കേരളത്തില മികച്ച മൂന്ന് സ്‌കൂളുകള്‍ക്ക് തുടക്കം കുറിച്ച നളിനി ചന്ദ്രന്റ കഥമുപ്പത്തഞ്ചു വര്‍ഷം മുമ്പ്. കേരളത്തില്‍ എല്‍.കെ.ജി, യു.കെ.ജി എന്ന പഠനരീതിയ്ക്ക് അത്ര പ്രചാരം ഇല്ലാതിരുന്ന കാലം. നളിനി ചന്ദ്രന്‍ എന്ന അധ്യാപിക സ്വന്തം വീട്ടുമുറ്റത്ത് ഒരു സ്‌കൂള്‍ തുടങ്ങി. തുടക്കം തെറ്റിയില്ല. അന്നത്തെ ആ കൊച്ചു വിദ്യാലയം ഇന്ന് മൂവായിരത്തോളം കുട്ടികള്‍ പഠിക്കുന്ന ഹരിശ്രീ വിദ്യാനിധി എന്ന വലിയ സ്‌കൂളാണ്. നളിനി ചന്ദ്രന്റെ ഗുരുത്വം അവിടെങ്ങും ഒതുങ്ങിയില്ല. പിന്നീട് തൃശൂരിലെ സാന്ദീപിനി സ്‌കൂള്‍, പാലക്കാട്ടെ ശോഭാ അക്കാദമി എന്നീ വിദ്യാലയങ്ങളുടെ നേതൃത്വവും അവരേറ്റെടുത്തു. ഹരിശ്രീ സ്‌കൂളിന്റെ വരാന്തയിലിരുന്നു ആ കഥകള്‍ ടീച്ചര്‍ പറഞ്ഞു തുടങ്ങി.


ചിട്ടയായ പഠന രീതി


പാലക്കാട്ടെ കണ്ണാമ്പറയിലാണ് ഞാന്‍ ജനിച്ചത്. റെയില്‍വെ ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍. അതുകൊണ്ട് ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ പഠിക്കാന്‍ കഴിഞ്ഞു. അപ്പോഴൊക്കെ എനിക്കു ഒരു സ്വപ്‌നം മാത്രം. നല്ല അധ്യാപികയാവുക. പട്ടാള ഉദ്യോഗസ്ഥനായ കേണല്‍ ചന്ദ്രന്റെ ഭാര്യയായി. എന്റെ സ്വപ്‌നത്തെക്കുറിച്ച് അറിയാമായിരുന്നു ചന്ദ്രേട്ടന്. അങ്ങനെ തൃശൂരിലെ വീടിനോട് ചേര്‍ന്നു സ്‌കൂള്‍ ആരംഭിച്ചു. 1978 സെപ്റ്റംബര്‍ ഒന്നിന്. ആറു കുട്ടികളുമായി സ്‌കൂള്‍ ആരംഭിച്ചു.
ആ സമയത്താണ് എന്റെ ജീവിതത്തെ ഉലച്ച സംഭവം. ജനുവരി 29നായിരുന്നു ചന്ദ്രേട്ടന്റെ മരണം. വീടിന്റെയും സ്‌കൂളിന്റെയും നടത്തിപ്പ് അതോടെ എന്റെ ചുമലിലായി. മൂന്നു പെണ്‍മക്കള്‍, ദീപ്തി, നീലിമ, ഭാവന. അവരെ പഠിപ്പിച്ചു ഒരു നിലയിലാക്കണം.
എന്റെ സ്‌കൂളില്‍ ഇംഗ്ലീഷ് പഠിക്കണമെന്ന അതേ നിര്‍ബന്ധബുദ്ധിയോടെ മലയാളവും പഠിപ്പിച്ചു. ആദ്യകാലത്ത് 'മമ്മി ഡാഡി സ്‌കൂള്‍' എന്നൊരു കളിയാക്കല്‍ കേട്ടിട്ടുണ്ട്. ആദ്യം എല്‍.കെ.ജി മാത്രമായിരുന്നു. പിന്നെ അത് നാലാം ക്ലാസ് വരെയായി. എന്റെ ഇത്തിരിപോന്ന മുറ്റത്ത് സ്‌കൂള്‍ പറ്റാതായി. അവസാനം മാതാപിതാക്കളുടെ സഹകരണത്തോടെ 'ഹരിശ്രീ വിദ്യാനിധി ട്രസ്റ്റ്' രൂപീകരിച്ചു .
