മാനസികാരോഗ്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്ന കാലമാണ് ഇത്. സിനിമാതാരങ്ങളടക്കം പ്രശസ്തരായ ധാരാളം ആളുകള്‍ വിഷാദരോഗത്തില്‍ നിന്ന് കരകയറിയതിനെ പറ്റിയുള്ള അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പങ്കു വച്ചിരുന്നു. വിഷാദത്തില്‍ നിന്ന് പുറത്തുകടക്കുകയും സഹായം തേടുകയും ചെയ്യുന്നത് മോശമല്ല എന്നാണ് എല്ലാവരും നല്‍കുന്ന പാഠം.
മാനസികാരോഗ്യം നിലനിര്‍ത്തിനായി ആരുടെ സഹായം തേടുന്നതിലും മടി വിചാരിക്കേണ്ട എന്നാണ് നടി പ്രിയങ്ക ചോപ്രയുടെ അഭിപ്രായം. രണ്‍വീര്‍ അലാബാദിയയുടെ 'ദ രണ്‍വീര്‍ ഷോ'യിലാണ് താരം ഈ അഭിപ്രായം പങ്കുവച്ചത്.
'പല ഘട്ടങ്ങള്‍ ഞാന്‍ ജീവിതത്തില്‍ തരണം ചെയ്തിട്ടുണ്ട്. അതിലൊന്ന് അച്ഛന്റെ മരണമാണ്. ആ സമയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. എന്താണ് എനിക്കു തോന്നുന്നതെന്നും, ഞാനെങ്ങനെ ഇതെല്ലാം മറികടക്കുമെന്നും സ്വയം ചോദിച്ചുകൊണ്ടേയിരുന്നു. ആ വികാരങ്ങളെല്ലാം ഉള്‍ക്കൊള്ളാനാണ് ഞാന്‍ ശ്രമിച്ചത്, മനസ്സില്‍ കുറ്റബോധം തോന്നാതിരിക്കാന്‍ അത് സഹായിച്ചു...' വിഷാദത്തിലേക്ക് വഴുതി വീഴാനിടയുള്ള കാലങ്ങളെ തരണം ചെയ്തതിനെ പറ്റി പ്രിയങ്ക മനസ്സു തുറന്നത് ഇങ്ങനെ.
എന്നാല്‍ സ്വയം സമാധാനം കണ്ടെത്തുന്നതിനപ്പുറം നമ്മളെ ശരിയായി മനസിലാക്കുന്നവരുടെ സഹായവും തേടാമെന്നാണ് താരത്തിന്റെ അഭിപ്രായം. ' ആ സമയങ്ങളില്‍ എന്നോടൊപ്പം നില്‍ക്കുന്ന സുഹൃത്തുക്കളെയാണ് ഞാന്‍ സമീപിച്ചത്. എന്റെ ചുറ്റുമുള്ളവരില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ നിന്നുമെല്ലാം ധാരാളം അഭിപ്രായങ്ങള്‍ ഞാന്‍ കണ്ടെത്തി. എന്നാല്‍ അവയെല്ലാം എന്നെ കുഴക്കുകയാണ് ചെയ്തത്.' സോഷ്യല്‍ മീഡിയ ആളുകളെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഒന്നാണെങ്കിലും പലപ്പോഴും ഇരകളാക്കുന്നതിനും മാനസികമായി തളര്‍ത്തുന്നതിനും കാരണമാകാറുണ്ടെന്നും സ്വന്തം അനുഭവത്തില്‍ നിന്നും താരം പറയുന്നു.
മാനസികമായി തളരുമ്പോള്‍ സഹായത്തിന് ഒരു തെറാപ്പിസ്റ്റ് തന്നെ വേണമെന്നില്ലെന്നും സ്വന്തം അമ്മയോ, നല്ല സുഹൃത്തോ ആരെങ്കിലും മതിയെന്നും, അങ്ങനെ ഒരാളെ കണ്ടെത്താനും മനസ്സു തുറക്കാനും മടിക്കരുതെന്നും താരം അഭിപ്രായപ്പെടുന്നു.
Content Highlights: You have to find support Priyanka Chopra on the need to talk about mental health