ബിരുദവും ബിരുദാനന്തര ബിരുദവുമൊക്ക നേടിയ ശേഷം സാധാരണഗതിയില്‍ നല്ല ശമ്പളമുള്ള ജോലിക്കായുള്ള നെട്ടോട്ടത്തിലായിരിക്കും യുവാക്കള്‍. എന്നാല്‍, കൊല്‍ക്കത്തയില്‍നിന്നുള്ള 26 വയസ്സുകാരി തുക്‌തുകി ദാസ് എന്ന യുവതി സ്വല്പം വ്യത്യസ്തയാണ്. 

കുടുംബത്തിലെ ദാരിദ്ര്യം പിറകോട്ട് വലിച്ചെങ്കിലും അതൊന്നും ഗൗനിക്കാതെ തുക്തുകി ഒരു ചായക്കട തുടങ്ങി. അതും കൊല്‍ക്കത്തയിലെ ഹാബ്ര റെയില്‍വേ സ്‌റ്റേഷനില്‍. വളരെ കുറഞ്ഞനാളുകള്‍ കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ് തുക്‌തുകിയുടെ ചായക്കട.

സ്വന്തമായി ബിസിനസ് തുടങ്ങണമെന്നതായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍, വളരെക്കുറഞ്ഞ പണം മാത്രമാണ് എന്റെ കൈയില്‍ ഉണ്ടായിരുന്നത്. അതുകൊണ്ടാണ് സ്വപ്‌നം പൂര്‍ത്തീകരിക്കുന്നതിനായി ചായക്കട തുടങ്ങാന്‍ തീരുമാനിച്ചത്- ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. 

തന്റെ വിദ്യാഭ്യാസ യോഗ്യതയായ എം.എ. ഇംഗ്ലീഷ് എന്നതു കൂടി ചേര്‍ത്ത് 'എം.എ. ഇംഗ്ലീഷ് ചായ്‌വാലി' എന്ന പേരാണ് തുക്‌തുകി  തന്റെ ചായക്കടയ്ക്ക് നല്‍കിയിരിക്കുന്ന പേര്. 

വാന്‍ ഡ്രൈവറാണ് തുക്‌തുകിയുടെ അച്ഛന്‍. കൊല്‍ക്കത്തയില്‍ ചെറിയൊരു പലചരക്ക് കട നടത്തുകയാണ് അമ്മ. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും തുക്‌തുകിയെ റെയില്‍വേസ്‌റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ചായക്കട തുടങ്ങാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. 

മിക്ക ഇടത്തരം കുടുംബങ്ങളിലും പഠിത്തത്തില്‍ നന്നായി ശ്രദ്ധിക്കാനും സര്‍ക്കാര്‍ ജോലി സ്വന്തമാക്കാനുമാണ് മക്കളെ പ്രോത്സാഹിപ്പിക്കുക. എന്നാല്‍, എന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ല-തുക്തുകി പറഞ്ഞു.

‌സാമൂഹിക മാധ്യമങ്ങളിൽ തുക് തുകി പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് വലിയതോതിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തുക്‌തുകിയുടെ കഠിനാധ്വാനത്തിന് ഒട്ടേറെപ്പേർ സാമൂഹിക മാധ്യമങ്ങിലൂടെ അഭിന്ദനം അറിയിക്കാറുണ്ട്. ചെറിയ കുറവുകളിൽപോലും പരിതപിക്കുന്നവർക്ക് പ്രചോദനമായി തീരുകയാണ് തുക്‌തുകിയുടെ ജീവിതം. 

Content highlights: Young women from Kolkata earn money from tea shop at railway station