ണ്ണം കുറയ്ക്കാന്‍ എന്തിനാ ജിമ്മില്‍ പോകുന്നത്, ഡാന്‍സ് ചെയ്താല്‍ പോരേ? ഈ ചോദ്യം ആരെങ്കിലും നിങ്ങളോട് ചോദിച്ചിട്ടുണ്ടെങ്കില്‍ തെറ്റിദ്ധരിക്കേണ്ട, അവര്‍ പറഞ്ഞത് സത്യമാണ്. നൃത്തത്തെയും പാട്ടിനെയും അത്രമോല്‍ സ്‌നേഹിക്കുന്ന നമ്മള്‍ക്ക് ശരീരത്തിന്റെ ഭംഗി നിലനിര്‍ത്താനും ആരോഗ്യം സംരക്ഷിക്കാനും ഡാന്‍സ് ചെയ്യുക എന്നതിനോളം നല്ലൊരു വ്യായാമമില്ല.

ജിമ്മില്‍ പോയി ഗത്യന്തരമില്ലാതെ വ്യായാമം ചെയ്ത് ബോറടിക്കുന്നതു പോലെയല്ല ഇഷ്ടത്തോടെ ആസ്വദിച്ച് നൃത്തച്ചുവടുകള്‍ വയ്ക്കുന്നത്‌. എന്തൊക്കെ വിധം നൃത്തരൂപങ്ങളാണ് സ്വദേശിയും വിദേശിയുമൊക്കെയായി നമുക്ക് മുന്നിലുള്ളത്. അതുകൊണ്ട് തന്നെയാണ് ജിം വ്യായാമങ്ങളെ മറികടന്ന് ഈ നൃത്തരൂപങ്ങളൊക്കെ പുതിയ ട്രെന്‍ഡ് ആവുന്നതും.

ബെല്ലി ഡാന്‍സ്

ത്രസിപ്പിക്കുന്ന സംഗീതവും മെയ് വഴക്കമുള്ള ചലനങ്ങളുമാണ് ബെല്ലി ഡാന്‍സിന്റെ പ്രത്യേകത. അരക്കെട്ടിന്റെ ദ്രുതചലനം ശരീരമാകെ പ്രകമ്പനമായി മാറും. ശരീരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ബെല്ലി ഡാന്‍സില്‍ ഭാഗമാകുന്നുണ്ട്. ശരീരത്തെ ഫിറ്റായി നിര്‍ത്തുന്നതിനൊപ്പം നടുവേദന, മുട്ടുവേദന എന്നിവയില്‍ നിന്നൊക്കെ രക്ഷ നേടാനും സഹായിക്കുന്നതാണ് ഈ നൃത്തരൂപം. ഗര്‍ഭിണികള്‍ ബെല്ലി ഡാന്‍സ് ചെയ്യുന്നത് പ്രസവപ്രക്രിയ എളുപ്പമാക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 2000ത്തോടെയാണ് ബെല്ലി ഡാന്‍സ് ലോകമാകെ ഏറ്റെടുക്കുന്നത്. പോപ് ഗായിക ഷക്കീരയുടെ ചലനങ്ങളാണ് ലോകത്തെ ഈ നൃത്തരൂപത്തിന്റെ ആരാധകരാക്കിയത്. മധ്യപൂര്‍വേഷ്യന്‍ നൃത്തരൂപമായ ബെല്ലി ഡാന്‍സിന്റെ ഉദ്ഭവ രാജ്യങ്ങള്‍ തുര്‍ക്കി, ഈജിപ്ത്, ലെബനന്‍ എന്നിവയാണ്.

