രാജിയുടെ സ്വഭാവം ആകെ മാറിമറിഞ്ഞത് പ്രസവാനന്തരമാണ്. ഒരു തക്കുടുക്കുട്ടന് ജന്മം നല്‍കിയെങ്കിലും പിന്നീടവളുടെ സ്വഭാവത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വ്യതിയാനങ്ങളാണുണ്ടായത്. അധ്യാപകനായ ഭര്‍ത്താവ് മുരളിക്ക് ഇത് ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. പെട്ടെന്ന് കോപിക്കുക, കരയുക, തന്നെ ആര്‍ക്കും ഇഷ്ടമില്ലെന്ന് വിലപിക്കുക.... ചിലപ്പോള്‍ കുഞ്ഞിനെപ്പോലും അവഗണിക്കുക....പ്രസവം കഴിഞ്ഞപ്പോള്‍ അവള്‍ക്ക് അഹങ്കാരം വെച്ചെന്നായിരുന്നു മുരളിയുടെ പ്രതികരണം. താന്‍ പ്രണയിച്ചു വിവാഹം കഴിച്ച രാജിയല്ല ഇതെന്നും ഈ സ്വഭാവം തനിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ലെന്നും അയാള്‍ പരസ്യമായി പ്രഖ്യാപിച്ചു. നിനക്ക് ഭ്രാന്താണെന്നു പറഞ്ഞ് അവളെ ശകാരിക്കുന്നതും പതിവായി.

ഇതോടെ വീട്ടില്‍ കലഹമായി. നിസ്സാരകാര്യത്തിനുപോലും വാശിയും ടെന്‍ഷനും പിടിക്കുന്ന രാജിയില്‍നിന്ന് അയാള്‍ മനഃപൂര്‍വ്വം അകന്നു. ഇതിനിടെ ഒരുദിവസം അവള്‍ സാരിയില്‍ കുരുക്കിട്ട് മരിക്കാന്‍ തുനിഞ്ഞു. വീട്ടിലുള്ളവര്‍ കണ്ടതിനാല്‍ ഒരു ദുരന്തം ഒഴിവായി.

രാജിക്കെന്തോ ഗുരുതര മാനസികപ്രശ്‌നമുണ്ടെന്ന് ഇതോടെ മുരളിക്ക് മനസ്സിലായി. അവര്‍ അറിയപ്പെടുന്ന മനോരോഗവിദഗ്ധനെ കണ്ടു, ഏറെ സംസാരത്തിനുശേഷം ഡോക്ടര്‍ മുരളിയോട് രാജിയുടെ കാര്യങ്ങള്‍ വിശദീകരിച്ചു. അവള്‍ കടുത്ത വിഷാദരോഗത്തിന്റെ പുതപ്പിനുള്ളിലാണ്. സ്വതവേ അല്‍പ്പം ടെന്‍ഷനും ഉത്കണ്ഠയുമുള്ള കൂട്ടത്തിലാണവള്‍. ചെറുപ്പത്തില്‍ത്തന്നെ അച്ഛന്‍ മരിച്ചുപോയതിന്റെ അരക്ഷിതാവസ്ഥയില്‍നിന്നാണതുണ്ടായത്.

കുഞ്ഞിനെ പ്രസവിച്ചദിവസം അടുത്തമുറിയിലുണ്ടായിരുന്ന സ്ത്രീ നാളുനോക്കിയിട്ട് കുഞ്ഞിന്റെ അച്ഛന് ദോഷം വരാന്‍ സാധ്യതയുണ്ടെന്ന് രാജിയോട് പറഞ്ഞു. ഇതോടെ അവളുടെ മനസ്സ് പ്രക്ഷുബ്ധമായി. അമ്മയെപ്പോലെ താനും ചെറുപ്പത്തിലേ വിധവയാകുമോ എന്ന ഭയം അവളെ ഗ്രസിച്ചു... ഇതു മനസ്സില്‍ക്കിടന്നു പുകഞ്ഞുണ്ടായ അസ്വസ്ഥതകളാണ് അവളെ കടുത്ത വിഷാദത്തിനടിമയാക്കിയത്. കുഞ്ഞിനെ കഴുത്തുഞെരിച്ചുകൊന്നാലോ എന്നുവരെ ഒരു ദുര്‍ബലനിമിഷത്തില്‍ അവള്‍ ചിന്തിച്ചു. ഭര്‍ത്താവില്‍നിന്നുണ്ടായ അകല്‍ച്ചയും അവഗണനയും വിഷാദരോഗം മൂര്‍ച്ഛിക്കാന്‍ കാരണമായി.

