രുണ്ടനിറത്തിന്റെ പേരില്‍ തഴയപ്പെടുകയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നത് അങ്ങേയറ്റം വേദനാജനകമാണ്. ഇങ്ങനെ സമൂഹത്തില്‍നിന്ന്, ബന്ധുക്കളില്‍നിന്ന് തഴയപ്പെട്ട യുവതി തന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ. യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍നിന്ന്..

ഞാന്‍ ഇരുണ്ട നിറക്കാരിയാണ്. അതിനാല്‍, എന്തോ കുറവുള്ളതുപോയയിരുന്നു വെളുത്തനിറമുള്ള ബന്ധുക്കളുടെ ഇടയില്‍ ഞാന്‍ വളര്‍ന്നുവന്നത്. എന്നാല്‍, എന്റെ അച്ഛന്‍ എന്നെ പ്രത്യേകം പരിഗണിച്ചിരുന്നു. ഞാനായിരുന്നു അദ്ദേഹത്തിന്റെ 'സുന്ദരിയായ മകള്‍'.

എന്നാല്‍, വളര്‍ന്നു വരുമ്പോള്‍ എനിക്ക് എന്തോ കുഴപ്പമുള്ളതായി തോന്നിത്തുടങ്ങി. എന്റെ ജീവിതത്തില്‍ എനിക്ക് ആദ്യമായി അങ്ങനെ അനുഭവപ്പെട്ടുതുടങ്ങിയത് കോളേജിലെത്തി ആണ്‍കുട്ടിളുടെ ഇടയില്‍ ആയിരുന്നപ്പോഴാണ്. കറുത്തവളാണ് എന്ന് സഹപാഠികളായ ആണ്‍കുട്ടികള്‍ എന്നെ മുദ്രകുത്തി. ഒരിക്കലവര്‍ ഇരുണ്ടനിറമുള്ള പെണ്‍കുട്ടിയെകുറിച്ചു വിവരിക്കുന്ന തരംതാണ പാട്ട് എന്നെ ചൂണ്ടിക്കൊണ്ട് പാടി. ക്ലാസില്‍വെച്ച് ഞാനാകെ സംഭ്രമപ്പെടുകയും അവിടെനിന്ന് ഓടിപ്പോകുകയും ചെയ്തു. ഞാന്‍ മുഖത്ത് സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുപയോഗിച്ചും ചേരാത്ത വസ്ത്രങ്ങള്‍ ധരിച്ചും തുടങ്ങി. 

ഇത്തരം ചെയ്തികള്‍ എന്റെ ത്വക്കിന്റെ നിറം എടുത്തുകാണിച്ചു. ഒന്നും ഫലവത്തായില്ല; അതിലൊന്നും എന്നെ ഉള്‍ക്കൊള്ളാനായില്ല. 
അതുവരെ ഒരു കാര്യത്തില്‍ മാത്രമായിരുന്നു എനിക്ക് അഭിനന്ദനം കിട്ടിയിരുന്നത്. അത് എന്റെ വസ്ത്രധാരണത്തിലായിരുന്നു. ഇപ്പോള്‍ അതും തിരിച്ചടിച്ചുതുടങ്ങി. നിനക്ക് വെളുത്തനിറമുണ്ടായിരുന്നെങ്കില്‍ കാണാന്‍ കുറച്ചുകൂടി ഭേദമുണ്ടായിരുന്നേനെ എന്ന് ബന്ധുക്കള്‍ പറഞ്ഞു.

നന്നായി കഠിനാധ്വാനം ചെയ്താല്‍ ഒരുപക്ഷേ അവര്‍ എന്നെ ബഹുമാനിക്കുമെന്ന് ഞാന്‍ കരുതി. അതുകൊണ്ട് ഞാന്‍ കഷ്ടപ്പെട്ട് പഠിച്ചു. ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലിയും ലഭിച്ചു. നിന്റെ ഭര്‍ത്താവ് നിന്റെ റെസ്യൂമേ അല്ല കാണുക, മറിച്ച് നിന്റെ മുഖമാണെന്ന് അപ്പോള്‍ ബന്ധുക്കള്‍ പറഞ്ഞു തുടങ്ങി.

എനിക്ക് 25 വയസ്സായപ്പോള്‍ എത്രയും വേഗം വിവാഹം കഴിപ്പിക്കാനുള്ള സമ്മര്‍ദം തുടങ്ങി. ഇരുണ്ട നിറമുള്ള പെണ്‍കുട്ടികള്‍ക്ക് ചെറുക്കനെ കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് എന്റെ അമ്മയോട് ആന്റിമാര്‍ പറഞ്ഞു. അടുത്ത മൂന്നു വര്‍ഷം കഠിനമായിരുന്നു. ഞാന്‍ സുന്ദരിയല്ലെന്ന് പറഞ്ഞ് ഒരു ഡസനോളം വരുന്ന ചെറുക്കന്മാര്‍ എന്നെ ഒഴിവാക്കി. 

ഒരിക്കല്‍ പെണ്ണുകാണാന്‍ വന്ന ഒരാള്‍ എന്നെ ഇഷ്ടമാണെന്ന് അറിയിച്ചു. പക്ഷേ, ഒരുപാധിയുണ്ടായിരുന്നു. മുടിയുടെ നിറം മാറ്റണം എന്നതായിരുന്നു അത്. എന്റെ ഇരുണ്ട നിറത്തിന് അത് ചേരുന്നില്ലെന്നായിരുന്നു കാരണമായി പറഞ്ഞത്. എനിക്ക് പറയാന്‍ വാക്കുകളുണ്ടായിരുന്നില്ല. എന്റെ മാതാപിതാക്കള്‍ക്ക് ആ വിവാഹം ഉറപ്പിക്കാന്‍ താത്പര്യമുണ്ടായിരുന്നു. പക്ഷേ, ഞാന്‍ സമ്മതിച്ചില്ല. ഇന്ന്, എന്റെ മുടിയുടെ നിറം മാറ്റാന്‍ ആവശ്യപ്പെട്ടു. നാളെ, ചിലപ്പോള്‍ മറ്റെന്തെങ്കിലും മാറ്റം വരുത്താനായിരിക്കും ആവശ്യപ്പെടുക-ഞാന്‍ പറഞ്ഞു. എന്നെ വെറുതെ വിടാനും ഞാന്‍ അവരോട് ആവശ്യപ്പെട്ടു. 

