ൽമാൻ ഖാനൊപ്പം തുടക്കം കുറിച്ച് ബോളിവുഡിൽ പ്രതീക്ഷയോടെ ചുവടുവച്ച യുവതി. പക്ഷേ, കാര്യമായ കഥാപാത്രങ്ങളൊന്നും ലഭിക്കുകയുണ്ടായില്ലെന്നു മാത്രമല്ല, പലരും ആ പെൺകുട്ടിയെ മറ്റൊരു നടിയുമായി ഉപമിക്കുകയും ചെയ്തു. മറ്റാരുമല്ല നടി സറീൻ ഖാനാണ് തന്റെ കരിയറിനെക്കുറിച്ചും നടി കത്രീന കൈഫുമായുള്ള സാമ്യം ചൊല്ലിയുള്ള ചർച്ചകളെക്കുറിച്ചും പങ്കുവെക്കുന്നത്. അവ തന്റെ കരിയറിനെ എത്രത്തോളം ബാധിച്ചുവെന്നും സറീൻ പറയുന്നു. 

കത്രീന കൈഫിന്റെ അപര എന്ന പ്രതിച്ഛായയിൽനിന്ന് പുറത്തുകടക്കാൻ തനിക്ക് സാധിച്ചില്ലെന്ന് പറയുകയാണ് സറീൻ. പ്രേക്ഷകർ പോലും ഇതേക്കുറിച്ച് തന്നെ സംസാരിക്കാൻ തുടങ്ങി. എവിടെനിന്നാണ് ഇവയെല്ലാം ആരംഭിച്ചതെന്ന് അറിയില്ല. അഭിമുഖങ്ങളും മറ്റും കൊടുക്കുന്നതിന് മുമ്പുതന്നെ ഫേസ്ബുക്കിലുള്ള തന്റെ പഴയൊരു ചിത്രം പ്രചരിപ്പിച്ചാണ് കത്രീന കൈഫിനെപ്പോലെയുണ്ടെന്ന ചർച്ചകൾ ആരംഭിച്ചതെന്ന് സറീൻ. 

അന്ന് സമൂഹമാധ്യമത്തിന്റെ സ്വാധീനം കുറവായിരുന്നതിനാൽതന്നെ, മീഡിയ ഹൗസുകളെയും പത്രങ്ങളെയുമാണ് കൂടുതൽ ആശ്രയിച്ചിരുന്നത്. പൊതുസമൂഹത്തിന് തന്നെ അധികം കാണാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നില്ലെന്നും അങ്ങനെയാണ് ​ഗോസിപ്പുകൾക്ക് ആക്കം കൂടിയതെന്നും സറീൻ പറയുന്നു.

ഇവയ്ക്കൊപ്പം വണ്ണത്തിന്റെ പേരിലും താൻ നിരന്തരം വേട്ടയാടപ്പെട്ടിരുന്നുവെന്നും സറീൻ. വണ്ണമുള്ള കത്രീന എന്ന രീതിയിൽ Fatrina എന്നാണ് പലരും തന്നെ വിളിച്ചിരുന്നതെന്നും സറീൻ പറയുന്നു. പരിപാടികൾക്കും മറ്റും പോകുമ്പോൾ ഒന്നുകിൽ വണ്ണത്തെക്കുറിച്ചോ അല്ലെങ്കിൽ കത്രീനയെപ്പോലെ ഉണ്ടെന്നോ ആണ് നിരന്തരം കേൾക്കേണ്ടി വന്നിരുന്നത്. സ്വന്തമായൊരു ഇടം കണ്ടെത്താൻ കഴിയാതിരുന്നതിനാൽ ഈ വിളികൾ തന്നെ നിരാശപ്പെടുത്തിയിരുന്നെന്നും സെറീൻ പറഞ്ഞു. 

Content Highlights: Zareen Khan on how Katrina Kaif comparisons affected her