പുസ്തകങ്ങളായിരുന്നു കാസര്‍കോട് ചെറുവത്തൂരിന് സമീപം കൊടക്കാട് സ്വദേശി സതിയ്ക്ക് എന്നും കൂട്ട്. ജന്മനാ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ചതിനാല്‍ നാലാം ക്ലാസ് വരെ മാത്രമായിരുന്നു സതിയുടെ വിദ്യാഭ്യാസം. പിന്നീടങ്ങോട്ട് സതിയുടെ ജീവിതം മുഴുവന്‍ പുസ്തകങ്ങള്‍ക്കും വായനയ്ക്കുംവേണ്ടി നീക്കി വെച്ചു. അധ്യാപകനായിരുന്ന അച്ഛന്‍ സിവിക് കൊടക്കാടാണ് സതിയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് കയറ്റിയത്.

കലാസാഹിത്യമേഖലകളിലെ സതിയുടെ സംഭാവനകള്‍ മുന്‍ നിര്‍ത്തി 2020-ലെ ഭിന്നശേഷിക്കാരുടെ സര്‍ഗാത്മക വ്യക്തിത്വത്തിന് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം സതിയെ തേടിയെത്തിയിരിക്കുകയാണ്. ഡിസംബര്‍ 3-ന് ഭിന്നശേഷി ദിനത്തില്‍ ന്യൂഡല്‍ഹിയില്‍വെച്ചാണ് പുരസ്‌കാരം സമ്മാനിക്കുക. 

ആദ്യകാലങ്ങളില്‍ പുസ്തകങ്ങള്‍ വായിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്. പിന്നീട് വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് ചെറിയ കുറിപ്പുകള്‍ എഴുതാന്‍ തുടങ്ങി. ഇത്തരത്തില്‍ വായിച്ച 2740-തോളം പുസ്തകങ്ങളുടെ കുറിപ്പുകള്‍ ഇതുവരെ തയ്യാറാക്കിയിട്ടുണ്ട്. ആറു ബുക്കുകളിലായാണ് ഈ കുറിപ്പുകള്‍ തയ്യാറാക്കിയിരിക്കുന്നത്. 3000-ല്‍ പരം പുസ്തകങ്ങള്‍ ഇതുവരെ വായിച്ചിട്ടുണ്ട്-സതി പറഞ്ഞു. 

ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ആകാശവാണിയിലും കഥകളും കവിതകളും സതി എഴുതാറുണ്ട്. 

നാലാം ക്ലാസ് വരെ മാത്രമെ പഠിച്ചിട്ടുള്ളുവെങ്കിലും അതൊന്നും തന്റെ വായനയെ പരിമിതപ്പെടുത്തിയിട്ടില്ലെന്ന് സതി പറഞ്ഞു. വീടിനടുത്തുള്ള സ്‌കൂളിലാണ് പഠിച്ചത്. അച്ഛന്‍ അപ്പോള്‍ അവിടെ അധ്യാപകനായി ഉണ്ടായിരുന്നു. എന്നും സതിയെ എടുത്തുകൊണ്ടുപോയി അവിടെ ക്ലാസില്‍ ഇരുത്തും. പഠനത്തില്‍ മിടുക്കിയായിരുന്നെങ്കിലും പരിമിതമായ വാഹന സൗകര്യം അകലെയുള്ള സ്‌കൂളില്‍ പഠനം തുടരുന്നതിന് തടസ്സമായി നിന്നു. അങ്ങനെ വീടിനുള്ളിലേക്ക് ചുരുക്കപ്പെട്ട സതിയുടെ ജീവിതത്തില്‍ അച്ഛന്‍ നിഴലായി കൂടെ നിന്നു. വീടിന് സമീപത്തുള്ള ബാലകൈരളി ഗ്രന്ഥാലയത്തില്‍ കുട്ടികള്‍ക്കുള്ള അംഗത്വം അച്ഛന്റെ നേതൃത്വത്തില്‍ എടുത്തുനല്‍കി. പിന്നീട് മുതിര്‍ന്നപ്പോള്‍ മുതിര്‍ന്നവരുടെ അംഗത്വത്തിലേക്ക് മാറുകയായിരുന്നു.
കുട്ടികാലത്തുതന്നെ 360 ബാലസാഹിത്യകൃതികള്‍ വായിച്ച് തീര്‍ത്ത് അത്ഭുതം തീര്‍ത്തു സതി. 

