ഫിറ്റ്‌നെസ് സെന്ററുകളില്‍ 'സന്ദൂര്‍ മമ്മി'കളെ ഒരുപാട് കാണാം. പ്രായം 40 പ്ലസ് ആയിരിക്കും എന്നാല്‍ ചര്‍മം കണ്ടാല്‍ പ്രായം തോന്നില്ല. അതിന് 'താങ്ക്‌സ്' പറയുന്നത് ദിവസവുമുള്ള ഈ വര്‍ക്കൗട്ടുകളോടാണ്. എരഞ്ഞിപ്പാലത്തുള്ള പ്രമുഖ ഫിറ്റ്െനസ് സെന്ററുകളില്‍ വര്‍ക്കൗട്ട് ചെയ്യുന്ന കല്ലായി സ്വദേശിയായ സീമയും ഒരു 'സന്ദൂര്‍ മമ്മി'യാണ്. ബെംഗളൂരുവില്‍ ഡിഗ്രിക്ക് പഠിക്കുന്ന മകള്‍ അന്ന് അവധിക്കുവരുമ്പോള്‍ അമ്മയ്‌ക്കൊപ്പം ഫിറ്റ്‌നെസ് സെന്ററില്‍ എത്തും. ഇരുവരെയും കണ്ടാല്‍ കോളേജില്‍ പഠിക്കുന്ന കൂട്ടുകാരികള്‍ ആണെന്നേ പറയുകയുള്ളൂ.
വീട്ടമ്മയായ സീമ ഉച്ചയ്ക്കുള്ള ഇടവേളകളിലാണ് ഫിറ്റ്‌നെസ് സെന്ററില്‍ എത്തുന്നത്. സുംബ ചെയ്യാന്‍ തുടങ്ങിയിട്ട് അഞ്ചുമാസമായി. ദിവസവുമുള്ള വര്‍ക്കൗട്ടിലൂടെ ശരീരഭാരം കുറയ്ക്കുകയും ഊര്‍ജസ്വലതയോടെ പെരുമാറാന്‍ കഴിയുന്നുണ്ടെന്നും സീമ പറഞ്ഞു. അഞ്ചാം ക്ലാസുകാരി ഇളയമകളും ഇടയ്ക്ക് ഇവര്‍ക്കൊപ്പം ഫിറ്റ്‌നെസ് സെന്ററില്‍ എത്താറുണ്ട്. ചേച്ചിയും അനിയത്തിയുമായ സജിനിയും സജിതയും ഒരുമിച്ചാണ് എത്തുന്നത്. 10 വയസ്സ് മുതലുള്ള പെണ്‍കുട്ടികള്‍ക്കുള്ള വര്‍ക്കൗട്ടുകളും ഉണ്ട്. കോളേജ് വിദ്യാര്‍ഥിനികളെ അപേക്ഷിച്ച് സെന്ററുകളില്‍ എത്തുന്നതില്‍ അധികവും ജോലിചെയ്യുന്നവരും വീട്ടമ്മമാരുമാണ്.
സുംബയും എയ്‌റോബിക്‌സും
സ്ത്രീകള്‍ പ്രധാനമായും തിരഞ്ഞെടുക്കുന്നത് സുംബ, എയ്‌റോബിക്‌സ് വര്‍ക്കൗട്ടുകളാണ്. ഡാന്‍സ് രീതിയിലുള്ള വര്‍ക്കൗട്ടുകളായതിനാല്‍ ഇവ വ്യായാമമാണെന്ന് തോന്നില്ല. ഇതാണ് സ്ത്രീകള്‍ക്ക് സുംബ പ്രിയമാകാന്‍ കാരണം. പാട്ടിനൊപ്പം നൃത്തം െചയ്യുകയാണ് എന്നേ തോന്നുകയുള്ളൂ. ചടുലതയോടെയും പതിഞ്ഞ താളത്തിലുമുള്ള 15 പാട്ടുകള്‍ ഉള്‍പ്പെടുത്തി ഒരുമണിക്കൂറുള്ള നൃത്തമാണ് സുംബ. ഹൃദയാരോഗ്യത്തിന് ഇത് ഗുണകരമാണ്.
മിക്ക ഫിറ്റ്‌നെസ് സെന്ററുകളിലും ആഴ്ചയില്‍ അഞ്ചു ദിവസമാണ് 'ക്ലാസ്'. ഒരു മണിക്കൂറുള്ള വര്‍ക്കൗട്ടിന് രണ്ടായിരം രൂപ മുതലാണ് ചാര്‍ജ്. വീട്ടമ്മമാരാണ് അധികവും ഫിറ്റ്‌നെസ് സെന്ററുകളില്‍ എത്തുന്നത്. രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെയാണ് പരിശീലനം. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന മിക്‌സഡ് ബാച്ചും സ്ത്രീകള്‍ക്ക് മാത്രമായുള്ള പ്രത്യേക ബാച്ചുകളുമുണ്ട്. പഴയപോലെ മിക്‌സഡ് ബാച്ചില്‍ വര്‍ക്കൗട്ട് ചെയ്യാന്‍ സ്ത്രീകള്‍ക്ക് മടിയൊന്നുമില്ലെന്ന് 'പ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് ഫിറ്റ്‌നെസി'ലെ ട്രെയിനര്‍ പ്രജിന്‍ പ്രതാപ് പറഞ്ഞു. വീട്ടമ്മമാര്‍ക്കുവേണ്ടി രാവിലെ 11 മുതല്‍ മൂന്നുവരെയുമായി പ്രത്യേകം സമയവും ക്രമീകരിച്ചിട്ടുണ്ട്.
