രക്തത്തില്‍ വാര്‍ന്നു കിടക്കുന്ന മകളെ കണ്ട് അച്ഛന്‍ മരിക്കുക. മകളാണ് അച്ഛന്റെ മരണത്തിന് കാരണമെന്ന പഴി കേട്ട് ജീവിക്കേണ്ടി വരിക.. തീകനല്‍ നിറഞ്ഞ ജീവിത പാതയിലൂടെയാണ് ഇന്‍ഷ ഖ്വാജയുടെ ജീവിതം കടന്നു പോയത്. എന്നാല്‍ ഇന്ന് മാനസിക ആരോഗ്യത്തെ കുറിച്ച് തുറന്ന് സംസാരിക്കുന്ന എഴുത്തുകാരി കൂടിയാണ് ഇന്‍ഷ. ''ഫൈന്‍ഡിങ്ങ് ദ ലോസ്റ്റ് യു'' എന്ന പുസ്തകം നിരവധി സ്ത്രീകള്‍ക്കാണ് പ്രചോദനം നല്‍കിയത്.  ഹ്യൂമന്‍സ് ഓഫ് ബോംബൈ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്‍ഷ

''ജമ്മുവിലേക്ക് തിരികെ ഞാനും എന്റെ അച്ഛനും ഡ്രൈവ് ചെയ്ത് വരികയായിരുന്നു. കൂട്ടിന് കശ്മീരി ഗാനങ്ങളുമുണ്ടായിരുന്നു. യാത്രക്കിടയില്‍ മയങ്ങി പോയ ഞാന്‍ വലിയൊരു ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ഞങ്ങളുടെ കാറും ഒരു ട്രക്കും തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായിരിക്കുന്നു. രക്തത്തില്‍ മുങ്ങിയ എനിക്ക് ശ്വസിക്കാനും സാധിക്കുന്നില്ല. എന്റെ അച്ഛന് കാര്യമായ പരിക്കുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ എന്നെ കണ്ടതും അദ്ദേഹം ആകെ വിളറി പോയി. എനിക്ക് കുഴപ്പമില്ലെന്ന് അദ്ദേഹത്തിനോട് പറഞ്ഞു. ഇതിന് ശേഷം എന്റെ ബോധം പോയി.

ഉണര്‍ന്നപ്പോള്‍ ഞാന്‍ ആശുപത്രിയിലായിരുന്നു. കഴിഞ്ഞ 2 ആഴ്ച്ചയോളമായി ഞാന്‍ ഹോസ്പിറ്റലിലായിരുന്നുവെന്ന് അപ്പോഴാണ് അറിയാന്‍ സാധിച്ചത്. ഞാന്‍ എന്റെ അച്ഛനെ അന്വേഷിച്ചു കൊണ്ടിരുന്നു. എന്നാല്‍ എനിക്ക് അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല. ഡിസ്ച്ചാര്‍ജിന് ശേഷം അമ്മ എന്നെ മുത്തശ്ശിയുടെ അടുത്തേക്ക് മാറ്റി. അവിടെ നിന്നാണ് എന്റെ അച്ഛന്‍ മരണപ്പെട്ട വിവരം ഞാന്‍ അറിയുന്നത്. രക്തത്തില്‍ കുളിച്ച് കിടക്കുന്ന എന്നെ കണ്ട് അദ്ദേഹത്തിന് ഹൃദയാഘാതം വരികയായിരുന്നുവെന്ന വിവരം എന്നെ വല്ലാതെ ഉലച്ചു. ഞാന്‍ കാരണമാണ് അച്ഛന്‍ മരിച്ചതെന്ന് പോലും പലരും പറഞ്ഞു. ഇതെന്നെ തകര്‍ത്തു കളഞ്ഞു.

മാസങ്ങളോളം ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും ഞാന്‍ കഴിച്ചു കൂട്ടി. തുടര്‍ച്ചയായ നെഞ്ചു വേദനയും തലകറക്കവും കാരണം ഡോക്ടറുടെ സഹായം തേടിയപ്പോളാണ് എനിക്ക് ക്ലിനിക്കല്‍ ഡിപ്രഷനാണെന്ന് മനസിലാക്കിയത്. തുടര്‍ന്ന് ഇതിന് ചികിത്സ ആരംഭിച്ചു. പിന്നീട് അച്ഛന് ഇഷ്ടമുണ്ടായിരുന്ന മെഡിസിന്‍ പഠനം തന്നെ ഞാന്‍ തിരഞ്ഞെടുത്ത് പഠിക്കാന്‍ ആരംഭിച്ചു