മലയാളത്തിലെ മിക്ക എഴുത്തുകാരുമായും ഹൃദയബന്ധം സൂക്ഷിക്കുന്നുണ്ട് അവര്‍. പ്രമുഖ എഴുത്തുകാരുടെ ഫോട്ടോകളും രചനകളും 'എന്റെ അമൂല്യനിധികള്‍' എന്ന പേരില്‍ അവര്‍ കാത്തുസൂക്ഷിക്കുന്നു. സതിയുടെ ജീവിതം വിവരിക്കുന്ന പാഠഭാഗം മൂന്നാം ക്ലാസിലെ മലയാളം, കന്നട പാഠാവലികളില്‍ 2008 മുതല്‍ 2013 വരെ ഉള്‍പ്പെടുത്തിയിരുന്നു. 'വായിച്ച് വായിച്ച് വേദന മറന്ന്' എന്ന പേരിലായിരുന്നു അത്. ഈ പാഠഭാഗം പഠിച്ച വിദ്യാര്‍ഥികള്‍ തനിക്ക് എഴുതിയ കത്തുകള്‍ അമൂല്യനിധി പോലെയാണ് സതി സൂക്ഷിച്ചുവെച്ചിരിക്കുന്നത്.

വായനയോടുള്ള താത്പര്യം പതിയെ രചനകളിലേക്കും വഴിമാറി. ചെറുകഥകളും കവിതകളും പ്രസിദ്ധീകരിച്ചു തുടങ്ങി. 'ഗുളിക വരച്ച ചിത്രങ്ങള്‍' എന്ന പേരില്‍ 2011-ല്‍ ആദ്യ കഥാസമാഹാരം പുറത്തിറങ്ങി. 14 കഥകളാണ് ഇതിലുണ്ടായിരുന്നത്. 2020-ല്‍ പായല്‍ ബുക്‌സ് പ്രസിദ്ധീകരിച്ച കാല്‍വരിയിലെ മാലാഖ എന്ന കവിതാ സമാഹാരവും സതിയുടെ പേരില്‍ പുറത്തിറങ്ങി. സതീഭാവം സഹഭാവം എന്ന പേരില്‍ സതിയെക്കുറിച്ചുള്ള ഡോക്യുമെന്ററി 2021-ല്‍ പുറത്തുവന്നു. 2020-ലെ വിരല്‍ സാഹിത്യവേദി പുരസ്‌കാരവും സതിയെ തേടിയെത്തി. സതി രചിച്ച മൂന്ന് സംഗീത ആല്‍ബങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതില്‍ ഒന്നില്‍ അഭിനയിക്കുക കൂടി ചെയ്തിട്ടുണ്ട് ഈ 44-കാരി. 

ഇടയ്ക്ക് ചിത്രരചനയിലേക്ക് കടന്നെങ്കിലും ശാരീരിക അവശതകള്‍ അതിന് തടസ്സമായി നിന്നു. കൈകളില്‍ പേന പിടിച്ച് എഴുതാന്‍ കഴിയാത്തതിനാല്‍ ഇപ്പോള്‍ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പുകള്‍ മൊബൈല്‍ ഫോണിന്റെ സഹായത്തോടെയാണ് തയ്യാറാക്കുന്നത്. നേരത്തെ മുഴുവനും സ്വന്തം കൈകള്‍ കൊണ്ട് എഴുതി തയ്യാറാക്കുകയായിരുന്നു പതിവ്. 

ശാരീരിക പരിമിതികള്‍ ഉണ്ടെങ്കിലും നാട്ടിലെ കലാസാഹിത്യ പരിപാടികളില്‍ നിറസാന്നിധ്യമാണ് സതി. 
മൂന്ന് സഹോദരങ്ങളാണ് സതിയ്ക്കുള്ളത്. അമ്മ എം.വി. പാട്ടിയ്ക്കും സഹോദരന്റെ കുടുംബത്തിനൊപ്പവുമാണ് സതി താമസിക്കുന്നത്.

Content highlights: writer mv sathi got national award social justice and empowerment