കോവിഡ് 19 ൽ രാജ്യം മുഴുവൻ ലോക്ക്ഡൗണിലായപ്പോൾ ധാരാവിയിൽ നിന്നുള്ള 13 നും 18 നും ഇടയിൽ പ്രായമുള്ള നാലു പെൺകുട്ടികൾ ആലോചിച്ചത് ആ നാളുകളിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നാണ്.

അവരുടെ ചിന്തകൾ അവസാനം ചെന്നെത്തിയത് ഷോർട്ട്ഫിലിം എന്ന ആശയത്തിലേക്കാണ്. മൊബൈൽ ക്യാമറ ഉപയോഗിച്ച് എങ്ങനെ സിനിമയെടുക്കാം എന്നതിനെക്കുറിച്ചുള്ള അറിവൊന്നും മുൻപ് ഇവർക്കുണ്ടായിരുന്നില്ല. അതുമറികടക്കുന്നതിനായി ഇവർ തിരഞ്ഞെടുത്തതാകട്ടെ സൂം എന്ന വീഡിയോ കോൺഫറൻസിങ് ആപ്പും. റെഡ് ബലൂൺ എന്ന എൻ.ജി.ഒയുടെ പ്രൊജക്ടിന്റെ ഭാഗമായിട്ടാണ് സിനിമയ്ക്കുള്ള സബ്ജക്ട് തിരഞ്ഞെടുക്കൽ, സ്ക്രിപ്റ്റ് എഴുതൽ, അഭിനയം എന്നിവ ചെയ്തത്. 'സ്നേഹ' എന്ന സംഘടനയും ഇവർക്കൊപ്പം നിന്നു. ഈ നാലു പെൺകുട്ടികളുടെ മാതാപിതാക്കളും സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട്. ധാരാവിയിലെ ലൈംഗിക പീഡനത്തെക്കുറിച്ചുള്ള ഇവരുടെ ഈ ഷോർട്ട് ഫിലിം ഈ ആഴ്ച സോഷ്യൽമീഡിയയിലൂടെ റിലീസ് ചെയ്യും.

റിലീസിനെ കുറിച്ച് നിരവധി ആളുകളാണ് തന്നോട് അനേഷിച്ചതെന്ന് ഷോർട്ട്ഫിലിമിന്റെ അണിയറക്കാരിൽ ഒരാളും ധാരാവിയിലെ താമസക്കാരിയുമായ സ്നേഹ ജെയ്സ്വാർ പറഞ്ഞു.

സിനിമയ്ക്കൊരു വിഷയത്തെക്കുറിച്ച് ചിന്തിക്കാൻ പറഞ്ഞപ്പോൾ ഞങ്ങൾക്ക് ലൈംഗിക പീഡനം എന്ന വിഷയം തിരഞ്ഞെടുക്കാൻ ഏറെയൊന്നും ചിന്തിക്കേണ്ടി വന്നില്ല. ഈ ഭാഗത്തെ പെൺകുട്ടികളെല്ലാം ഇത്തരക്കാരുടെ ശല്യപ്പെടുത്തലുകൾക്കും മോശം മെസേജുകൾക്കും ഇരകളാണ്. ഇത്തരം കാര്യങ്ങളെല്ലാം കണ്ടില്ലെന്ന് നടിക്കാനാണ് പൊതുവേ ഞങ്ങളോട് എല്ലാവരും പറയാറ്. അതിനാലാണ് ഈ സിനിമയിലൂടെ #iwontignore കാംപെയിൻ ഞങ്ങൾ തുടങ്ങിയത് എന്ന് പതിനാറുകാരിയായ സ്നേഹ പറയുന്നു.

ഈ വിഷയം വറെ എളുപ്പമാണെങ്കിലും ഓരോരുത്തരുടെയും സെൽഫോൺ ക്യാമറ ഉപയോഗിച്ച് എങ്ങനെ ഇത് ഷൂട്ട് ചെയ്യുക എന്നതായിരുന്നു ഇവർ നേരിട്ട വെല്ലുവിളി. റെഡ് ബലൂണിന്റെ ക്രിയേറ്റീവ് മെന്ററായ ഹുസേഫ റൂവാല സൂം കോളിലൂടെ ഇവർക്ക് പരിശീലനം നൽകി.

ക്യാമറ പാൻ ചെയ്യാനോ വിവിധ ആംഗിളുകളോ ഞങ്ങൾക്ക് അറിയില്ലായിരുന്നു. രണ്ടാഴ്ചയോളം സമയമെടുത്താണ് ഇതെല്ലാം പഠിച്ചെടുത്തത്. ഇപ്പോൾ ഒരു ഫോട്ടോ എടുക്കുന്നുണ്ടെങ്കിൽ പോലും അന്ന് പഠിച്ച കാര്യങ്ങൾ ഞങ്ങൾ പരീക്ഷിക്കാറുണ്ടെന്ന് സ്നേഹ കൂട്ടിച്ചേർത്തു.

റെഡ് ബലൂണിനൊപ്പം കഴിഞ്ഞ വർഷം പ്രവർത്തിച്ച 25 പെൺകുട്ടികളിൽ നാലുപേരാണ് ഈ ഷോർട്ട്ഫിലിമിന് പിന്നിൽ പ്രവർത്തിച്ചവർ. ഈ വിഷയത്തിൽ ബോധവത്‌ക്കരണം നടത്തേണ്ടത് അവരുടെ കൂട്ടത്തിൽ നിന്ന് തന്നെയുള്ള കൗമാരക്കാരാണെന്ന് റെഡ് ബലൂൺ കോ ഫൗണ്ടർ ലാവണ്യ അഗർവാൾ പറഞ്ഞു. കഴിഞ്ഞ വർഷം 13 നും 18 നും ഇടയിൽ പ്രായമുള്ള 25 പേരിൽ നിന്ന് പത്ത് പേരെ ലീഡർഷിപ്പ് പ്രോഗ്രാമിന് തിരഞ്ഞെടുത്തിരുന്നു. ഇത്തവണ ഒരു വർക്കഷോപ്പ്ജനുവരിയിൽ നടത്തിയാണ് ഷോർട്ട്ഫിലിമിനുള്ള ആളുകളെ തിരഞ്ഞെടുത്തതെന്ന് ലാവണ്യ പറഞ്ഞു.

ഈ ഷോർട്ട്ഫിലം പുറത്തിറങ്ങുന്നതോടെ ഈ വിഷയത്തിൽ ആളുകൾക്ക് അവബോധമുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

കടപ്പാട്: ഇന്ത്യൻ എക്സ്പ്രസ്

Content Highlights:four girls shoot film on sexual harassment In Dharavi, Women