സുംബ ഡാന്‍സ്

നൃത്തരൂപം എന്നതിനേക്കാള്‍ ഫിറ്റ്‌നെസ് മന്ത്രമാണ് സുംബ. ലാറ്റിന്‍ അമേരിക്കന്‍ സംഗീതത്തിനൊപ്പം ചുവടുവച്ച് ആസ്വദിച്ച് ചെയ്യാവുന്ന സുംബ ഡാന്‍സ് ഒരു എനര്‍ജി പാക്ക് ആണെന്നും പറയാം. വേഗമേറിയതും കുറഞ്ഞതുമായ ചുവടുകള്‍ സുംബയിലുണ്ട്‌. ഇങ്ങനെ ചെയ്യുമ്പോള്‍ ഹൃദയമിടിപ്പ് കൂടുകയും കുറയുകയും ചെയ്യും. അങ്ങനെ കലോറി കത്തിത്തീരുകയും ശരീരം ദൃഢതയുള്ളതാവുകയും ചെയ്യും.

പോള്‍ ഡാന്‍സിങ്   പോള്‍ ഡാന്‍സെന്ന് കേട്ടാല്‍ ഇന്ത്യക്കാര്‍ക്ക് പെട്ടന്ന ഓര്‍മ വരിക ശ്രീലങ്കന്‍ സുന്ദരിയായ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയാണ്. നമുക്ക് അത്ര പരിചിതമല്ലാത്ത പോള്‍ ഡാന്‍സിംഗിനെ പരിചിതമാക്കിയതില്‍ ജാക്വിലിന്റെ പങ്ക് ചെറുതല്ല. പേശീവികാസത്തിനും മെയ് വഴക്കത്തിനുമൊക്കെ സഹായകമാണ് ഈ നൃത്തരൂപം. നടുവേദനയോ സന്ധിവേദനയോ ഉള്ളവര്‍ക്ക് ഈ പരിപാടി പറ്റില്ലെന്ന് മാത്രം!

ജാസ് ഡാന്‍സിങ്

കാലുകളുടെ ഭംഗിയാണ് ജാസ് ഡാന്‍സിംഗിലൂടെ നിങ്ങളെ കാത്തിരിക്കുന്നത്. ബാലറ്റ് പോലെ ശരീരവഴക്കത്തിന്റെ കലയാണ് ജാസും. കൈകാലുകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. സെക്‌സി ഡാന്‍സ് എന്ന വിശേഷണവും ഈ നൃത്തരൂപത്തിനുണ്ട്.

ബോളിവുഡ് ഡാന്‍സിംഗ്

ഭംഗ്രാ ചുവടുകള്‍ മുതല്‍ ഭരതനാട്യം വരെ നീളുന്ന വ്യത്യസ്തതയാണ് ബോളിവുഡ് ഡാന്‍സുകളുടെ പ്രത്യേകത. സിനിമാ ഗാനങ്ങള്‍ക്കൊപ്പം ചുവട് വയ്ക്കാന്‍ പ്രത്യേക പരിശീലനവും ആവശ്യമില്ല. അടിച്ചുപൊളിച്ച് നൃത്തം ചെയ്യാം,ആരോഗ്യവും കാക്കാം.

ഹിപ് ഹോപ്

സ്റ്റെപ് അപ് സീരിസിലെ ചിത്രങ്ങളുടെ ആരാധകരോട് ഹിപ്‌ഹോപിനെക്കുറിച്ച് കൂടുതല്‍ പറയേണ്ട കാര്യമേയില്ല. അല്ലാത്തവര്‍ ബിയോണ്‍സിന്റെ  പ്രകടനം കണ്ടാല്‍ മതി. ഡാന്‍സിംഗ് ഫ്‌ളോറിനെ ഇളക്കിമറിക്കുന്ന ആ ചലനങ്ങള്‍ തന്നെയാണ് ഡാന്‍സിംഗ് റാണിയാകാന്‍ ഏറ്റവും നല്ല വഴിയും. നിയതമായ ചുവടുകളോ ചിട്ടയായ രീതികളോ അല്ല ഫ്രീസ്റ്റൈലിംഗ് ആണ് ഹിപ്‌ഹോപിന്റെ പ്രത്യേകത.