ഫോട്ടോഷൂട്ടുകളിലും മാ​ഗസിൻ കവറുകളിലുമൊക്കെ കാണുന്ന പെൺശരീരങ്ങളാണ് യഥാർഥം എന്നു ചിന്തിക്കുന്നവരുണ്ട്. വടിവൊത്ത ആകൃതിയിൽ മിനുസമാർന്ന ശരീരത്തോടെ വെളുത്തു തുടുത്തിരിക്കുന്ന സ്ത്രീശരീരങ്ങളെയാണ് അവിടെ കാണുക. എന്നാൽ യഥാർഥ ജീവിതത്തിൽ ഇതിനപ്പുറം നിരവധി ആരോ​ഗ്യ, മാനസിക, ചർമപ്രശ്നങ്ങളിലൂടെ അടക്കം കടന്നുപോകുന്നവരാണുള്ളത്. അടുത്തിടെ നടി യാമി ​ഗൗതം അത്തരമൊരു അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും തന്റെ ചർമാവസ്ഥയെക്കുറിച്ച് പങ്കുവെക്കുകയാണ് യാമി.

കെരാറ്റോസിസ് പിലാരിസ് എന്ന ചർമത്തെ ബാധിക്കുന്ന അവസ്ഥയെക്കുറിച്ച് ഇക്കഴിഞ്ഞ ഒക്ടോബറിലാണ് യാമി പങ്കുവെച്ചിരുന്നത്. തുടക്കത്തിൽ ആശങ്കപ്പെട്ടിരുന്ന താൻ ഒടുവിൽ അതിനെ ഉൾക്കൊള്ളാൻ ശ്രമിച്ചതിനെക്കുറിച്ചും യാമി തുറന്നു പറഞ്ഞിരുന്നു, എന്നാൽ അതിനു പിന്നാലെ പൊതുഇടങ്ങളിൽ തന്റെ ചർമാവസ്ഥയെക്കുറിച്ച് ആളുകൾ നിരന്തരം സംസാരിച്ചതിനെക്കുറിച്ച് പറയുകയാണ് യാമി. 

ഷൂട്ടിലും മറ്റും തന്നെ കാണുമ്പോൾ ചർമത്തെ മേക്കപ്പും മറ്റുമിട്ട് മറയ്ക്കേണ്ടതിനെക്കുറിച്ച് ആളുകൾ പറയുമെന്ന് പറയുകയാണ് യാമി. അത് തന്നെ ഏറെ ബാധിച്ചിരുന്നു. വർഷങ്ങളോളം എടുത്താണ് ആ ചർമത്തെ സ്വീകരിക്കാനും ആത്മവിശ്വാസത്തോടെ ഇരിക്കാനും കഴിഞ്ഞത്.-യാമി പറഞ്ഞു.

അന്ന് ചർമത്തെക്കുറിച്ച് പോസ്റ്റ് എഴുതുന്നത് തന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരുന്നില്ല, മറിച്ച് അത് സ്വാതന്ത്ര്യം പകരുകയായിരുന്നു. ചർമാവസ്ഥയെക്കുറിച്ച് തിരിച്ചറിയുകയും അതിനെക്കുറിച്ച് പോസ്റ്റ് പുറത്തുവിടുകയും ചെയ്യുന്ന വരെയുള്ള യാത്രയായിരുന്നു വെല്ലുവിളി- യാമി പറയുന്നു.

കൗമാരക്കാലം മുതൽ താൻ കെരാറ്റോസിസ് പിലാരിസ് എന്ന അവസ്ഥയിലൂടെ കടന്നുപോവുകയാണ് എന്നു പറഞ്ഞാണ് അന്ന് യാമി കുറിപ്പ് പങ്കുവെച്ചത്. ചർമം കെരാറ്റിൻ കൂടുതൽ ഉത്പാദിപ്പിക്കുക വഴി ചെറിയ കുരുക്കളും പാടുകളും ചർമത്തിൽ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിത്. കൈകളിലും തുടകളിലും മുഖത്തുമൊക്കെയാണ് ഇവ കൂടുതൽ കാണാറുള്ളത്. ഇതേക്കുറിച്ചാണ് യാമി തുറന്നുപറഞ്ഞത്.

ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ള തന്റെ ചിത്രങ്ങളിലുള്ള പാടുകൾ മറയ്ക്കുന്ന നടപടിക്രമത്തിനിടെയാണ് ഈ അവസ്ഥയെ സ്വീകരിക്കാനും തുറന്നുപറയാനും തീരുമാനിച്ചതെന്ന് യാമി പറയുന്നു. കൗമാരക്കാലം മുതലുള്ള ഈ പ്രശ്നം ഇതുവരെ പരിഹാരമായിട്ടില്ല. വർഷങ്ങളായി കടന്നുപോകുന്ന അവസ്ഥയോടുള്ള എല്ലാ ഭയത്തേയും അരക്ഷിതാവസ്ഥയേയും പുറംതള്ളി പൂർണമനസ്സോടെ കുറവുകളെ സ്നേഹിക്കാനും സ്വീകരിക്കാനും ഒടുവിൽ കഴിഞ്ഞു. ഈ സത്യം നിങ്ങളോട് തുറന്നുപറയാനുള്ള ധൈര്യവും താൻ കണ്ടെത്തി. ചർമത്തി‍ലെ പാടുകൾ മറയ്ക്കാനോ കണ്ണിനു താഴെയുള്ള ഭാഗം മനോഹരമാക്കാനോ അരക്കെട്ട് പാകപ്പെടുത്തി അവതരിപ്പിക്കാനോ തോന്നുന്നില്ല. എന്നിട്ടും അവ സുന്ദരമായിരിക്കുന്നു- യാമി കുറിച്ചു.

Content Highlights: yami gautam, keratosis pilaris, yami gautam skin disease, bollywood news