കേരളത്തിലെ ഒരേയൊരു ഗോട്ടുവാദ്യവിദഗ്ധ ഉഷ വിജയകുമാറിനെക്കുറിച്ച്...


നമ്മുടെ അപൂര്‍വങ്ങളായ സ്വദേശിവാദ്യങ്ങളില്‍ പ്രമുഖസ്ഥാനമുള്ള ഒന്നാണ് ഗോട്ടുവാദ്യം. വിചിത്രവീണയെന്നും ചിത്രവീണയെന്നും അറിയപ്പെടുന്ന ഈ ഉപകരണം ഇന്ത്യയില്‍ ഇന്ന് വായിക്കാനറിയുന്നവര്‍ പത്തില്‍ താഴെ മാത്രം. മലയാള നാട്ടിലാകട്ടെ ഗോട്ടുവാദ്യത്തില്‍ പ്രാവീണ്യം നേടിയത് ഒരേയൊരാളാണ്- കോഴിക്കോട് സ്വദേശിനി ഉഷ വിജയകുമാര്‍.

തമിഴ്‌നാട്ടിലെ സംഗീതപ്രസിദ്ധമായ തഞ്ചാവൂരിലാണ് ഉഷ ജനിച്ചത്. അച്ഛന്‍ ദീനദയാല്‍ റെയില്‍വേ ഉദ്യോഗസ്ഥനായതിനാല്‍ ബാല്യം ദക്ഷിണേന്ത്യയിലെ പല സ്ഥലങ്ങളിലായാണ് ചെലവഴിച്ചത്. പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പതിമ്മൂന്നാം വയസ്സില്‍ ഗോട്ടുവാദ്യം പഠിക്കാനാരംഭിച്ചത്.

തിരുപ്പതിയിലെ മന്നാര്‍ഗുഡി സാവിത്രിയമ്മാളായിരുന്നു ഗുരു. ശിഷ്യ സ്വമനസ്സാലെ വന്നതല്ലെന്നറിഞ്ഞ സാവിത്രിയമ്മാള്‍ ഉഷയെ ആദ്യമെല്ലാം വെറും കേള്‍വിക്കാരിയായി ഇരുത്തുമായിരുന്നത്രെ. ഗോട്ടുവാദ്യത്തില്‍ താത്പര്യം വന്നതിനുശേഷമേ ശിക്ഷണം ആരംഭിച്ചുള്ളൂ. പിന്നീട് തിരുപ്പതി മ്യൂസിക് ആന്‍ഡ് ഡാന്‍സ് സ്‌കൂളില്‍നിന്ന് ഗോട്ടുവാദ്യത്തില്‍ ബിരുദമെടുത്തു. പഠനശേഷം മദ്രാസിലെ ആകാശവാണിയില്‍ കാഷ്വല്‍ ആര്‍ട്ടിസ്റ്റായി ജോലി നോക്കി. ഒപ്പം കലാക്ഷേത്രയില്‍ തുടര്‍പഠനവും നടത്തി.

ഇതിനിടയിലാണ് കോഴിക്കോട് ആകാശവാണിയില്‍ പാപ്പ വെങ്കിട്ടരാമ അയ്യങ്കാര്‍ വിരമിക്കുന്ന ഒഴിവുവന്നത്. അങ്ങനെ ഉഷ കോഴിക്കോട്ടുകാരിയായി. രാഘവന്‍ മാഷടക്കം നിരവധി കലാകാരന്‍മാരുമായി അടുത്തബന്ധം പുലര്‍ത്താന്‍ കേരളത്തില്‍ അവസരം ലഭിച്ചു. ആകാശവാണിയില്‍ താന്‍ അവതരിപ്പിക്കുന്ന ഓരോ പരിപാടി കഴിയുമ്പോഴും രാഘവന്‍ മാഷ് വിളിച്ച് അഭിപ്രായം പറയാറുണ്ടായിരുന്നെന്ന് ഉഷ ഓര്‍ക്കുന്നു.

സംസ്ഥാനത്ത് പല വേദികളിലും ഉഷ ഗോട്ടുവാദ്യം വായിച്ചിട്ടുണ്ട്. കേരളത്തിന് പുറത്ത് പുട്ടപര്‍ത്തിയില്‍ സായിബാബയുടെ മുന്‍പില്‍ കച്ചേരി അവതരിപ്പിക്കാനായതാണ് ഏറ്റവും പ്രിയങ്കരമായ ഓര്‍മ. പുതുതലമുറ ഗോട്ടുവാദ്യം പഠിക്കാന്‍ താത്പര്യപ്പെടാത്തതില്‍ ഖിന്നയാണ് കലാകാരി. നിലവില്‍ ഒരു ശിഷ്യനേയുള്ളൂ. മുന്‍പ് പഠിച്ചവരൊക്കെ സംഗീതവഴിയില്‍നിന്ന് പലകാരണങ്ങളാല്‍ മാറിപ്പോയി. ഗോട്ടുവാദ്യത്തിന് പുറമേ ഭരതനാട്യവും ഉഷ പഠിച്ചിട്ടുണ്ട്. കഴിഞ്ഞ 47 വര്‍ഷമായി ഉഷ ഗോട്ടുവാദ്യക്കച്ചേരി നടത്തുന്നു.

''എന്റെ കുടുംബത്തെക്കാളധികം സമയം ഞാന്‍ ഈ വാദ്യത്തോടൊത്ത് ചെലവഴിച്ചു. എന്റെ കാഴ്ചയും കേള്‍വിയും നശിച്ചുതുടങ്ങിയാല്‍ ഈ വാദ്യം കൊല്ലൂര്‍ മൂകാംബിക ദേവിക്ക് സമര്‍പ്പിക്കും'' , ഉഷ പറയുന്നു. സ്വരസ്ഥാനമില്ലാത്ത ഉപകരണമായതിനാല്‍ ഗോട്ടുവാദ്യം പുതിയതൊന്നില്‍ വഴക്കം വരാന്‍ പ്രയാസമാണ്. അച്ഛന്‍ വാങ്ങിക്കൊടുത്തത് തന്നെയാണ് ഉഷ ഇന്നും ഉപയോഗിക്കുന്നത്.

കോഴിക്കോട് ഉഷയ്ക്ക് സമ്മാനിച്ചത് ഒരു ജോലി മാത്രമല്ല. ആകാശവാണിയില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവായ വിജയകുമാറിനെ പരിചയപ്പെട്ടതും വിവാഹം ചെയ്യാന്‍ തീരുമാനിച്ചതും ഈ നാട്ടില്‍വെച്ചാണ്. രണ്ടുപേരും ഇപ്പോള്‍ ജോലിയില്‍നിന്ന് വിരമിച്ചു.

ബിലാത്തികുളത്ത് താമസിക്കുന്ന ഉഷയ്ക്ക് ഒരു മകനും ഒരു മകളുമുണ്ട്. ആകാശവാണിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായിരുന്ന ഉഷ 2012-ല്‍ വിരമിച്ചതോടെ ആ പോസ്റ്റ് ആളില്ലാതെ ഇല്ലാതായി!