മരുന്നുകള്‍ക്കൊപ്പം വീട്ടുകാരുടെ, പ്രത്യേകിച്ച് ജീവിതപങ്കാളിയുടെ പിന്തുണ ഇത്തരം രോഗാവസ്ഥയില്‍നിന്നു കരകയറാന്‍ അനിവാര്യമാണെന്ന് ഡോക്ടര്‍ മുരളിയെ ബോധ്യപ്പെടുത്തി.

വിഷാദം ചിലര്‍ക്ക് സ്ഥായീഭാവമാണെങ്കില്‍ മറ്റുചിലരില്‍ ഇടയ്ക്കിടെ വന്നുപോകുന്ന അതിഥിയാണ്. കാര്യകാരണമൊന്നുമില്ലാതെ ആരിലും എപ്പോള്‍വേണമെങ്കിലും വിഷാദരോഗം പിടിപെടാം. എന്നാലിത് വേണ്ടപ്പെട്ടവര്‍ തിരിച്ചറിയാതെ പോകുമ്പോഴാണ് ഗുരുതര പ്രശ്‌നമാകുന്നത്. കുടുംബജീവിതത്തില്‍ പങ്കാളിയുടെ മൂഡിനുണ്ടാകുന്ന മാറ്റം പലരും തിരിച്ചറിഞ്ഞെന്നു വരും. പക്ഷേ, അതുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനായെന്നുവരില്ല.

യുക്തിയും കാര്യകാരണങ്ങളും വെച്ച് പങ്കാളിക്കുണ്ടാകുന്ന മാറ്റത്തിന്റെ കാരണങ്ങള്‍ ചികഞ്ഞെടുക്കാനാകും പലരും ഉത്സാഹിക്കുക. ഒടുക്കം പങ്കാളി തന്നില്‍നിന്നെന്തോ മറയ്ക്കുന്നു....അവര്‍ മനഃപൂര്‍വ്വം അകലുന്നു തുടങ്ങിയ ചിന്തകളിലേക്ക് എത്തിച്ചേരും. പിന്നെ സംശയവും വഴക്കുമാകും..പലപ്പോഴും ആത്മഹത്യയിലേക്കും വിവാഹബന്ധങ്ങളുടെ തകര്‍ച്ചയിലേക്കുമൊക്കെ ഇത് നമ്മളെ എത്തിച്ചേക്കാം.

രാജിക്കുണ്ടായ വിഷാദാവസ്ഥയ്ക്കു കാരണം ചികഞ്ഞെടുക്കാന്‍ ഡോക്ടര്‍ക്ക് കഴിഞ്ഞു. പലപ്പോഴും ഇതിന്റെ കാരണം കാണാമറയത്താകും. ചിലപ്പോള്‍ കാരണമൊന്നുമുണ്ടായെന്നുവരില്ല. തലവേദന, ഉറക്കക്കുറവ്, അമിതദേഷ്യം, കാരണമില്ലാതെയുള്ള കരച്ചില്‍, ഉന്മേഷമില്ലായ്മ, അനാവശ്യഭയങ്ങള്‍, രോഗം വരുമെന്ന ഭീതി, മലബന്ധം, ആര്‍ത്തവത്തിലെ ക്രമക്കേടുകള്‍, ഒന്നിലും ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥ തുടങ്ങിയവയൊക്കെ വിഷാദരോഗത്തിന്റെ ഫലമായുണ്ടാകാം. അപൂര്‍വ്വം ചിലരില്‍ അമിതോത്സാഹം, അമിത ഭക്ഷണം, അമിത ഉറക്കം തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്.

ആര്‍ക്കും എപ്പോള്‍വേണമെങ്കിലും വരാവുന്ന ഒരവസ്ഥയാണിതെന്ന് തിരിച്ചറിയണം. ഉറ്റവരുടെ വേര്‍പാട്, ജീവിതത്തിലെ തിരിച്ചടികള്‍ തുടങ്ങിയവ ചിലരെ താത്കാലികമായി വിഷാദാവസ്ഥകളിലേക്ക് എത്തിച്ചേക്കാം. ഒരു നിശ്ചിതകാലം കഴിയുമ്പോള്‍ അവര്‍ വിഷാദത്തിന്റെ കുരുക്കില്‍നിന്ന് പുറത്തുചാടും. ഗര്‍ഭാവസ്ഥയിലും പ്രസവശേഷവുമുണ്ടാകുന്ന വിഷാദവും പിന്നീട് മാറിയേക്കാം. ജീവിതത്തോടുള്ള വെറുപ്പും ആത്മഹത്യാ പ്രവണതയുമൊക്കെ വിഷാദരോഗത്തിന്റെ ഫലമായുണ്ടാകാം. ആത്മഹത്യചെയ്യുന്നവരില്‍ 20 ശതമാനത്തോളും പേര്‍ കടുത്തവിഷാദരോഗികളാണെന്നാണ് കണക്ക്.