ഫിറ്റ്‌നെസിനൊപ്പം സൗഹൃദവും
വര്‍ക്കൗട്ടുകള്‍ക്കൊപ്പം ലഭിക്കുന്ന ഫിറ്റനെസ് മാത്രമല്ല. വലിയൊരു സൗഹൃദവലയവും വളരുന്നുണ്ട്. ഭര്‍ത്താവും കുട്ടികളും ജോലിക്കും മറ്റും പോയാല്‍ വീട്ടില്‍ ഒറ്റയ്ക്കാവുന്ന വീട്ടമ്മമാരും സെന്ററുകളില്‍ എത്തുന്നുണ്ട്. ഫിറ്റ്‌നസിനൊപ്പം നല്ല സൗഹൃദവും ലഭിക്കും. ഇതാണ് ചേവായൂര്‍ സ്വദേശിയായ ഫൗസിയ അറയ്ക്കലിനെ ആകര്‍ഷിച്ചത്. മക്കള്‍ രണ്ടുപേരും വിദേശത്താണ്. ''അപ്പോ പിന്നെ വീട്ടില്‍ ഒറ്റയ്ക്കാണ് ഇവിടെയെത്തിയാല്‍ ഫിറ്റ്‌നെസും കൂടെ നല്ല എന്‍ജോയ്മെന്റുമാണ്'' -ഫൗസിയ പറഞ്ഞു.
ഇവിടങ്ങളില്‍ വര്‍ക്കൗട്ട് മാത്രമല്ല പിറന്നാള്‍, വിവാഹ വാര്‍ഷികാഘോഷങ്ങള്‍വരെ ഉണ്ടാവാറുണ്ട്.
ഡയറ്റും വര്‍ക്കൗട്ടും
തടി കുറയ്ക്കാന്‍വേണ്ടി മാത്രമല്ല ഫിറ്റ്‌നെസ് സെന്ററുകള്‍. കാര്‍ഡിയോവാസ്‌കുലാര്‍ ശേഷി, മസിലുകളുടെ കരുത്ത്, ശരീരത്തിന്റെ സൗന്ദര്യമാര്‍ന്ന ഘടന തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിനുള്ള സവിശേഷ വ്യായാമപദ്ധതികളും ഭക്ഷണച്ചിട്ടകളുമാണ് ഫിറ്റ്നെസ് ട്രെയിനിങ്ങിലുള്ളത്. കൃത്യമായ ട്രെയിനിങ്ങിനൊപ്പം ഭക്ഷണച്ചിട്ടയും ആവുന്നതോടെ പൊണ്ണത്തടിയുള്ള ആളുടെ ശരീരഭാരം കുറയുമെന്ന് പോപ്പായി ഫിറ്റ്‌നെസിലെ ട്രെയിനര്‍ ഇ.വി. സലീഷ് വ്യക്തമാക്കി.സുംബയും എയ്‌റോബിക്‌സുമൊന്നുമല്ലാതെ നൃത്തരൂപത്തിലുള്ള പലതരം വര്‍ക്കൗട്ടുകളുണ്ട്. പലതും നമ്മുടെ ഫിറ്റ്‌നെസ് സംസ്‌കാരത്തിലേക്ക് അധിനിവേശം നടത്തിയവരാണ്.
കെപോപക്സ്- കൊറിയന്‍ പോപ്പ് പാട്ടുകള്‍ക്കൊപ്പം ചുവടുവെയ്ക്കുന്ന രീതിയാണിത്. ഒരുമണിക്കൂറില്‍ 14 കൊറിയന്‍ പാട്ടുകള്‍ ഉണ്ടാവുക.
ഹിപ് ഹോപ്പ് - ചടുലതാളത്തിനൊപ്പം നൃത്തം ചെയ്യുക. ബ്രേക്കിങ്, പോപ്പിങ്, ലോക്കിങ് തുടങ്ങി 200 ശൈലികളാണ് ഹിപ് ഹോപിലുള്ളത്.
കണ്ടംപററി - ക്ലാസിക്കല്‍ ഡാന്‍സിന്റെയും കളരിയുടെ ഘടകങ്ങള്‍ അടങ്ങിയതാണിത്. മെയ്വഴക്കം നിലനിര്‍ത്തുകയാണ് ലക്ഷ്യം. സ്ട്രെച്ചസ്, ബ്രീത്തിങ് എക്‌സൈസ് എന്നിവയിലാണ് പരിശീലനം നല്‍കുക.