എന്നാല്‍ പ്രധാന പരീക്ഷയുടെ 2 മാസം മുന്‍പ് എന്റെ ശരീരം തളര്‍ന്നു പോയി. ശരീരം അനക്കാനാവാതെ സംസാരിക്കാന്‍ കഴിയാത്ത അവസ്ഥ. ഗുരുതരമായ ഡിപ്രഷന്‍ മൂലമാണ് എനിക്കിത് സംഭവിച്ചത്. ഷോക്ക് ട്രീറ്റ്‌മെന്റ് കൊണ്ട് മാത്രമേ പഴയ പോലെ ആകാന്‍ സാധിക്കുവെന്ന് ഡോക്ടമാര്‍ അഭിപ്രായപ്പെട്ടു എന്നാല്‍ അതെനിക്ക് ഒരു ഉള്‍വിളി തന്നെ തന്നു മരുന്നുകളുടെ സഹായമില്ലാതെ ധൈര്യമായി നില്‍ക്കണമെന്ന് മനസ്സില്‍ ഉറപ്പിച്ചു. ഒരു സ്പീച്ച് തെറാപ്പിസ്റ്റിന്റെയും മരുന്നുകളുടെയും സഹായത്താല്‍ ഞാന്‍ ആരോഗ്യവതിയായി. ഇതൊരു അത്ഭുതമാണെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്.

സ്പീച്ച് തെറാപ്പിസ്റ്റ് എന്റെ ചിന്തകള്‍ എഴുതി വെയ്ക്കാന്‍ ചികിത്സ കാലയളവില്‍ നിര്‍ദേശിച്ചിരുന്നു. ഒരു സുഹൃത്ത് ഇതെല്ലാം പുസ്തമാക്കാനുള്ള ധൈര്യവും  തന്നു. ഞാന്‍ കൂടുതല്‍ എഴുതാന്‍ തുടങ്ങി. എന്റെ ഓര്‍മ്മകള്‍ എഴുതുന്നത് ഒട്ടും തന്നെ എളുപ്പമായിരുന്നില്ല. പലപ്പോഴും ഞാന്‍ കരഞ്ഞു പോയിരുന്നു. എന്നാല്‍ എന്റെ അനുഭവങ്ങള്‍ ആര്‍ക്കെങ്കിലും മുറിവുകള്‍ ഉണക്കാന്‍ സഹായിക്കുമെങ്കില്‍ എന്നോര്‍ത്തപ്പോള്‍ തുടങ്ങിയ ദൗത്യത്തില്‍ മുന്നോട്ട് പോവുകയായിരുന്നു.

പ്രസാധകരെ കിട്ടുവാനായി ഒരുപാട് കഷ്ടപ്പെട്ടിരുന്നു അവസാനം 2018ല്‍ ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു മീഡിയ ഹൗസ് ഫൈന്‍ഡിങ്ങ് ദ ലോസ്റ്റ് യു എന്ന എന്റെ പുസ്തകം പ്രസിദ്ധീകരിച്ചു. ഇതിനു ശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീകള്‍ എനിക്ക് നന്ദി അറിയിച്ചുകൊണ്ട് വിളിച്ചു. ചിലര്‍ കത്തുകള്‍ അയച്ചു. 

മാനസിക ആരോഗ്യത്തെ കുറിച്ച് തുറന്ന് പറയാന്‍ മടിക്കുന്ന സമൂഹത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. അതു കൊണ്ട് തന്നെ മാനസിക ആരോഗ്യത്തെ കുറിച്ച് ഞാന്‍ കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങി. അതിനെ കുറിച്ച് എന്നോട് സംസാരിക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് അതിനുള്ള അവസരവും നല്‍കി

ഒരുപാട് പേരോട് ഈ വിഷയങ്ങളെ കുറിച്ച് ധാരാളം സംസാരിക്കുമ്പോള്‍ ഞാന്‍ എല്ലാം മറക്കുകയായിരുന്നു. എന്റെ മുറിവുകള്‍ ഉണങ്ങാന്‍ 10 വര്‍ഷങ്ങളെടുത്തു. ഇപ്പോഴും ഞാന്‍ അതിജീവന പാതയിലാണ്. പക്ഷ സ്വയം സ്‌നേഹിക്കാനും ജീവിക്കാനും എനിക്ക് വീണ്ടും ഒരവസരം ലഭിച്ചിരിക്കുകയാണ്''.

Content Highlights: Writer Insha kwaja