ജനസംഖ്യയില്‍ പകുതിയിലധികംപേരും ഡിപ്രഷന്‍ എന്നുപറയുന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവരാണ്. എന്നാല്‍ ഗട്ടറിലേക്കിറങ്ങുന്ന വണ്ടി മെല്ലെ കയറിപ്പോകുന്നപോലെ ഒരു നല്ലശതമാനവും സ്വയം ഇതിനെ അതിജീവിച്ച് മുന്നേറും. കുടുംബജീവിതത്തില്‍ പങ്കാളിയുടെ ഒരുപിന്തുണകൂടി ലഭിച്ചാല്‍ എളുപ്പം ഇത് മറികടക്കാനാകും. പങ്കാളി ഇത് തിരിച്ചറിയാതെ കലഹത്തിലേക്കു പോയാല്‍ സ്ഥിതി സങ്കീര്‍ണമാകും.

വിഷാദരോഗിയോട് യുക്തിപൂര്‍വ്വം കാര്യങ്ങള്‍ സംസാരിച്ച് ബോധ്യപ്പെടുത്തുക എളുപ്പമല്ലെന്ന തിരിച്ചറിവ് ആദ്യമുണ്ടാകണം. ഒരു രോഗിയാണെന്ന് മുദ്രകുത്തി നല്‍കുന്ന അമിത പരിഗണനപോലും അവരുടെ അസ്വസ്ഥത വര്‍ധിപ്പിക്കും. അവരുടെ വൈകാരിക പ്രക്ഷുബ്ധതകള്‍ മനസ്സിലാക്കുന്നു എന്നും എന്തുവന്നാലും താന്‍ കൂടെയുണ്ടാകുമെന്നും അവരെ ബോധ്യപ്പെടുത്തുക.

നീ എനിക്ക് ഏറെ വേണ്ടപ്പെട്ടയാളാണ്, എന്റെ ജീവിതത്തിന് ഒരനിവാര്യതയാണ് എന്ന് സന്ദേശം നമ്മുടെ പ്രവൃത്തികളിലൂടെ ഇവരിലെത്തിക്കണം.  ഇത്തരക്കാര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മനസ്സുവെയ്ക്കുക. ലൈംഗികബന്ധത്തിലും മറ്റുമുണ്ടാകുന്ന വിരക്തി ഉള്‍ക്കൊണ്ട് പ്രതികരിക്കാന്‍ പങ്കാളിക്ക് കഴിയണം. യാത്രകള്‍, ഉല്ലാസങ്ങള്‍ തുടങ്ങിയവയ്ക്ക് സമയം കണ്ടെത്തണം. വ്യായാമം, യോഗ, ധ്യാനം തുടങ്ങിയവയൊക്കെ വിഷാദരോഗത്തെ ചെറുക്കാന്‍ ഉപയോഗപ്പെടുത്താം. ചിലരില്‍ വിഷാദത്തിന്റെ നേര്‍ വിപരീതമായ ഉന്മാദാവസ്ഥ ഇടയ്ക്ക് വന്നുപോകാം.

അതുള്‍ക്കൊള്ളാന്‍ സജ്ജരായിരിക്കണം. ഏറ്റവും പ്രധാനം ചികിത്സതന്നെയാണ്. മരുന്നില്‍ മാറാത്ത കടുത്തരോഗാവസ്ഥകള്‍ക്ക് ഇലക്‌ട്രോകണ്‍വെല്‍സീവ് തെറാപ്പിയെന്ന ഷോക്ക് ചികിത്സ വേണ്ടിവന്നേക്കാം.

ഋതുക്കള്‍ മാറിവരുംപോലെ അകന്നുപോയ വിഷാദത്തിന്റെ കരിമേഘങ്ങള്‍ പിന്നെയും ജീവിതത്തിലേക്ക് തിരിച്ചെത്താം. പലപ്പോഴും തുടര്‍ചികിത്സ അനിവാര്യമാകാം. ഏറ്റവും പ്രധാനം അവരെ മനസ്സിലാക്കുക, ചേര്‍ത്തുപിടിക്കുക എന്നതാണ്. ഒന്നോര്‍ക്കുക ആരിലും എപ്പോള്‍ വേണമെങ്കിലും വിഷാദവും ഉന്മാദവും ആവേശിക്കാം...ഇതെഴുതുന്ന എന്നിലും വായിക്കുന്ന നിങ്ങളിലും വരെ...

Content Highlights: Depression, Symptoms, Causes And Treatment