രു പത്ത് വയസ്സുകാരി. നിശ്ചയദാര്‍ഢ്യവും കര്‍ക്കശഭാവവുമാണ് മുഖത്ത്. മുഷ്ടി ചുരുട്ടി 'നോ ജസ്റ്റിസ്, നോ പീസ്' എന്ന് ഏറ്റുപറയുന്നതില്‍ പോലുമുണ്ട് തീപ്പൊരി. അമേരിക്കയില്‍ പോലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊന്ന ജോര്‍ജ് ഫ്‌ളോയിഡിന് നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ആയിരങ്ങളില്‍ ഒരുവള്‍. ബ്ലാക്ക് ലീവിസ് മാറ്റര്‍ മൂവ്‌മെന്റില്‍ കരുത്തിന്റെ പ്രതീകമാകുകയാണ് ഈ കൊച്ചുപെണ്‍കുട്ടി. 

സ്‌കോട്ട് ബ്രിട്ടണ്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് ഈ പെണ്‍കുട്ടിയുടെ വീഡിയോ പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലുമായി. 189 കെ ലൈക്കാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. 

പോസ്റ്റിന്  പെണ്‍കുട്ടിയുടെ അമ്മ ഇങ്ങനെ കമന്റും നല്‍കി. 'ഇത് എന്റെ മകള്‍ വൈന്ത അമറാണ്. ഇവളെപ്പോലെ നമ്മുടെ എല്ലാകുട്ടികളെയും ശരിയായ വഴി നമ്മള്‍ കാണിച്ചു കൊടുക്കണം. ' വലിയവര്‍ ചെയ്ത് വച്ച പിഴവുകള്‍ കുട്ടികള്‍ തിരുത്തുമെന്നാണ് വീഡിയോയ്ക്ക് ചിലര്‍ കമന്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ധൈര്യത്തെ അഭിനന്ദിക്കുകയാണ് മിക്കവരും. 

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് ശക്തമായ പ്രതിക്ഷേധമാണ് അമേരിക്കയില്‍ അരങ്ങേറുന്നത്. അമേരിക്കയില്‍ മാത്രമല്ല ലോകമെങ്ങും നിറത്തിന്റെ പേരിലുള്ള വിവേചനങ്ങള്‍ക്കെതിരെ ആളുകള്‍ തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു. അമേരിക്കന്‍ തെരുവുകളില്‍ വംശവിവേചനത്തിനും പോലീസിന്റെ കണ്ണില്‍ ചോരയില്ലാത്ത നടപടികള്‍ക്കുമെതിരെ ആയിരങ്ങളാണ് പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നത്.

Content Highlights: Young Girl Marching for 'Black Lives Matter' is Now a Symbol of Power