താരങ്ങളെ പോലെ സീറേe സൈസ് ഫിഗറാവണമെന്നില്ല. ഭംഗിയുള്ള ആകാരവടിവ് മാത്രം മതിയെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. ഇങ്ങനെയാണ് ചിന്തിക്കുന്നതെങ്കില്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം ശരീരഭാരവും അഴകളവുകളും നോക്കുകയാണ്. അതിന് ഡ്രസ് സൈസ് എത്രയെന്ന് നോക്കുക. എന്നിട്ട് തീരുമാനിക്കാം ഏത് മാര്‍ഗമാണ് സ്വീകരിക്കേണ്ടത് എന്ന്. 

ശരിയായ ബോഡി ഷേപ്പിലെത്താന്‍ ചിലര്‍ക്ക് തൂക്കം കുറച്ചാല്‍ മതി. ചിലര്‍ക്കാകട്ടെ തൂക്കം കൂട്ടുകയാകും ചെയ്യേണ്ടത്. ഇതില്‍ തൂക്കം കുറയ്‌ക്കേണ്ടവര്‍ ഭക്ഷണ നിയന്ത്രണത്തിന് മുമ്പായി എത്ര ഭാരം കുറയ്ക്കണം എന്ന മനസ്സിലാക്കണം. ബോഡി മാസ് ഇന്‍ഡക്‌സ് നോക്കി യോജിച്ച ഭാരം കണ്ടുപിടിക്കാം. നമ്മുടെ ഉയരത്തില്‍ നിന്ന് 100 കുറച്ചാല്‍ കിട്ടുന്നതാണ് യഥാര്‍ഥത്തില്‍ വേണ്ട ഭാരം. ഉദാഹരണത്തിന് 155 സെന്റീമീറ്റര്‍ ഉയരമുള്ള ആള്‍ക്ക് വേണ്ട ഭാരം 155-100 55. ഇങ്ങനെ കണക്കാക്കിയാല്‍ മതി. 

ഇനി വ്യായാമത്തെ കുറിച്ച ചിന്തിച്ചാലോ. നിങ്ങള്‍ വീട്ടില്‍ തന്നെയാണ് വ്യായാമം ചെയ്യുന്നതെങ്കില്‍ ആദ്യം ഒരു ഫിറ്റ്‌നസ് വിദഗ്ധനെ കാണണം. എന്തെങ്കിലും രോഗാവസ്ഥകളുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശം കൂടി തേടിയിട്ടേ കഠിനമായ വ്യായാമങ്ങള്‍ തുടങ്ങാവൂ. വ്യായാമവും ഡയറ്റും തുടങ്ങുന്നതിന് മുമ്പ് തന്നെ ആപ്പിള്‍ ഷെയ്പ്പ്, പിയര്‍, അവര്‍ഗ്ലാസ്, റെക്ടാങ്കിള്‍ എന്നിവയില്‍ നമ്മുടെ ബോഡി ടൈപ്പ് അനുസരിച്ചുള്ള വ്യായാമം ചെയ്യുന്നത് കൂടുതല്‍ ഫലപ്രദമാകും. 

ആപ്പിള്‍ ബോഡി- ഇത്തരക്കാര്‍ക്ക് അരയ്ക്ക് മുകളിലേക്ക് വണ്ണം കൂടുതലായിരിക്കും. തോള്‍ഭാഗത്തിന് കൂടുതല്‍ വിരിവുണ്ടാകും. എന്നാല്‍ അരയ്ക്ക് താഴേക്ക് വണ്ണം കുറവും. നെഞ്ച് വയര്‍, കൈകള്‍ എന്നിവിടങ്ങളിലാണ് ഇവര്‍ക്ക് കൊഴുപ്പടിഞ്ഞ് കൂടാന്‍ സാധ്യത. ബര്‍പീസ്, സ്‌ക്വാട്ട് തുടങ്ങിയ വ്യായാമങ്ങളാണ് ഈ ശരീരപ്രകൃതിക്കാര്‍ക്ക് നല്ലത്. 

പിയര്‍ ഷെയ്പ്പ്- ശരീരം അരയ്ക്കു മുകളില്‍ വണ്ണം കുറവും കീഴെ കൂടുതലുമായിരിക്കും. ഇത്തരക്കാരുടെ തുടകളിലും അരക്കെട്ടിലുമാണ് കൂടുതല്‍ കൊഴുപ്പടിയുക. ലെഗ് വര്‍ക്കൗട്ടുകള്‍ ഇവര്‍ക്ക് ഗുണം ചെയ്യും. സ്‌കിപ്പിങ്, ബ്രിസ്‌ക് വോക്കിങ്, ബ്രഞ്ച് പ്രസ്സ്, പുഷ് അപ്പ്, ലെഗ് ലിഫ്റ്റ് എന്നീ വ്യായാമങ്ങള്‍ ചെയ്യാം. 

അവര്‍ഗ്ലാസ് ബോഡി - ഏറ്റവും മികച്ച ശരീരപ്രകൃതിയാണിത്. മെലിഞ്ഞ ശരീരവടിവ് ഉള്ളവരായിരിക്കും ഇവര്‍. എന്നാലും മസിലിന് വേണ്ടിയുള്ള വ്യായാമങ്ങള്‍ ചെയ്യണം. ഓട്ടം, സ്വിമ്മിങ്, സൈക്ലിങ്, ജോഗിങ് എന്നിവയൊക്കെ പരീക്ഷിക്കാം. 

റെക്ടാങ്കിള്‍ ബോഡിഷെയ്പ്പ് - ചതുരാകൃതി ശരീരം എന്ന് വിളിക്കുന്ന ഇത്തരക്കാര്‍ക്ക് ബോഡി ഷെയ്പ്പ് കുറവായിരിക്കും. സ്‌ട്രെയ്റ്റായിരിക്കും മുകള്‍ഭാഗം. അതുപോലെ തന്നെ താഴേക്കും മിക്കവാറും മെലിഞ്ഞവരാണ് ഇത്തരക്കാര്‍. സാധാരണ ചെയ്യുന്ന എല്ലാ വ്യായാമങ്ങളും ഇവര്‍ക്ക് ചേരും. ആബ്‌സ് എക്‌സര്‍സൈസ് സിറ്റപ്പ്‌സ്, കിക്ക് ബോക്‌സിങ് എന്നിവയും ചെയ്യാം.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

 

Content Highlights: Body shape and work out