രസ്യചിത്രങ്ങളിലൂടെയും സിനിമാ-സീരിയലുകളിലൂടെയും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് നടി യാമി ഗൗതം. ഇപ്പോൾ‌ യാമി വാർത്തയിൽ നിറയുന്നത് താൻ കടന്നുപോയിക്കൊണ്ടിരിക്കുന്ന ശാരീരികാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞാണ്. കെരാറ്റോസിസ് പിലാരിസ് എന്ന ചർമത്തെ ബാധിക്കുന്ന അവസ്ഥയെക്കുറിച്ചും ഒടുവിൽ അതിനെ ഉൾക്കൊള്ളാൻ ശ്രമിച്ചതിനെക്കുറിച്ചും തുറന്നു പറയുകയാണ് യാമി.

കൗമാരക്കാലം മുതൽ താൻ ഈ അവസ്ഥയിലൂടെ കടന്നുപോവുകയാണെന്നു പറയുന്നു യാമി. ചർമം കെരാറ്റിൻ കൂടുതൽ ഉത്പാദിപ്പിക്കുക വഴി ചെറിയ കുരുക്കളും പാടുകളും ചർമത്തിൽ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിത്. കൈകളിലും തുടകളിലും മുഖത്തുമൊക്കെയാണ് ഇവ കൂടുതൽ കാണാറുള്ളത്. ഇതേക്കുറിച്ചാണ് യാമി തുറന്നുപറഞ്ഞിരിക്കുന്നത്.

ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ള തന്റെ ചിത്രങ്ങളിലുള്ള പാടുകൾ മറയ്ക്കുന്ന നടപടിക്രമത്തിനിടെയാണ് ഈ അവസ്ഥയെ സ്വീകരിക്കാനും തുറന്നുപറയാനും തീരുമാനിച്ചതെന്ന് യാമി പറയുന്നു. കൗമാരക്കാലം മുതലുള്ള ഈ പ്രശ്നം ഇതുവരെ പരിഹാരമായിട്ടില്ല. വർഷങ്ങളായി കടന്നുപോകുന്ന അവസ്ഥയോടുള്ള എല്ലാ ഭയത്തേയും അരക്ഷിതാവസ്ഥയേയും പുറംതള്ളി പൂർണമനസ്സോടെ കുറവുകളെ സ്നേഹിക്കാനും സ്വീകരിക്കാനും ഒടുവിൽ കഴിഞ്ഞുവെന്നു പറയുകയാണ് യാമി.

ഈ സത്യം നിങ്ങളോട് തുറന്നുപറയാനുള്ള ധൈര്യവും താൻ കണ്ടെത്തിയെന്ന് യാമി കുറിക്കുന്നു. ചർമത്തി‍ലെ പാടുകൾ മറയ്ക്കാനോ കണ്ണിനു താഴെയുള്ള ഭാഗം മനോഹരമാക്കാനോ അരക്കെട്ട് പാകപ്പെടുത്തി അവതരിപ്പിക്കാനോ തോന്നുന്നില്ല. എന്നിട്ടും അവ സുന്ദരമായിരിക്കുന്നു എന്നും യാമി കുറിക്കുന്നു.

Content Highlights: Yami Gautam Discusses The Incurable Skin Condition She’s Been Dealing With