ഒരു താരം പ്രസിദ്ധീകരണത്തിന് അഭിമുഖം നൽകുന്നു, ഫോട്ടോഷൂട്ട് ചെയ്യുന്നു, തുടർന്ന് എഡിറ്റിങ്, ഡിസൈനിങ് തുടങ്ങി പല തലങ്ങളിൽ അവർ നേരിട്ട് ഇടപെടുന്നു. ഒരു ആശയം രൂപം കൊള്ളുന്നതു മുതൽ അച്ചടിമഷി പുരളും വരെ അവർ ഒപ്പം നിൽക്കുന്നു. അച്ചടി മാധ്യമത്തിൽ ആദ്യമായി 'ലൈവ് കവർസ്റ്റോറി' അവതരിപ്പിക്കുകയാണ് മാതൃഭൂമി ഗൃഹലക്ഷ്മി. ബുധനാഴ്ച വിപണിയിലെത്തിയ ജനുവരി രണ്ടാം ലക്കത്തിലൂടെ പുത്തൻ ആശയവുമായി പുതിയ ഗൃഹലക്ഷ്മി വായനക്കാർക്കു മുൻപിലെത്തുന്നു. കവർ ഫോട്ടോഷൂട്ട് മുതൽ പ്രിന്റിങ് വരെ എല്ലാ ഘട്ടത്തിലും മോഡലിനെയും കൂടെ കൂട്ടിയാണ് കവർസ്റ്റോറി ലൈവ് നടപ്പാക്കിയിരിക്കുന്നത്. യുവനടി പ്രയാഗ മാർട്ടിനാണ് പുതിയ ലക്കത്തിന്റെ മുഖചിത്രം. അഭിമുഖം, കവർഷൂട്ട്, ലേ ഔട്ട്, മാതൃഭൂമിയുടെ കോഴിക്കോട് രാമനാട്ടുകരയിലെ നൂതന പ്രസിലെ പ്രിന്റിങ് തുടങ്ങി ഗൃഹലക്ഷ്മി ജനുവരി രണ്ടാം ലക്കത്തിന്റെ പിറവിയുടെ എല്ലാ ഘട്ടങ്ങളിലും പ്രയാഗയും പങ്കാളിയായി.

ഓരോ ഘട്ടത്തിന്റെയും വിവരങ്ങളും ചിത്രങ്ങളും സഹിതം ഈ യാത്രയിൽ ആദ്യവസാനം തത്സമയം വായനക്കാരനും ഒപ്പം സഞ്ചരിക്കാനാകും. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം നടക്കുന്നത്. ദുരഭിമാന കൊലയുടെ ഇരയായി കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത ' എന്നെയും കൊല്ലാമായിരുന്നില്ലേ' എന്ന തലക്കെട്ടിൽ അച്ഛനമ്മമാർക്ക് എഴുതുന്ന കത്തും പുതിയ ലക്കം ഗൃഹലക്ഷ്മിയിലുണ്ട്. തിരുവനന്തപുരം മേയറും സമപ്രായക്കാരായ കൗൺസിലരുമാരുമുള്ള ഒത്തുച്ചേരൽ, അഭയ കേസ് വഴിയിലെ പോരാളി ജോമോൻ പുത്തൻപുരയ്ക്കലിന്റെ അഭിമുഖം, ട്വന്റി-20യുടെ അമരക്കാരനായ സാബു ജേക്കബുമായി മുഖാമുഖം, ഭക്ഷണം കഴിച്ച് തടികുറയ്ക്കാനുള്ള മാർഗങ്ങൾ തുടങ്ങിവയും പുതിയ ലക്കം ഗൃഹലക്ഷ്മിയിൽ വായിക്കാം.

പുതിയലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content Highlights:grihalakshmi new cover live with Prayaga Martin