രുപത്തിയഞ്ച് വയസ്സുളള ബാങ്ക് ജീവനക്കാരി അമ്മയുമൊത്താണ് ഡോക്ടറെ കാണാന്‍ എത്തിയത്. ഇടത്തെ മാറില്‍ കണ്ട ഒരു മുഴയാണ് പ്രശ്‌നം. കുളിച്ചുകൊണ്ടിരുന്നപ്പോഴാണ് മുഴ ശ്രദ്ധയില്‍പ്പെട്ടത്. കല്യാണം നിശ്ചയിച്ചിരുന്ന പെണ്‍കുട്ടിയാണ്. രോഗവിവരമറിഞ്ഞ വീട്ടുകാരെല്ലാം അങ്കലാപ്പിലായി. കാന്‍സറിനെയാണ് എല്ലാവര്‍ക്കും ഭയം. പെണ്‍കുട്ടിയാണെങ്കില്‍ എല്ലാം കഴിഞ്ഞെന്ന ഭാവത്തിലാണ്. ഏതായാലും പരിശോധനയില്‍ സ്തനത്തിലുണ്ടായ മുഴ നിരുപദ്രവകാരിയാണെന്ന് കണ്ടെത്തി. നഷ്ടപ്പെട്ടെന്ന് കരുതിയ ജീവിതവും മോഹനപ്രതീക്ഷകളും തിരിച്ചുകിട്ടിയെന്ന സന്തോഷത്തിലാണ് പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങിയത്. 

സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാന്‍സര്‍ സ്തനാര്‍ബുദമാണ്. പുതിയ ജീവിതശൈലിയും ഭക്ഷണശീലങ്ങളുമൊക്കെ സ്തനാര്‍ബുദം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. കൊഴുപ്പുള്ള ഭക്ഷണം, വ്യായാമക്കുറവ് തുടങ്ങിവയൊക്കെ ഇതിന് കാരണമാകാം. പാരമ്പര്യവും പൊണ്ണത്തടിയുമാണ് സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന മറ്റ് ഘടകങ്ങള്‍.

എന്നാല്‍ സ്തനങ്ങളിലുണ്ടാകുന്ന എല്ലാ മുഴകളും കാന്‍സറല്ല. ഇവയില്‍ പത്തിലൊന്ന് മാത്രമേ കാന്‍സറാകാന്‍ സാധ്യതയുള്ളൂ. അതുകൊണ്ട് മാറിടത്തില്‍ മുഴയുണ്ടായാല്‍ വിദഗ്ധ പരിശോധന നടത്തുകയാണ് വേണ്ടത്. 

കുഴപ്പമില്ലാത്ത മുഴകള്‍

ചെറുപ്പക്കാരികളില്‍ കൂടുതലായി കണ്ടുവരുന്ന നിരുപദ്രവകാരികളായ മുഴകളാണ് ഫൈബ്രോ അഡിനോമ. മുലപ്പാല്‍ ഗ്രന്ഥികളില്‍ നിന്നാണ് ഇവയുണ്ടാകുന്നത്. വേദനയില്ലാത്ത മൃദുവായ ഈ മുഴകള്‍ കൈകൊണ്ട് തടവി നോക്കിയാല്‍ അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്നതായി കാണാം. ആസ്ട്രജന്‍ ഹോര്‍മോണിന്റെ ആധിക്യം മൂലമാണ് ഇവയുണ്ടാകുന്നത്. ഇത്തരം മുഴകള്‍ സ്വയം അപ്രത്യക്ഷമാകാന്‍ ഇടയുണ്ട്. എഫ് എന്‍ എ സി പരിശോധനയിലൂടെ രോഗനിര്‍ണയം നടത്താം. വലുപ്പമുള്ള മുഴകളാണെങ്കില്‍ ശസ്ത്രക്രിയ വഴി നീക്കം ചെയ്യണം. 

മുലയൂട്ടുന്ന സമയത്ത് പ്രത്യക്ഷപ്പെടുന്ന മുഴകളാണ് ഗാലക്ടോറ്റോസീല്‍. മുലപ്പാല്‍ ശേഖരിക്കുന്ന നാളികളില്‍ ഒന്ന് അടഞ്ഞ് ഗ്രന്ഥിക്കകത്തുതന്നെ പാല്‍ കെട്ടിക്കിടന്ന് വികസിച്ചുണ്ടാകുന്നവയാണ് ഗാലക്‌റ്റോസീല്‍. ഇവ വേദനയുണ്ടാക്കില്ല. സിറിഞ്ചുപയോഗിച്ച് കെട്ടിക്കിടക്കുന്ന പാല്‍ വലിച്ചുകളയുമ്പോള്‍ മുഴകള്‍ ഇല്ലാതാകും. 

മധ്യവയസ്‌കരായ സ്ത്രീകളില്‍ മുലകളില്‍ വേദനയും ഘനവും അനുഭവപ്പെടുന്ന അവസ്ഥയാണ് ഫൈബ്രോസിസ്റ്റിക് രോഗം. സ്തനമാകെ ചെറിയ മുഴകള്‍ രൂപപ്പെട്ടേക്കാം. ആര്‍ത്തവത്തിന് മൂന്നോ നാലോ ദിവസം മുമ്പുമുതല്‍ രണ്ടാഴ്ചവരെയൊക്കെ മുലകളില്‍ കഠിന വേദനയുണ്ടാകാറുണ്ട്. മുലപ്പാല്‍ ഗ്രന്ഥികളെ ബാധിക്കുന്ന ഈ രോഗത്തിന് കാന്‍സറുമായി ബന്ധമൊന്നുമില്ല. 

സ്തനാര്‍ബുദം ഇവ ശ്രദ്ധിക്കാം

സ്തനാര്‍ബുദത്തിന്റെ ലക്ഷണവും സ്തനത്തിലെ മുഴകള്‍ തന്നെയാണ്. ഈ മുഴക്ക് പൊതുവെ വേദനയുണ്ടാകില്ല. സ്തനത്തിലെ ചര്‍മം ചുളിഞ്ഞെന്നുവരാം. മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞുപോകുന്നത് സ്തനാര്‍ബുദ ലക്ഷണമാകാം. 

മുലഞെട്ടില്‍ നിന്ന് രക്തമോ രക്തം കലര്‍ന്ന ദ്രാവകമോ വരുന്നതും ശ്രദ്ധിക്കണം. ഒരു സ്തനത്തിന് മറ്റേതിനെ അപേക്ഷിച്ച് വലുപ്പം കൂടുകയോ തൂങ്ഹിനില്‍ക്കുകയോ ചെയ്യുന്നതും ഗൗരവമായി എടുക്കണം. കക്ഷത്തിലെ മുഴകള്‍, ഒരു കൈക്കുമാത്രമായി വീക്കം, നീര് തുടങ്ങിയവയും സ്തനാര്‍ബുദ ലക്ഷണമാകാം. 

(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)