ജീവിതത്തില്‍ മുന്നേറാന്‍ ആരോടും അനുവാദം ചോദിക്കേണ്ടതില്ല എന്ന് സ്ത്രീകളോട് കമലാ ഹാരിസ്. ഞായറാഴ്ച ട്വിറ്ററില്‍ നടത്തിയ ചോദ്യോത്തര പരിപാടിയിലാണ് കമല ഈ മറുപടി നല്‍കിയത്. അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ഡെമോക്രാറ്റിക് നേതാവായ കമലാ ഹാരിസ്.  അമേരിക്കയിലെ ഒരു പ്രധാന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കറുത്തവര്‍ഗ്ഗക്കാരിയും ആദ്യ ഇന്ത്യന്‍ വംശജയുമാണിവർ.

സ്ത്രീകള്‍ക്ക് നല്‍കാനുള്ള സന്ദേശമെന്താണെന്നായിരുന്നു ചോദ്യം. 'നേതൃനിരയിലേക്ക് വരാന്‍ നിങ്ങള്‍ ഒരിക്കലും ആരോടും അനുവാദം ചോദിക്കേണ്ടതില്ല. എന്റെ കരിയറില്‍ എന്നോട് പലതവണ പറഞ്ഞിട്ടുണ്ട്, 'ഇത് നിങ്ങളുടെ സമയമല്ല', 'ഇത് നിങ്ങളുടെ അവസരമല്ല' എന്ന്. നിങ്ങള്‍ ജീവിതത്തില്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അതെല്ലാം വെളിപ്പെടുത്തേണ്ടതില്ല. അങ്ങനെ ചെയ്യുമ്പോഴാണ് പുറത്തു നിന്ന് ആളുകള്‍ അതില്‍ അഭിപ്രായം പറയാന്‍ എത്തുക.' കമലാ ഹാരിസിന്റെ മറുപടി ഇങ്ങനെ

ട്വിറ്റര്‍ ഉപയോക്താക്കളുടെ മറ്റ് ചില ചോദ്യങ്ങള്‍ക്കും കമല മറുപടി നല്‍കുന്നുണ്ട്. പ്രിയപ്പെട്ട ഇന്ത്യന്‍ ഭക്ഷണമേതെന്ന ചോദ്യത്തിന് സൗത്ത് ഇന്ത്യന്‍ ഭക്ഷണമായ ഇഡലിയും സാമ്പാറും നോര്‍ത്ത് ഇന്ത്യന്‍ വിഭവമായ ടിക്കയും ആണ് പ്രിയഭക്ഷണമെന്ന് കമലാ ഹാരിസ് മറുപടി നല്‍കി. ഇന്ത്യക്കാരിയായ അമ്മ ശ്യാമള ഗോപാലനാണ്  ഇഡലിയോടുള്ള ഇഷ്ടം വളര്‍ത്തിയതെന്ന് മുമ്പ് കമലാ ഹാരിസ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മാനസികാരോഗ്യത്തിനായി എന്താണ് ചെയ്യുന്നതെന്നാണ് മറ്റൊരാളുടെ ചോദ്യം. എല്ലാ ദിവസവും രാവിലെ വ്യായാമം മുടക്കാറില്ല, കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ കിട്ടുന്ന അവസരമെല്ലാം നന്നായി ഉപയോഗിക്കും, അതുപോലെ ഭക്ഷണമുണ്ടാക്കാന്‍ ഏറെ ഇഷ്ടമാണ്.. ഇവയാണ് താന്‍ മാനസികോല്ലാസത്തിനായി ചെയ്യുന്നതെന്നായിരുന്നു മറുപടി.

Content Highlights: You never have to ask anyone permission to lead Kamala Harris have  advice for women