കൗമാരകാലഘട്ടം മുതല്‍ ഞാന്‍ പേറി നടന്ന വൈകാരിക ഭാണ്ഡക്കെട്ട് ഇറക്കിവെക്കാനും തലയില്‍ ചുമന്നുകൊണ്ടിരുന്ന അരക്ഷിതാവസ്ഥയെ നേരിടാനും ഞാന്‍ തീരുമാനിച്ചു. 

ക്യാമറയ്ക്കു മുന്‍പില്‍ നില്‍ക്കാന്‍ എനിക്ക് മടിയായിരുന്നു. അതിനെ മറികടക്കുന്നതിന് സാമൂഹികമാധ്യമങ്ങളില്‍ എന്റെ ഫോട്ടോകള്‍ ഇട്ടുതുടങ്ങി. അതിന് കുറെ കളിയാക്കലുകള്‍ നേരിടേണ്ടി വന്നു. നിന്റെ ഇരുണ്ട മുഖം ആരും ശ്രദ്ധിക്കില്ലെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍, അവരെയൊക്കെ ഞാന്‍ അവഗണിച്ച്, മുന്നോട്ടു പോയി. 

അങ്ങനെയിരിക്കെ ഒരു ബ്രാന്‍ഡ് അവരോടൊപ്പം ജോലി ചെയ്യാന്‍ ക്ഷണിച്ചു. ഞാന്‍ ഏറെ സന്തോഷിച്ചു. അവരുടെ മേയ്ക്ക് അപ് സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ മെയ്ക്ക് അപ് ആര്‍ട്ടിസ്റ്റ് പറഞ്ഞത് എന്നെ മുറിപ്പെടുത്തി. നിങ്ങള്‍ക്കു പറ്റിയ ഫൗണ്ടേഷന്‍ തങ്ങളുടെ കൈയ്യിലില്ലെന്നായിരുന്നു അത്. പക്ഷേ, സംഭ്രമിച്ചില്ല. അവര്‍ക്കു നന്ദി പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. 

അതിനുശേഷം ഞാന്‍ ബ്ലോഗിങ് കൂടുതലായി ചെയ്തു തുടങ്ങി. വിഷലിപ്തമായ സൗന്ദര്യ സങ്കല്‍പ്പങ്ങളെക്കുറിച്ചും മെയ്ക്ക് അപ് ഇല്ലാതെ എങ്ങനെ മനോഹരമായി ഇരിക്കാമെന്ന വിഷയങ്ങളെക്കുറിച്ചും ഞാന്‍ എഴുതിത്തുടങ്ങി. അത് ശ്രദ്ധിക്കപ്പെട്ടു. അഭിനന്ദനങ്ങള്‍ വന്നു തുടങ്ങി. ഒരിക്കല്‍ ഒരു ഫോളോവര്‍ നിങ്ങള്‍ ചന്ദ്രനെ പോലെ സുന്ദരിയാണെന്ന് പറഞ്ഞു. 

വീട്ടില്‍ ചെയ്യാവുന്ന ചില സൗന്ദര്യ വര്‍ധക മാര്‍ഗങ്ങള്‍ പരീക്ഷിക്കാന്‍ ഞാന്‍ ചെറുതായിരിക്കുമ്പോള്‍ എന്റെ അമ്മ എന്നോടു പറയുമായിരുന്നു. എന്നാല്‍, എത്ര മുള്‍ട്ടാണി മിട്ടിയുണ്ടെങ്കിലും അതിലൊന്നും കാര്യമില്ലെന്ന് അവര്‍ക്ക് ഇപ്പോള്‍ മനസ്സിലായി. 

കുറെ വര്‍ഷത്തേക്ക് എന്റെ ഇരുണ്ട ചര്‍മ്മത്തെ ‍ഞാൻ നാണക്കേടായിട്ടാണ് കരുതിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഞാന്‍ അതിനെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. എന്റെ അതേ അനുഭവമുള്ള കുറെ പെണ്‍കുട്ടികള്‍ എന്റടുത്ത് വന്ന് തങ്ങള്‍ക്ക് എന്റെ ജീവിതം പ്രചോദനമാണെന്ന് പറഞ്ഞു. അതാണ് എന്നെ നിര്‍വചിക്കുന്നത്, മറിച്ച് എന്റെ ചര്‍മ്മത്തിന്റെ നിറമല്ല. എനിക്ക് ഒരു ഭര്‍ത്താവിനെ കണ്ടെത്താനാവില്ലെന്ന ഭയം ഞാന്‍ ഉപേക്ഷിച്ചു. ഒരുദിവസം എന്നെ സ്‌നേഹിക്കുന്ന ഒരാള്‍ വരും. പക്ഷേ, അതുവരെ, എന്റെ ചര്‍മത്തെക്കറിച്ച് ഞാന്‍ ആത്മവിശ്വാസമുള്ളവളായിരിക്കും. അത് എന്നില്‍ നിന്ന് ആര്‍ക്കും എടുത്തുമാറ്റാന്‍ കഴിയില്ല.

Content highlights: young lady shares about her experince on dark skin facebook post went viral