പഠനത്തിനു പുറമേ നല്ലൊരു വ്യക്തിയായി കുട്ടികള്‍ മാറണമെന്നതാണ് ഞാന്‍ ആഗ്രഹിച്ചത്. ഒരിക്കല്‍ ഇംഗ്ലണ്ട് യാത്രയില്‍ അവിടുത്തെ സ്‌കൂള്‍ സന്ദര്‍ശിച്ചു. 'ഇന്ത്യയില്‍ എങ്ങനെയാണ് യാത്ര ചെയ്യുന്നത്', സ്‌കൂള്‍ കുട്ടികള്‍ ചോദിച്ചു. 'ആനപ്പുറത്ത്' ഞാന്‍ പറഞ്ഞു. അവരത് വിശ്വസിച്ചു. അത്ര ലോകവിവരമേ അവര്‍ക്കുള്ളൂ. നമ്മുടെ കുട്ടികള്‍ അങ്ങനെയല്ല.
ഒരിക്കല്‍ ഇന്ത്യയിലെ സ്‌കൂള്‍ അധികൃതരുടെ മീറ്റിംഗില്‍ എ.പി.ജെ അബ്ദുള്‍കലാം അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും സംസാരിച്ചു. പലര്‍ക്കും പല സംശയങ്ങള്‍. അദ്ദേഹം മറുപടി നല്‍കി. ഞാന്‍ പറഞ്ഞു ''ഞങ്ങളില്‍ പലര്‍ക്കും താങ്കളോട് ആരാധന. താങ്കളെ ഒന്നു കെട്ടിപ്പിടിക്കണമെന്നാണ് എന്റെ ആഗ്രഹം.'' അദ്ദേഹം ചിരിച്ചുകൊണ്ട് എന്നെ വേദിയിലേക്ക് ക്ഷണിച്ചു.
ഹരിശ്രീയില്‍ നിന്നു വിരമിക്കുമ്പോള്‍ തൃശൂരിലെ സാന്ദീപനി വിദ്യാനികേതന്‍ എന്ന ഐ.സി.എസ്.സി.സ്‌കൂളിന്റെ നടത്തിപ്പു ഏറ്റെടുത്തു. സ്‌കൂള്‍ നടത്തിപ്പു വെല്ലുവിളിയാണ്. അതൊക്കെ എങ്ങനെ ഏറ്റെടുത്തെന്നു ചോദിച്ചാല്‍ അറിയില്ല ഇപ്പോള്‍.
സ്‌കൂളുകളുടെ വിജയം കണ്ടിട്ടു വ്യവസായി പി.എന്‍.സി. മേനോന്‍ ദാരിദ്ര്യ രേഖയ്ക്കു താഴെയുളള കുട്ടികള്‍ക്കായി സ്‌ക്കൂള്‍ തുടങ്ങാമോന്ന് ചോദിച്ചു. പാലക്കാട് പന്നിയങ്കരയില്‍ ശോഭാ സ്‌കൂള്‍. മനസ്സില്‍ സ്വപ്‌നം കാണുന്നതുപോലെ ഒരു ഇടം. ആഹാരവും പുസ്തകവും ബാഗും ഒക്കെ നല്‍കി സൗജന്യ പഠനം ഉറപ്പാക്കി. പ്രഭാത ഭക്ഷണവും ഉച്ചയൂണും നാലുമണി ചായയും വരെ സൗജന്യം. മാത്രമല്ല അവധിക്ക് വീട്ടിലിരുന്നു കഴിക്കാനുളള അരി, പയര്‍, പാല്‍പ്പൊടി, പഞ്ചസാര ഒക്കെ കൊടുത്തു വിടും കുട്ടികള്‍ക്ക്.